പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണം : ജില്ലാ കലക്ടര്‍

സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ നടപ്പാക്കുന്ന വികസന മിഷനുകളില്‍ വരുംതലമുറയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പ്രകൃതി സംരക്ഷണത്തില്‍ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള സന്ദേശം പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായിക്കുകയായിരുന്നു കളക്ടര്‍.
പ്രകൃതി സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടത് അത്യാവശ്യമാണെന്നും വരുംതലമുറയ്ക്കുവേണ്ടി പ്രകൃതിയെയും അമൂല്യമായ പ്രകൃതി വിഭവങ്ങളെയും കാത്തുസൂക്ഷിക്കേണ്ട ആവശ്യകത വിദ്യാര്‍ഥികളുടെ മനസിലേക്ക് എത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കാടും മലയും കടലുമൊക്കെ ചേര്‍ന്ന പ്രകൃതിരമണീയമായ കേരളത്തിന്റെ തനതു സൗന്ദര്യം സംരക്ഷിക്കുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുന്നതിനുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിനുമുള്ള അറിവുകളാണ് സന്ദേശത്തിലൂടെ മുഖ്യമന്ത്രി നല്‍കിയിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നമുക്ക് വേണ്ട പച്ചക്കറികള്‍ നാം തന്നെ വിളയിക്കുക, ജൈവ വളത്തിന്റെ ഉപയോഗം ശീലമാക്കുക, ജലസ്രോതസുകള്‍ ശുചിയായി സൂക്ഷിക്കുക, ജലം പാഴാക്കാതിരിക്കുക തുടങ്ങിയ ഉറച്ച തീരുമാനങ്ങളെടുത്ത് നല്ല പൗരന്മാരായി വളരാനുള്ള മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ പ്രസക്തി എല്ലാവരും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തി അവരുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ തയാറാക്കിയിട്ടുള്ള കൈപുസ്തകത്തിന്റെ പകര്‍പ്പ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ജില്ലാ കളക്ടറെയും വിശിഷ്ടാതിഥികളെയും പരേഡിലൂടെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്.രവിശങ്കര്‍, എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹനന്‍, പ്രോഗ്രാം ഓഫീസര്‍ വി.എ സിന്ധു, പ്രിന്‍സിപ്പല്‍ ആര്‍.ഉഷാകുമാരി, ഹെഡ്മിസ്ട്രസ് ലീലാമണി, എ.ഇ.ഒ ജെ.ജയിന്‍, കാന്‍ഫെഡ് പ്രസിഡന്റ് എസ്.അമീര്‍ജാന്‍, എസ്.പി.സി ചാര്‍ജ് ഓഫീസര്‍മാരായ അലന്‍, ജയകുമാര്‍, ഒ.ജി സ്വപ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!