ആവണിപ്പാറ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒരു തലേവിധി

രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്‍ഡ്‌ – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി .വര്‍ഗ്ഗം :ഗോത്ര വര്‍ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്‍ക്കാര്‍ രേഖയില്‍ കൃത്യമായി ഇല്ല എങ്കിലും നൂറിന് അടുത്ത് .തൊഴില്‍ :വന വിഭവ ശേഖരണം .പഠിതാക്കള്‍ :കുട്ടികള്‍ അധികവും സ്കൂളില്‍ പോകുന്നില്ല ,കാരണം തേടാം ….

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലൂടെ കോന്നിയില്‍ നിന്നും നാല്‍പത്തി അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറി മൂന്നു വശവും കൊടും വനവും മുന്നില്‍ വേനല്‍ കാലത്ത് ശാന്തമായും ,വര്‍ഷ കാലത്ത് കൂലം കുത്തി ഒഴുക്കുന്ന അച്ചന്‍കോവില്‍ നദി .വനത്തില്‍ ഒറ്റ പെട്ട് കിടക്കുന്ന ഗോത്ര വര്‍ഗ വിഭാഗത്തിന്‍റെ ആവണി പ്പാറ .

സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഐഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളാണ്‌ അധികവും. ഈ പദ്ധതിയിൽ വീട്‌ ലഭ്യമല്ലാത്തവർ മുള ചെത്തിയുറപ്പിച്ച വീടുകൾ നിർമിച്ചിരിക്കുന്നു. കട്ടിൽ ഉൾപ്പെടെ എല്ലാം മുള ഉപയോഗിച്ചുള്ളതാണ്‌. കുട്ടികൾ അധികവും സ്കൂളിൽ പോകുന്നില്ല ഏറ്റവും അടുത്ത സ്കൂൾ അച്ചൻകോവില്‍‌. മഴക്കാലത്ത്‌ ആറ്റിൽ വെള്ളം കൂടുമ്പോൾ മറുകരയെത്താൻ പ്രയാസമാണ്‌. ഈ പ്രയാസം എട്ട്‌ മാസത്തോളം തുടരും ഇതാണ്‌ ഇവരുടെ പ്രധാന പ്രശ്നം. മറ്റു ജില്ലകളിലെ ഹോസ്റ്റലിൽ നിന്ന്‌ പഠിക്കുന്ന കുട്ടികൾ ഉണ്ട്‌. ബിഎസ്സി നഴ്സിങ്‌, പ്ലസ്‌ ടു എന്നിവയ്ക്ക്‌ പഠിക്കുന്ന കുട്ടികളും ഉണ്ട് .
കോളനിയിലെ ഏകസർക്കാർ സ്ഥാപനമായ അംഗണവാടിയില്‍ പഠിക്കാനും കുട്ടികള്‍ കുറവാണ് കോളനിയിൽ ഒരു എൽപി സ്കൂളും ആറിന്‌ മറുകര കടക്കാൻ ഒരു പാലവും നിര്‍മ്മിച്ചാല്‍ ഒറ്റപ്പെട്ട ഈ കോളനി നിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ കഴിയും എന്നുള്ള കാര്യം സര്‍ക്കാര്‍ വകുപ്പുകള്‍ മറക്കുന്നു . ആദിവാസി-വനംവകുപ്പ്‌ മന്ത്രിമാർ, കോന്നി എംഎൽഎ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവര്‍ക്ക് ഈ കാടിന്‍റെ മക്കളുടെ വേദനകൾ നേരിട്ട് അറിയാവുന്നവര്‍ ആണ് .
ആറിന് ഒരുവശം കൊല്ലം ജില്ലയും മറുവശം പത്ത നംതിട്ട ജില്ലയുമാണ്.ഈ പ്രദേശം പത്തനംതിട്ട ജില്ലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത് .കേരളത്തിന്റെ എല്ലാ മേഖലയിലും വികസനം വന്നെങ്കിലും ആവണിപ്പാറയില്‍ മാത്രം അത് ഉണ്ടായില്ല.
ആവണിപ്പാറയില്‍എത്തണമെങ്കില്‍ അച്ചന്‍കോവിലാറിന് കുറുകെ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് സ്വന്തമായി ചെങ്ങാടം തുഴഞ്ഞ് വേണം അക്കരെ എത്താന്‍.എത്ര അപകടംപിടിച്ചതാണ് ഒന്ന് തെറ്റിയാല്‍ ആറ്റിലേക്ക്.ഇവരുടെ കഷ്ടതകള്‍ക്ക് അറുതി വരുത്താന്‍ രണ്ട് വര്‍ഷം മുന്‍പേ കോന്നി എം എല്‍ യും മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ്‌ പത്തു ലക്ഷം രൂപാ വകയിരുത്തി അച്ചന്‍കോവില്‍ നദിയില്‍ ഒരു നടപ്പാലം നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തു .തറക്കല്‍ ഇട്ടു .അപ്പോഴാണ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപ്പാല നിര്‍മ്മാണം തടഞ്ഞത് .ഈ നടപ്പാലം വന്നാല്‍ വനം എല്ലാം നശിക്കും എന്ന് അവര്‍ ഭൂത കണ്ണാടി വച്ച് കണ്ടു പോലും .തടസ്സം മാറികിട്ടാന്‍ വനം സിസി എഫ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു എങ്കിലും നടപടി ക്രമങ്ങള്‍ അക്കരെ ഇക്കരെ തൂങ്ങി കിടപ്പാണ് .ഗവണ്‍മെന്റുകള്‍ മാറി മാറി വന്നിട്ടും വികസനം എന്തെന്നറിയാത്ത ജനങ്ങള്‍.അവരുടെ ദുരിതങ്ങള്‍ കഷ്ടപാടുകള്‍……

