Trending Now

“ഗാന്ധിഭവന്‍” അഭയം നല്‍കിയ കവിത കമ്പ്യൂട്ടര്‍ എഞ്ചിനീയറായി

പത്തനാപുരം : അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിരാശ്രയയായി നില്‍ക്കവെ കവിതയുടെ സ്വപ്നം ഒരു വലിയ മനസ്സിന്റെ കനിവില്‍ പൂവണിഞ്ഞു.
കവിത MSc കമ്പ്യൂട്ടര്‍ എൻജിനീയറിങ് പാസ്സായി. നാഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാനില്‍ നിന്ന് കവിത തന്റെ വിദ്യാഭ്യാസവിജയത്തിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി. ഈ വിജയത്തിന് കാരണക്കാരനായ നിംസിന്റെ പ്രൊ. ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍ സാക്ഷിയായ ആ ധന്യനിമിഷത്തില്‍ മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്തെ നോക്കി ആകാശത്തെ അമ്മത്തൊട്ടിലിലിരുന്ന് അവളുടെ അമ്മയും പുഞ്ചിരിച്ചിരിക്കുമെന്ന് കവിത വിശ്വസിക്കുന്നു. കവിതയുടെ എഞ്ചിനീയറിംഗ് പഠനത്തിനുള്ള പൂര്‍ണ്ണവിദ്യാഭ്യാസ ചുമതല നിംസ് പ്രൊ. ചാന്‍സലറാണ് വഹിച്ചത്.
2004 മേയ് മാസം മാതൃഭൂമി പ്രസിദ്ധീകരിച്ച ആരോരുമില്ലാത്ത, കാടിനു നടുവില്‍ ജീവിക്കുന്ന കുട്ടികളെപ്പറ്റിയുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഗാന്ധിഭവന്‍ കവിതയുടെയും സഹോദരന്‍ മണികണ്ഠന്റെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നത്. അര്‍ബ്ബുദം ബാധിച്ച് ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയുമായി തൊട്ടിലില്‍ കിടന്ന് മരണത്തിന് കീഴടങ്ങിയ ഇവരുടെ അമ്മ മേരിയുടെ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഗാന്ധിഭവന്‍ സാരഥി ഡോ. പുനലൂര്‍ സോമരാജന്‍ തന്റെ മക്കളായി അവരെ ഏറ്റെടുക്കുകയായിരുന്നു. ആര്യങ്കാവില്‍ വനാന്തര്‍ഭാഗത്ത് ചേന്നഗിരി കോളനിയില്‍ അമ്മയോടൊപ്പമായിരുന്നു ഇവര്‍. അച്ഛന്‍ അവരുടെ കുരുന്നുപ്രായത്തിലെ ഉപേക്ഷിച്ചുപോയി. അമ്മയുടെ രോഗം മൂര്‍ച്ഛിച്ചതോടെ 5-ാം തരത്തിലായിരുന്ന കവിതയും 9-ാം തരത്തിലായിരുന്ന മണികണ്ഠനും ചെങ്കോട്ട ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനം ഉപേക്ഷിച്ചു. രോഗത്തിന്റെ കാഠിന്യാവസ്ഥയില്‍ തുണിത്തൊട്ടിലിലിരുത്തി അമ്മയെ പരിപാലിച്ചിരുന്നത് പത്തു വയസ്സുകാരി കവിതയായിരുന്നു. മണികണ്ഠനാവട്ടെ വീടു പുലര്‍ത്താന്‍ വേണ്ടി അക്കാലത്ത് കൂലിപ്പണിക്കുമിറങ്ങി.
മേരി മരിച്ചതിനു പിറകെ ഇവരുടെ കുടില്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ഗാന്ധിഭവന്റെ കുട്ടികളായി ഏറ്റെടുത്തതിനുശേഷം സ്വന്തം മക്കളായി ഇവരെ മലയാളം പഠിപ്പിച്ച് ഡോ. പുനലൂര്‍ സോമരാജന്‍ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തു. പ്ലസ് ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഡിസൈനിംഗിലും ഫോട്ടോഗ്രാഫിയിലും വൈദഗ്ദ്ധ്യം നേടിയ മണികണ്ഠന്‍ പിന്നീട് നല്ല തൊഴില്‍ നേടി, ഇപ്പോള്‍ വിവാഹിതനുമായി. പത്തനംതിട്ട ഇളമണ്ണൂര്‍ വി.എച്ച്.എസ്.എസില്‍ നിന്നും പ്ലസ് ടു പാസ്സായ കവിതയ്ക്ക് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാനായിരുന്നു ആഗ്രഹം. ഗാന്ധിഭവന്‍ അവളെ അതിനു ചേര്‍ക്കാന്‍ തയ്യാറെടുക്കവെ നിംസ് ആശുപത്രി എം.ഡി.യും നിംസ് സര്‍വ്വകലാശാല പ്രൊ. ചാന്‍സിലറുമായ എം.എസ്. ഫൈസല്‍ഖാന്‍ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെ കവിതയുടെ ജീവിതകഥയറിഞ്ഞ് ആഗ്രഹനിവൃത്തിക്കായി അവളുടെ പൂര്‍ണ്ണവിദ്യാഭ്യാസച്ചുമതല ഏറ്റെടുക്കുകയായിരുന്നു.
താന്‍ പഠിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് കോഴ്‌സ് തന്റെ സ്ഥാപനമായ നിംസില്‍ പഠിക്കാന്‍ എം.എസ്. ഫൈസല്‍ഖാന്‍ കവിതയ്ക്ക് അങ്ങനെ അവസരമൊരുക്കി. അഞ്ചു വര്‍ഷക്കാല പഠനം പൂര്‍ത്തിയാക്കി മികച്ച മാര്‍ക്കോടെ സോഫ്റ്റ് വെയറില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പാസ്സായ കവിതയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഗാന്ധിഭവനിലെ അമ്മ പ്രസന്ന സോമരാജനും അസി.സെക്രട്ടറി ജി. ഭുവനചന്ദ്രനും എത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു