കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക

കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക

(മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്) സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നിയമിക്കും .

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും, സൂപ്രണ്ട് ഓഫീസും ജൂലൈ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു . മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഡിഎംഇ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഒപി ആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകള്‍ക്ക് അടിയന്തിര അംഗീകാരം തേടി സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. എന്‍എച്ച്എമ്മില്‍ നിന്നും നിയമനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ എത്തിക്കുമെന്നും ഡിഎംഇ ഡോ. റംല ബീവി യോഗത്തെ അറിയിച്ചു. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ഡിഎംഇ പറഞ്ഞു. പരിസ്ഥിതി അനുമതി വ്യവസ്ഥകളോടെ വാങ്ങിയെടുക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടല്‍ നടത്താനും യോഗം തീരുമാനിച്ചു.

എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ
—————————————————————
ഫര്‍ണിച്ചറുകള്‍ക്കും, അനുബന്ധ ഉപകരണങ്ങള്‍ക്കുമായി പണം ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും തീരുമാനിച്ചു. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കുമെന്ന് എംഎല്‍എ ജനീഷ് കുമാര്‍ യോഗത്തെ അറിയിച്ചു. ജീവനക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജ് റോഡില്‍ അടിയന്തിര പാച്ച് വര്‍ക്ക് നടത്താന്‍ പിഡബ്ല്യുഡിക്ക് കത്ത് നല്‍കും. ദുര്‍ഘടമായ ഭാഗങ്ങളില്‍ പൂട്ടുകട്ട പാകുമെന്ന് എംഎല്‍എ അറിയിച്ചു.
മെഡിക്കല്‍ കോളജിലേക്ക് വാഹന സൗകര്യം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കും. വെള്ളം എത്തിക്കുന്നതിന് താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശം അടുത്ത കിഫ്ബി ബോര്‍ഡില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും, നിശ്ചയിച്ച പ്രകാരം ഓഗസ്റ്റില്‍ ഒപി ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡിഎംഇ ഡോ. റംല ബീവി, മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.തോമസ് മാത്യു, ഡോ. മംഗളം, സ്‌പെഷല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശ്രീകുമാര്‍, പ്ലാനിംഗ് ഓഫീസര്‍ കുഞ്ഞിമുഹമ്മദ്, നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!