57 പേര്‍ വോട്ടര്‍പട്ടികയില്‍ ഉള്ളവരാണ് എന്ന് ഇലക്ഷന്‍ കാലത്ത് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധം വരുന്നത് .ഈപ്രദേശത്തെ പ്രധാന ഗോത്രവര്‍ഗങ്ങള്‍ മലംപണ്ടാരങ്ങളാണ് .ഇവരുടെ എന്തെങ്കിലും ആവശ്യത്തിന് ജില്ലാ ആസ്ഥാനത്ത് എത്തണമെങ്കില്‍ ഒരു ദിവസമെങ്കിലും വനത്തിലൂടെ സഞ്ചരിക്കണം.രോഗങ്ങള്‍ വന്നാല്‍ ചികില്‍സിക്കാനായി പത്തനാപുരത്തെ ആശൂപത്രയെയാണ് സമിപിക്കുന്നത് .എങ്കിനും പലപ്പോഴും അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാറില്ല.
ഇവര്‍ക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യംമില്ല ഹോസ്പിറ്റലുകളോ,സ്‌കുളുകളോ ഇല്ല.ഗവണ്‍മെന്റിന്റെ ഫണ്ടുകള്‍ ഇവര്‍ക്ക് ലഭിക്കാറുമില്ല.ഇതൊക്കെ ആരോട് ചോദിക്കണമെന്ന് പോലും ഇവര്‍ക്ക് അറിയില്ല. ഇവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം വനപാലകര്‍ നല്‍കുന്ന ജോലിയാണ്.കൂടാതെ കാട്ടിലെ പലവിഭവങ്ങളും ഇടനിലക്കാര്‍ വഴിയും വി.എസ് എസ് വഴിയും വില്‍പ്പന നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇവര്‍ ചുഷണത്തിനിരയാകുകയാണ്.വെളിയില്‍ നിന്നുള്ളവര്‍ വാങ്ങിച്ചിട്ട് പലപ്പോഴും ശരിയായ വില ഇവര്‍ക്ക് നല്‍കാറില്ല.ഒരു സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ വീണ്ടും വീണ്ടും അടിച്ചമര്‍ത്തുകയാണ് … ആരും അറിയുന്നില്ലെ ഇത്…..?കൊക്കാത്തോട് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ കീഴിലാണ് ഈ പ്രദേശം.അത് പേരിന് മാത്രമെയയുള്ളു.മാസങ്ങളായി ഡോക്ടര്‍മാര്‍ വന്നിട്ട് അവര്‍ എങ്ങനെ വരാനാണ്.
ജില്ലയിലെ മലമ്പണ്ടാര സമുദായത്തില്‍പ്പെട്ട 145 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്ക് മുന്‍ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പട്ടിക വര്‍ഗ വികസനത്തിനായുള്ള ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നല്‍കിയിരുന്നു . 10 ലക്ഷം രൂപയാണ്അന്ന് അനുവദിച്ചിരുന്നു . വനത്തില്‍ ഇടയ്ക്കിടെ താമസസ്ഥലം മാറുന്ന 73 കുടുംബങ്ങള്‍ക്കും സ്ഥിരതാമസമുള്ള 72 കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നും കേട്ടു

