Trending Now

പെരുത്ത് പുണ്യം

 

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു നജീബിനെ കാണുവാന്‍ പോകണം ഇന്ന് ചെല്ലാമെന്നു വാക്ക് പറഞ്ഞിട്ട് പോന്നതാണ് ചെന്നില്ലെങ്കില്‍ അതുമതി പഹയന് ഹാലിളകാന്‍ പിന്നെ അടുത്ത ഷോക്ക് ട്രീറ്റുമെന്‍റിനുള്ള കാരണമാകാനും മതി….

ഭാര്യയെയും മക്കളെയും വീട്ടിലാക്കിയിട്ട് ജോജി നേരെ ടൌണിലേക്ക് പോയി അവന്‍റെ നോര്‍മല്‍ അല്ലാത്ത ബുദ്ധിയില്‍ തെളിഞ്ഞത് ശരിയാണങ്കില്‍ ഇന്നാണ് നജീബിന്‍റെ ജന്മദിനം

” പഹയന് എന്താപ്പാ ഒരു സമ്മാനം വാങ്ങുക…’
“ഇക്കാക്കാ’
” ഈ വരുന്ന ചെറിയ പെരുന്നാളിന് എനിക്കൊരു പുതിയ മുണ്ടും കുപ്പായവും വാങ്ങി തരുമോ,,,,? ‘
‘പുതിയത് ഉടുക്കാനുള്ള പൂതി കൊണ്ടാണ്’

രണ്ടാഴ്ച മുമ്പ് അവനെ കാണുവാന്‍ ചെന്നപ്പോള്‍ പറഞ്ഞതു ഓര്‍മ്മയിലെത്തി പിന്നൊന്നും ആലോചിച്ചില്ല അടുത്ത് കണ്ട ടെക്സ്റ്റയില്‍സില്‍ കയറി ഒരു മുണ്ടും നീലക്കളറിലുള്ള ഒരു ഷര്‍ട്ടും വാങ്ങി ഇന്നു കമ്പനി അടവായതുകൊണ്ട് കമ്പനി വക വണ്ടിയെടുക്കുവാന്‍ പറ്റില്ല അതുകൊണ്ട് ബസ്സില്‍ പോകണം, ആദ്യം കണ്ട ബസ്സിന് കൈകാണിച്ചു ബസ്സിനുള്ളില്‍ നല്ല തിരക്കായിരുന്നു അതുകൊണ്ട് കമ്പിയില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കേണ്ടിവന്നു…

നടുവും പുറവും പൊട്ടിപോകുന്ന അവസ്ഥ
ഭാഗ്യം
കുറച്ചുപേര്‍ അടുത്ത ജംഗ്ഷനില്‍ ഇറങ്ങിയതുകൊണ്ട് ഒരു ഇരിപ്പിടം തരപ്പെട്ടു….
കൈയിലെ പാക്കറ്റ് മടിയില്‍ വെച്ചശേഷം സ്വസ്ഥമായൊന്നു നടുനിവര്‍ത്തി
“ഈ സമ്മാനം പഹയന് ഇഷ്ടമാവുമോ എന്തോ !’
“അല്ലെങ്കിലും അവന് എന്ത് ഇഷ്ടാനിഷ്ടങ്ങള്‍’
“കിട്ടുന്നതെന്തും വാരി വലിച്ച് കഴിക്കും,’

തന്‍റെ ശരീരത്തിന് ഇണങ്ങാത്ത വസ്ത്രങ്ങളാണ് ഉള്ളതില്‍ അധികവും, അവനോട് ചങ്ങാത്തം കൂടുന്നതുകൊണ്ട് തനിക്കും വട്ടാണന്നാണ് സുഹൃത്തുക്കളില്‍ പലരും പറയുന്നത് എന്നിരുന്നാലും അവനോട് സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല ലോകത്തിലുള്ള സര്‍വ്വതിനെപ്പറ്റിയും നല്ല അറിവാണ് പഹയന് ചിലപ്പോള്‍ തോന്നും ലോകത്തിലെ ഏറ്റവും നോര്‍മലായ വ്യക്തിയും ബുദ്ധിമാനും നജീവാണെന്നു അപ്പോള്‍ അവന്‍ പറയുന്ന തത്വശാസ്ത്രങ്ങളൊന്നും തനിക്ക് മനസ്സിലാവില്ല…

