ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജൂണ്‍ മാസത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ 17 സ്ഥാപനങ്ങള്‍ക്ക് 145000 രൂപ പിഴ ഈടാക്കി. ഇവയില്‍ ജോളിഫുഡ് പ്രോടക്ട്‌സ്-(20000), ലിയാന്‍സ് ബേക്കറി, തിരുവല്ല-(25000), അനന്തുഹോട്ടല്‍, പെരുമ്പുഴ-(15000), ഇന്ത്യ കോഫീ ഹൗസ്, തിരുവല്ല-(10000), വൈറ്റ്‌പോര്‍ട്ടിക്കോ ഹോട്ടല്‍, അടൂര്‍-(10000), ജെ-മാര്‍ട്ട് അറേബ്യന്‍ ഹോട്ടല്‍, പത്തനംതിട്ട-(20000), ബാര്‍ബിക്യു ഫാമിലി റസ്‌ടോറന്റ്, തിരുവല്ല-(7000), ബൂസ്റ്റ് മുരുഗന്‍ തട്ടുകട, കുമ്പഴ-(7000), മാതാ റസ്‌റ്റോറന്റ്, മല്ലപ്പള്ളി-(5000), എസ്.എന്‍.ബേക്കറി, പന്തളം-(6000), ഹോട്ടല്‍ മാന്ന-വിക്ടോറിയ, മഞ്ഞാടി-(3000), ഹോട്ടല്‍ ഗ്രീന്‍ വാലി, ഉതിമൂട്-(3000), മറിയം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, പത്തനംതിട്ട-(3000), ഹോട്ടല്‍ പ്ലാസ, അടൂര്‍-(2000), ഹോട്ടല്‍ ടേയ്സ്റ്റ് മലബാര്‍, തിരുവല്ല-(5000) എന്നിവ ഉള്‍പ്പെടുന്നു.
ജൂണ്‍ മാസം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ച വിവിധ ഭക്ഷണ സാധനങ്ങളുടെ 19 ഭക്ഷ്യ സാമ്പിളുകളില്‍ അഞ്ച് എണ്ണം ആരോഗ്യത്തിനു ഹാനീകരമായ തരത്തില്‍ സുരക്ഷിതമല്ല എന്നും രണ്ടെണ്ണം വേണ്ടത്ര ലേബല്‍ വിവരണങ്ങളില്ലാതെ മിസ്ബ്രാണ്ടഡ് എന്ന തരത്തിലും പരിശോധന ഫലങ്ങള്‍ ലഭ്യമായിട്ടുണ്ട്. റസ്‌ക്, മിക്‌സ്ചര്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ പൊതുവേ ഹാനികരമായ തരത്തില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതായി പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹാനികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ചു വിതരണം നടത്തിയവര്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടികള്‍ നടന്നു വരുകയാണ്.
ജില്ലയിലെ വിവിധ സോഡാ നിര്‍മ്മാണ യുണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഒമ്പത് യുണിറ്റുകള്‍ക്ക് നോട്ടീസ് നല്‍കുകയും ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തു. സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകളും കാന്റീനുകളും, ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കാന്റീനുകള്‍, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങള്‍, റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഭക്ഷ്യ ഉല്‍പ്പാദന-വിതരണ-ശേഖരണ സ്ഥാപങ്ങളും ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വരും ദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.