ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ പാടത്ത് ഞാറ് നട്ടു

ഒരു ദശകത്തോളം തരിശായി കിടന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറെ മുണ്ടകന്‍ പാടത്തെ കതിരണിയിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഓമല്ലൂര്‍ കുരിശ് ജംഗ്ഷനു സമീപമുള്ള പാടത്ത് ഞാറുനട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ.ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എസ് സുജിത്കുമാര്‍, കെ.അമ്പിളി, നെല്‍കൃഷി വികസന സംഘം രക്ഷാധികാരി ഡോ. റാം മോഹന്‍, പ്രസിഡന്റ് പി.ആര്‍ പ്രസന്നകുമാരന്‍ നായര്‍, കൃഷി ഓഫീസര്‍ ജാനറ്റ് ഡാനിയേല്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുരേഷ് മാത്യു, അഡൈ്വസര്‍ കെ.പി രാമചന്ദ്രന്‍ നായര്‍, ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.പ്രമോദ് റോയി, നെല്‍കൃഷി വികസന സംഘം ഭാരവാഹികളായ പി.ആര്‍ മോഹനന്‍ നായര്‍, കെ.രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ പാടത്ത് തരിശായി കിടന്ന 25 ഏക്കര്‍ നിലത്തിലാണ് ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ നെല്‍കൃഷി വികസന സംഘത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നത്. 25 ഏക്കര്‍ നിലമൊരുക്കുന്നതിന് രണ്ടര ലക്ഷം രൂപ നെല്‍കൃഷി വികസന സംഘവും റോട്ടറി ക്ലബും ചെലവഴിച്ചു. നെല്‍കൃഷിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും കൃഷി വകുപ്പും നല്‍കും. പൂര്‍ണമായും ജൈവ രീതിയില്‍ നെല്ല് വിളയിപ്പിച്ചെടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പടിഞ്ഞാറെ മുണ്ടകന്‍ പാടത്ത് പൂര്‍ണമായും കൃഷിയിറക്കിടതിനുശേഷം കിഴക്കേ മുണ്ടകന്‍ പാടത്തും ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലുള്ള എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജലസംഭരണ വ്യവസ്ഥ പുനഃസ്ഥാപിക്കാനും കാര്‍ബണ്‍, നൈട്രജന്‍, ഓക്‌സിജന്‍ സന്തുലനം നിലനിര്‍ത്തുന്നതിനും നെല്‍വയലുകളില്‍ കൃഷിയിറക്കിയേ തീരൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഓമല്ലൂരിലെ കര്‍ഷകര്‍ പടിഞ്ഞാറെ മുണ്ടകന്‍ നെല്‍കൃഷി വികസന സംഘം രൂപീകരിച്ച് പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെയും ഗ്രാമ പ ഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൃഷിയിറക്കുന്നതിനുള്ള നടപടി തുടങ്ങിയത്. റോട്ടറി പ്രസ്ഥാനം നടപ്പാക്കുന്ന റീപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനരുജ്ജീവനത്തിനുള്ള സഹായം നല്‍കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!