മറ്റുചിലപ്പോള്‍ മറിച്ചും…

എവിടെ വച്ചായിരുന്നു ആ പഹയനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയത് രണ്ടു വര്‍ഷം മുമ്പുള്ള ഒരു ഡിസംബര്‍ മാസം ആണെന്നു തോന്നുന്നു നല്ല തണുപ്പുള്ള ഒരു വെള്ളിയാഴ്ച കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് നേരെ കമ്പനിയിലേക്കു പുറപ്പെട്ടു ഇന്ന് നേരത്തെ പണി തീര്‍ക്കണം എങ്കിലേ സമയത്തിന് കുട്ടികളെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യുവാന്‍ പറ്റുകയുള്ളു ഭാര്യയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത് എന്നാല്‍ ഒരാഴ്ചയായി അവള്‍ കിടപ്പിലാണ് രോഗത്തിനു ഒരുവിധം ശമനമുണ്ടെങ്കിലും ക്ഷീണം നന്നായിട്ടുണ്ട് ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നൊക്കെ തീര്‍ന്നിരിക്കുന്നു ഒത്തെങ്കില്‍ അവളെയുമൊന്നു ഡോക്ടറെ കാണിക്കണം കമ്പനിയില്‍ എത്തിയശേഷം റൊട്ടിയുടെ പാക്കറ്റുകള്‍ നിറച്ച കാര്‍ബോര്‍ഡ് പെട്ടികള്‍ ഓരോന്നായി കമ്പനി വക വണ്ടിയിലേക്ക് എടുത്തുവെച്ചു പട്ടണത്തിലെ പ്രാമുഖ സ്ഥാപനങ്ങളിലും, കടകളിലും ഓര്‍ഡര്‍ അനുസരിച്ചുള്ള റൊട്ടി സപ്ലേ ചെയ്യുക എന്നതായിരുന്നു എന്‍റെ അവിടുത്തെ ജോലി എല്ലാം കഴിഞ്ഞ് അവസാനമായിരുന്നു റൊട്ടിയുമായി ആ മാനസിക ആശുപത്രിയിലേക്ക് തിരിച്ചത് കഷ്ടിച്ച് മുറ്റത്ത് എത്തിയതേ വണ്ടിയുടെ ടയര്‍ പഞ്ചറായി ഇനി ഒരടി മുന്നോട്ട് നീങ്ങണമെങ്കില്‍ ആ ടയര്‍ മാറ്റിയിട്ട് വേറെയിടണം പരിഹാരം ഒന്നേയുള്ളു കേടായത് മാറ്റിയിട്ട് പകരം സ്റ്റെപ്പിനി ഇടുക ബോണറ്റ് തുറന്നു സ്റ്റെപ്പിനി പുറത്തെടുത്തശേഷം പഞ്ചറായ ടയറിന്‍റെ നാല് ബോള്‍ട്ടുകളും അഴിച്ച് ഒരു കോര്‍ണറില്‍ വെച്ചു അതിനുശേഷം വളരെ ആയാസപ്പെട്ട് സ്റ്റെപ്പിനി ഇടുന്നതിനിടയിലാണ് അത് സംഭവിച്ചത് തന്‍റെ കൈയ് തട്ടി കോര്‍ണറില്‍ വെച്ചിരുന്ന നാല് ബോള്‍ട്ടുകളും തൊട്ടടുത്തുള്ള ഓവുചാലിലേക്ക് തെറിച്ചു വീണിരിക്കുന്നു അതു കണ്ടുപിടിക്കുവാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായിരിക്കുന്നു

“ശെടാ ഇനിയെന്തു ചെയ്യും….?’
അടുത്തുള്ള വര്‍ഷോപ്പിലേക്ക് വിളിച്ചു പറയുകയേ രക്ഷയുള്ളൂ
“നാശം
“ഇന്നു രാവിലെ ആരെയാണാവോ കണികണ്ടത്’

പറഞ്ഞത് അല്പം ഉറക്കെയായിപ്പോയെന്നു തോന്നുന്നു പെട്ടന്നാണ് എവിടെനിന്നോ ഒരു പൊട്ടിച്ചിരി കേട്ടത്…

തിരിഞ്ഞുനോക്കിയപ്പോള്‍ ആശുപത്രി വരാന്തയില്‍ നിന്നുമായിരുന്നു അപ്പോഴായിരുന്നു ഇതുവരെയുള്ള തന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ചുകൊണ്ട് അയാള്‍ അവിടെ നില്‍ക്കുകയായിരുന്നുവെന്ന് മനസിലായത്..

