കോവിഡ് 19: ശ്രദ്ധിക്കേണ്ടത് : പനി, തൊണ്ടവേദന, ചുമ

 

പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ് വേണ്ടത്. രോഗബാധിതര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം. ഈ സ്രവങ്ങളില്‍ സ്പര്‍ശിക്കാനിടയായാല്‍ കൈകളില്‍ നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാന്‍ വേണ്ടിയാണ് കൈകള്‍ കഴുകണമെന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(Hand Wash). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍
എന്താണ് ഹാന്‍ഡ് വാഷിങ്ങ് അഥവാ കൈ കഴുകല്‍ ?സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയുന്നതിന് ഇടയ്ക്കിടക്ക് സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകേണ്ടതാണ്.
സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈകളുടെ ഉള്‍ഭാഗം, പുറംഭാഗം, വിരലുകള്‍, വിരലുകള്‍ക്കിടയിലുള്ള ഭാഗം, മണിബന്ധം എന്നിവിടങ്ങള്‍ ശരിയായ രീതിയില്‍ ശുചിയാകേണ്ടതുണ്ട് .
കൈകള്‍ തുടയ്ക്കുന്നതിനായി ഓരോരുത്തരും വേവ്വേറെ ടവലുകള്‍ ഉപയോഗിക്കുക.
ഓര്‍ക്കുക !
ടാപ്പ് തുറന്നു (ടാപ്പ് ആവശ്യത്തിനു വെള്ളം മാത്രം വരുന്ന രീതിയില്‍ ക്രമീകരിക്കുക ) കൈകള്‍ ആവശ്യത്തിനു നനച്ച ശേഷം സോപ്പോ ഹാന്‍ഡ് വാഷോ കൈയില്‍ എല്ലാ ഭാഗത്തും പുരട്ടുക.
കൈ വെള്ളകള്‍ തമ്മില്‍ ചേര്‍ത്ത് തിരുമ്മുക, ഉരസുമ്പോള്‍ കൈവെള്ളയിലെ എല്ലാ ഭാഗത്തും സോപ്പ് എത്തുന്നു എന്ന് ഉറപ്പു വരുത്തണം.
ഒരു കയ്യുടെ വെള്ള കൊണ്ട് അടുത്ത കയ്യുടെ പുറം ഭാഗം ഉരച്ചു കഴുകുക. മറ്റു കയ്യിലും ഇത് ആവര്‍ത്തിക്കുക.
കൈ വിരലുകള്‍ കോര്‍ത്ത് പിടിച്ചു കൈ വെള്ളകള്‍ ചേര്‍ത്ത് ഉരച്ചു കഴുകുക.
കൈ വിരലുകളുടെ അഗ്രഭാഗം കോര്‍ത്ത് പിടിച്ചു ഉരച്ചു കഴുകുക. ഇതിന്റെ കൂടെ തന്നെ കൈവിരലുകളുടെ മുട്ടുകള്‍ കഴുകേണ്ടാതാണ്.
തള്ള വിരലുകള്‍ മറ്റു കൈപ്പത്തിയുടെ ഉള്‍ഭാഗത്ത് വരുന്ന വിധം പിടിച്ചു വൃത്താകൃതിയില്‍ തിരിച്ചു കൊണ്ട് ഉരച്ചു കഴുകുക, ഇത് രണ്ടു കയ്യിലും മാറി മാറി ചെയ്യേണ്ടതാണ്.
കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച വിരലുകളുടെ അഗ്രഭാഗം നഖം ഉള്‍പ്പെടെ മറ്റു കയ്യുടെ വെള്ളയില്‍ ഉരച്ചു കഴുകുക, ഇത് മറ്റു കയ്യില്‍ ആവര്‍ത്തിക്കുക.
കൈകള്‍ ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് കഴുകി സോപ്പ്, പത എന്നിവ കളയുക.
കൈകള്‍ വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക, ഇതേ ടവല്‍ കയ്യില്‍ പിടിച്ചു കൊണ്ട് തന്നെ ടാപ്പ് അടയ്ക്കുക, ടാപ്പിന്റെ അടപ്പില്‍ ഉള്ള രോഗാണുക്കള്‍ കയ്യില്‍ പറ്റാതെ ഇരിക്കാനാണ് ഇത്. 20 സെക്കന്റ് എങ്കിലും നീണ്ടു നില്‍ക്കുന്ന കൈകഴുകല്‍ ആണ് ഏറ്റവും ഫലവത്തായത്.
ടവലുകള്‍ ഒന്നിലധികം തവണ അല്ലെങ്കില്‍ ഒന്നിലധികം ആളുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക

കാര്‍ട്ടൂണ്‍ : ശിവദാസ് വാസു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!