Trending Now

മൂന്ന് മാസത്തിലധികം പഴക്കമുള്ള മത്സ്യത്തിന് കോന്നിയില്‍ “പിടയ്ക്കുന്ന “വില

കോന്നിയടക്കമുള്ള ജില്ലയിലെ എല്ലാ സ്ഥലത്തും മൂന്നു മാസത്തില്‍ അധികം പഴക്കം വന്ന മത്സ്യം വില്‍ക്കുന്നു .പരാതി ഉയര്‍ന്നത് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍.പരാതി പറയാത്തവര്‍  വരെ ഈ മത്സ്യം കൂട്ടി വയറ്ഇളകിയെന്നും വെളുപ്പെടുത്തി .ഇതിനെ തുടര്‍ന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ റെയ്ഡുകള്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ നിര്‍ദേശം. ഹോട്ടലുകളിലും വഴിയോര കടകളിലും മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കളുടെ ഉപയോഗം കൂടുന്നതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം.
ജില്ലയില്‍ വിതരണം ചെയ്യുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളില്‍ വരെ പാരഫിന്‍ ഓയില്‍ അടങ്ങിയിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്തവര്‍ പരാതി ഉന്നയിച്ചു. പല വഴിയോര കടകളിലും വ്യാജ എണ്ണകള്‍ ഉപയോഗിക്കുന്നതോടൊപ്പം ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കുന്നതായും പരാതികള്‍ ഉയര്‍ന്നു. സോഡാ ഫാക്ടറികളില്‍ ജലശുദ്ധി ഉറപ്പുവരുത്തുന്ന കാര്യത്തിലും വീഴ്ചകള്‍ ഉള്ളതായി യോഗം വിലയിരുത്തി. പായ്ക്കറ്റ് ചപ്പാത്തികള്‍ ഒരാഴ്ചയിലേറെ കേടുകൂടാതെ ഇരിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് സിട്രിക് ആസിഡ് ഉള്‍പ്പടെയുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു മൂലമാകാമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വലിയ കേറ്ററിംഗ് സ്ഥാപനങ്ങള്‍ രുചി വര്‍ധിപ്പിക്കുന്നതിന് വ്യാപകമായി അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അജിനോമോട്ടോ ചൈനീസ് ഫുഡുകളില്‍ ചെറിയ അളവില്‍ ചേര്‍ക്കാന്‍ മാത്രമാണ് അനുമതി ഉള്ളതെന്നും മറ്റു ഭക്ഷ്യവസ്തുക്കളില്‍ ഇവ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അജിനോമോട്ടോ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് അറിയത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ അജിനോമോട്ടോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ചൈനീസ് ഭക്ഷണ സാധനങ്ങളില്‍ പോലും വളരെ ചെറിയ അളവില്‍ മാത്രമേ അജിനോമോട്ടോ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും പല കട ഉടമകളും ഇത് കൃത്യമായി പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ മത്സ്യം സൂക്ഷിക്കുന്ന പല ഗോഡൗണുകളിലും മൂന്ന് മാസത്തിലധികം പഴക്കമുള്ള മത്സ്യമാണ് വില്‍പ്പനയ്ക്കായി നല്‍കുന്നതെന്നും അമോണിയയ്ക്ക് പുറമേ രാത്രികാലങ്ങളില്‍ ഉപ്പിന്റെ രൂപത്തിലുള്ള ഒരു പ്രത്യേക രാസവസ്തു ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളില്‍ വിതറുന്നതായും പരാതികള്‍ ഉയര്‍ന്നു. ഇതു ജനങ്ങളുടെ ആരോഗ്യത്തിന് ഏറെ ഭീഷണിയാണ്. ഇക്കാര്യങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മത്സ്യ-മാംസ വ്യാപാരം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും ഊര്‍ജിത പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിനു പുറമേ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയുടെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ഒരു തവണത്തെ റെയ്ഡിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പലപ്പോഴും അടുത്ത റെയ്ഡ് നടത്തുന്നത്. തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയാല്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ജില്ലയില്‍ ഒരു സ്ഥലത്തും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഭക്ഷണ സാധനങ്ങളില്‍ അജിനോമോട്ടോയുടെ ഉപയോഗം ഒഴിവാക്കുന്നതിനും സോഡയ്ക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഏറ്റവും അടിയന്തിരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന് ആവശ്യമായ വാഹനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സപ്ലൈകോയുടെ കീഴിലുള്ള ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി സാധനങ്ങള്‍ക്ക് ക്ഷാമമുള്ളതായി പരാതി ഉയര്‍ന്നു. ഓണത്തിനു ശേഷം സാധനങ്ങളുടെ സ്‌റ്റോക്കില്‍ കുറവ് ഉണ്ടായി എന്നും ഒരാഴ്ചക്കുള്ളില്‍ അത് പരിഹരിച്ച് സപ്ലോകോയുടെ എല്ലാ വിപണന ശാലകളിലും ആവശ്യാനുസരണം സാധനങ്ങള്‍ എത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു.
റേഷന്‍ വിതരണത്തിനുള്ള സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളില്‍ എത്തിക്കുമ്പോള്‍ അളവില്‍ കുറവ് വരുന്നതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പരാതി ഉന്നയിച്ചു. അടുത്ത മാസത്തോടെ ഡിജിറ്റല്‍ വേയിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സപ്ലൈകോ പ്രതിനിധി അറിയിച്ചു. അളവില്‍ കുറയുന്നു എന്ന പരാതി പരിശോധിച്ച് ഇതില്‍ കഴമ്പുള്ള പക്ഷം മാറ്റം വരുത്തണമെന്ന് ജില്ലാ കളക്ടര്‍ സപ്ലൈകോ മാനേജര്‍ക്കും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി ചേരുമെന്നും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ആര്‍.സുരേഷ്‌കുമാര്‍, എലിസബത്ത് ജോര്‍ജ്, കെ.പ്രസന്നന്‍ നായര്‍, വ്യാപാരി-റേഷന്‍ സംഘടനാ പ്രതിനിധികളായ എന്‍.എം ഷാജഹാന്‍, ഭദ്രന്‍ കല്ലയ്ക്കല്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബി.ഷാഹുല്‍ഹമീദ്, സനോജ് മേമന, നൗഷാദ് കണ്ണങ്കര, അബ്ദുള്‍ മുത്തലിഫ്, ചെറിയാന്‍ ജോര്‍ജ് തമ്പു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!