ഒറ്റ നോട്ടത്തില്‍ തന്നെ ഇവിടുത്തെ അന്തേവാസിയാണന്നു മനസ്സിലായി..
.തന്നെ നോക്കി ബുദ്ധിയില്ലാത്ത കഴുത എന്നു പുലമ്പിക്കൊണ്ട് അയാള്‍ ആര്‍ത്തു ചിരിച്ചു…
പിന്നെ തന്‍റെ അടുക്കലേക്ക് നടന്നടുത്തു
“ഈശ്വരാ ആ വട്ടന്‍ എന്നെ വല്ലതും ചെയ്യുമോ ആവോ’

സഹായത്തിനാണെങ്കില്‍ ആരെയും കാണാനുമില്ല മനസ്സില്‍ വല്ലാത്തൊരു ഭയം ബാധിച്ചു എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്നെ നോക്കി സാധാരണ ശബ്ദത്തില്‍ അയാള്‍ മൊഴിഞ്ഞു

“ഒരു നിസാര പ്രശ്‌നം വരെ പരിഹരിക്കുവാനറിയാത്ത താനെന്തൊരു ഡ്രൈവറാടോ’

അയാളുടെ പരിഹാസത്തില്‍ പൊതിഞ്ഞ സംസാരരീതി തനിക്കത്രെ പിടിച്ചില്ല മുഷിഞ്ഞ് സംസാരിക്കാനും വയ്യ ഭ്രാന്തനല്ലെ എപ്പോഴാ സ്വഭാവം മാറുന്നതെന്ന് അറിയില്ലല്ലോ മാത്രമല്ല വട്ടിളകുമ്പോള്‍ അവര്‍ക്ക് ശാരീരിക ബലം കൂടുമെന്നും കേട്ടിട്ടുണ്ട് ആ നിലക്ക് അയാളെ പിണക്കാതെയിരിക്കുന്നതായിരിക്കും ബുദ്ധി…

.അതുകൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു
“നിസാര കാര്യമോ’
“പിന്നല്ലാതെ’ ,

ഇയാള്‍ക്ക് ശരിക്കും വട്ട് തന്നെ യാതൊരു സംശയവുമില്ല
കൂടുതല്‍ വൈലന്‍റെ ആകുന്നതിനുമുന്നേ സെക്യൂരിറ്റിയെ വിളിക്കുക അതിനായി സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി എന്നാല്‍ അവിടെ അയാളുണ്ടായിരുന്നില്ല…

അപ്പോള്‍ വീണ്ടും ആ ഭ്രാന്തന്‍റെ ശബ്ദം ചെവികളില്‍ മുഴങ്ങി

എടോ ഡ്രൈവറെ ബാക്കിയുള്ള മൂന്ന് ടയറുകളില്‍ നിന്നും ഓരോ ബോള്‍ട്ട് വീതം ഊരിയെടുത്തുകൊണ്ട് സ്റ്റെപ്പിനിയിടുക…

‘ അതുകഴിഞ്ഞ് വണ്ടി അടുത്തുള്ള വര്‍ഷോപ്പില്‍ കൊണ്ടുപോയി പുതിയ ടയറിടണം’
ഇത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്

ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ നടന്നുനീങ്ങി…..ഒരുനിമിഷം താന്‍ തീര്‍ത്തും ചെറുതായി പോകുന്നതുപോലെ തോന്നി വര്‍ഷങ്ങളായി ഡ്രൈവര്‍ പരിചയമുള്ള സ്വന്തം ബുദ്ധിയില്‍ തോന്നാത്ത ബോധോദയം…ആ ഭ്രാന്തന്‍റെ തലയില്‍ ഉദിച്ചിരിക്കുന്നു,,,

“ശെടാ ഇത്രയും ബുദ്ധി ഇയാള്‍ക്കുണ്ടെങ്കില്‍ പിന്നെയെങ്ങനയാ ഇവിടെയെത്തിപ്പെട്ടത്’
“ഇനി ഒരുപക്ഷേ അയാള്‍ ഭ്രാന്തന്‍ അല്ലായിരിക്കുമോ…..?’
“അവരെ സന്ദര്‍ശിക്കുവാനെത്തിയ സന്ദര്‍ശകരില്‍ ആരെങ്കിലുമായിരിക്കുമോ…?’
ഹേയ് ഒന്നു നില്‍ക്കൂ
“സത്യത്തില്‍ നിങ്ങള്‍ ആരാ’…..?
“ഒരു ഭ്രാന്തന്‍’
അയാള്‍ മറുപടി പറഞ്ഞു

പിന്നെ ആര്‍ത്തുചിരിച്ചുകൊണ്ട് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലന്ന മട്ടില്‍ നടന്നുനീങ്ങി ഈ പഹയന്‍ ആള് മോശക്കാരനല്ലല്ലോ താന്‍ ആരൊക്കെയോയാണന്നുള്ള അഹങ്കാരത്തിന്‍റെ ചിറകും കൂടിയാ ഒടിച്ചിരിക്കുന്നത് പിന്നീട് അയാളെപ്പറ്റി കൂടുതല്‍ അറിയണമെന്നു തോന്നി അങ്ങനെയാണ് അവിടുത്തെ അറ്റന്‍ററായ രാമേട്ടനോട് വിവരങ്ങള്‍ അന്വേഷിച്ചത്

“അര് നമ്മുടെ നജീബ് റഹ്മാനോ’
“ഓന്‍ ഇവിടെ വന്നിട്ട് വര്‍ഷം രണ്ടായിരിക്കുന്നു’
“നല്ല തറവാട്ടില്‍ പിറന്ന ചെക്കനാ,’
“ആവശ്യത്തിന് പഠിപ്പും വിവരവുമുണ്ട്’
“പറഞ്ഞിട്ടെന്താ ബുദ്ധി തിരിഞ്ഞു പോയി’
“പാരമ്പര്യമായി കിട്ടിയ വട്ടില്ലേ’
“അതാ ആ ചെക്കന്’
” ഓന്‍റെ ഉപ്പൂപ്പാനെ പണ്ട് ചങ്ങലക്കിട്ടതായിരുന്നു പോലും’
ഇപ്പോഴിതാ ഈ ചെക്കനും

തലയ്ക്ക് സ്ഥിരമില്ലാത്ത ഇളയ അനുജന്‍ വീട്ടില്‍ നില്‍ക്കുന്നത് ഏട്ടന്‍മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കുറച്ചിലാണു പോലും..

ഇപ്പോള്‍ രോഗത്തിന് നല്ല കുറവുണ്ട്
“പറഞ്ഞിട്ടെന്താ കാര്യം
ഏറ്റെടുക്കുവാന്‍ ആരെങ്കിലും വേണ്ടേ
“അല്ല ജോജീ’

“നീ ഈ പത്രവാര്‍ത്ത കണ്ടോ’
ഇന്നലത്തെ ഹര്‍ത്താല്‍ പ്രമാണിച്ച്
തലസ്ഥാന നഗരിയില്‍ രണ്ട് ബസ്സാണുപോലും കത്തിച്ചത് ഇതൊക്കെ കാണുമ്പോള്‍ വിചാരിക്കും
ഇതിനകത്തുള്ളവര്‍ പുറത്തുള്ളവരെക്കാള്‍ എത്രയോ’ ഭേദമാണന്നു

പറഞ്ഞിട്ടെന്താ കാര്യം…
ഇടക്കൊക്കെ ഓന്‍റെ ബാപ്പ കാണാന്‍ വരുമായിരുന്നു
ഇപ്പം അയാളെയും കാണാനില്ല മയ്യത്തായീന്നാ കേട്ടത്…
കുടുംബത്തുനിന്നും ആരെയും കാണാതാകുമ്പഴാ ചെക്കന് ഹാലിളകുന്നത്….

പിന്നീട് റൊട്ടിയുമായി വരുന്ന ദിവസങ്ങളിലെല്ലാം നജീബിനെ കാണുക പതിവാക്കി താന്‍ വരുന്ന ദിവസം അവന് നല്ലവണ്ണമറിയാം അന്നവന്‍ വലിയ സന്തോഷത്തിലായിരിക്കും വീടിനെ പറ്റിയും, വീട്ടുകാരെ പറ്റിയുമൊക്കെ വാതോരാതെ സംസാരിക്കും നജീബ് തനിക്ക് ആരൊക്കെയോ ആയി മാറുകയായിരുന്നു അവിടെ അവന്‍ മാത്രമായിരുന്നില്ല തനിക്ക് ചങ്ങാതിമാര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ടു നടക്കുന്ന രവിശങ്കറും, നാളെ നടക്കുവാനിരിക്കുന്ന മേത്രാഭിഷേകത്തിനായി ഒരുക്കങ്ങള്‍ കൂട്ടുന്ന തോമസ്സ് ചേട്ടനും തന്‍റെ മിത്രങ്ങളായിരുന്നു…തീര്‍ത്തും നിരുപദ്രകാരികള്‍… ഒരിക്കല്‍ സന്ദര്‍ശന സമയം കഴിഞ്ഞ് തിരിച്ച് പോരുവാന്‍ തുടങ്ങിയ തന്‍റെ കൈകളില്‍ അവന്‍ ബലമായി പിടിച്ചു നിര്‍ത്തി

“ഞാന്‍ ങ്ങളോടു ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ’
എന്താ നജീബ്…..?
‘ എപ്പോഴും എന്നെ വന്നു കാണാന്‍ ങ്ങള് മ്മടെ ആരാ…..?
” ശരിയാ ഞാന്‍ അവന്‍റെ ആരാ…?’
അതിനുള്ള ഉത്തരവും അവന്‍ തന്നെ കണ്ടെത്തി
“ന്‍റെ ഇക്കാക്ക’
അന്നുമുതല്‍ ഞാനവന് കൂടപ്പിറപ്പായ്

രാമേട്ടന്‍ പറഞ്ഞത് ശരിയായിരുന്നു അസുഖം മാറിയിട്ടും ഇല്ലാത്ത ചിത്തഭ്രമത്തിന്‍റെ പേരില്‍ കുടുംബാംഗങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവരില്‍ മിക്കവരും…..

ഹേയ് ഇറങ്ങുന്നില്ലേ…?
വണ്ടി സ്റ്റാഡിലെത്തി

തൊട്ടടുത്തിരുന്നയാള്‍ തോളില്‍ തട്ടിയപ്പോഴാണ് ചിന്തയില്‍ നിന്നുമുണര്‍ന്നത്

ബസില്‍ നിന്നും ഇറങ്ങിയശേഷം ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ചു ഓട്ടോ ആശുപത്രി മുറ്റത്ത് എത്തിയപ്പഴെ തന്നെ പ്രതീക്ഷിച്ചുകൊണ്ട് രാമേട്ടന്‍ അവിടെയുണ്ടായിരുന്നു

“നീയെന്താ ജോജി ഇത്രയും വൈകിയത്..?’

ആ പഹയന്‍ നേരമിത്രയായിട്ടും ജലപാനം വരെ കഴിച്ചിട്ടില്ല’

“മാത്രമല്ല ഇന്ന് കഴിക്കേണ്ട മരുന്നും കഴിച്ചിട്ടില്ല’

“മുറിയില്‍ കയറി ഒരേ ഇരിപ്പാണ്’

എല്ലാവരും മാറിമാറി പറഞ്ഞിട്ടും ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല ജന്മദിനമായിട്ട് വീട്ടില്‍ നിന്നും ആരും തിരക്കി വരാത്തതിന്‍റെ കെറുവിലാ..

“നിന്നെയും കാണാതെ വന്നപ്പോള്‍ നിലത്തോട്ടും നോക്കി ഒരേ ഇരിപ്പാ,,,,’

“നീ അങ്ങോട്ടോന്നു ചെല്ല്’

“എന്തെങ്കിലും പറഞ്ഞൊന്നു സമാധാനിപ്പിക്ക്’

കേട്ടതേ ഞാന്‍ അകത്തേക്കൊടി നിലത്ത് ദ്രഷ്ടികള്‍ പായിച്ചുകൊണ്ട് ബെഡ്ഡിന്‍റെ ഓരം ചേര്‍ന്നിരിക്കുകയായിരുന്നു നജീബ് അപ്പോള്‍ ആ മുഖത്തു നിഴലിച്ചത് ഒരു ഭ്രാന്തന്‍റെ രൌദ്ര ഭാവമല്ലായിരുന്നു മറിച്ച് .എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുവാന്‍ മാത്രം വിധിക്കപ്പെട്ട ഒരു നിസഹായന്‍റെ വേദനയായിരുന്നു..

അവനെ ചേര്‍ത്തിരുത്തി നിര്‍ബന്ധിച്ചു ആഹാരം കഴിപ്പിക്കവേ മനസ്സ് മന്ത്രിച്ച് നീ ഒറ്റക്കല്ല ഈ ഇക്കാക്കയുണ്ടാവും എന്നും നിന്‍റെകൂടെ അപ്പോള്‍ എവിടുന്നോ വഴിത്തെറ്റിയെത്തിയ കാറ്റില്‍ ഇളകുന്ന മരച്ചില്ലകളെ നോക്കി രാമേട്ടന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു പെരുത്ത് പുണ്യം കിട്ടും നിനക്ക്…..

……………………………………………………………………………………….

സിബി. നെടുംചിറ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!