വനത്തില്‍ താമസസ്ഥലം മാറുന്ന കുടുംബങ്ങള്‍ക്ക് 12 മാസം ഭക്ഷ്യധാന്യം വിതരണം ചെയ്യും. ഇവര്‍ക്ക് 15 കിലോഗ്രാം അരി, ഒരു കിലോഗ്രാം വന്‍പയര്‍, ഒരു കിലോഗ്രാം പഞ്ചസാര, ഒരു കവര്‍ ഉപ്പ്, 250 ഗ്രാം മുളകുപൊടി, കുളിക്കുന്നതിനുള്ള സോപ്പ്, അലക്കുന്നതിനുള്ള സോപ്പ്, 250 ഗ്രാം തേയില, അര ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ ഓരോ മാസവും ഒരു കുടുംബത്തിനു ലഭിക്കും. സ്ഥിരതാമസക്കാരായ കുടുംബങ്ങള്‍ക്ക് കാലവര്‍ഷമുള്ള നാലു മാസത്തേക്ക് പ്രതിമാസം 15 കിലോഗ്രാം അരി, ഒരു കിലോഗ്രാം ചെറുപയര്‍ എന്നിവ ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 36,000 രൂപ വകയിരുത്തിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ വീടു നിര്‍മാണം മുടങ്ങിയ ഭവനരഹിതരായ പട്ടിക വര്‍ഗ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ഊരില്‍ ഒരു സ്വപ്ന വീട് പദ്ധതി പ്രകാരം 65,80,000 രൂപ പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ ജനറല്‍ ഹൗസിംഗ് സ്കീമില്‍ ഉള്‍പ്പെടുത്തി വകയിരുത്തുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. ഒരു ഗഡു മാത്രം കൈപ്പറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്ക് 14,87,500 രൂപയും രണ്ടാംഘട്ടം വരെ എത്തിയ 21 പേര്‍ക്ക് 40,42,500 രൂപയും മൂന്നാംഘട്ടം വരെ എത്തിയ 20 പേര്‍ക്ക് 10,50,000 രൂപയും അനുവദിക്കുന്നതിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കും. കെഎസ്ഇബി സമര്‍പ്പിച്ച എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ആവണിപ്പാറ പട്ടികവര്‍ഗ സങ്കേതം വൈദ്യുതീകരിക്കുന്നതിനുള്ള 1,31,46,183 രൂപയുടെ പ്രൊപ്പോസല്‍ അംഗീകാരത്തിനായി പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. വനത്തില്‍ ഇടയ്ക്കിടെ താമസസ്ഥലം മാറുന്ന 73 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പടുത, പായ, സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനു ട്രങ്ക് പെട്ടി, വെള്ളം ശേഖരിക്കുന്നതിനുള്ള പാത്രങ്ങള്‍, ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ലൈറ്റുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള മൂന്നു ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിഎങ്കിലും മിക്ക ഗോത്ര വര്‍ഗ്ഗ ക്കാരും ഇതൊന്നും അറിഞ്ഞില്ല ഒന്നും കിട്ടിയില്ല . എന്ത് തെറ്റാണ് ഇവര്‍ ചെയ്തത് …?.സമൂഹത്തിന്റെ താഴേതട്ടില്‍ ജനിച്ച് പോയതോ….?

ഇവരും ഇന്‍ഡ്യന്‍ പൗരന്‍മാരല്ലേ…….ഇവര്‍ക്കുമില്ലേ അവകാശങ്ങള്‍…. നമ്മള്‍ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികള്‍ എന്താണ് ഇത് മനസ്സിലാക്കാതത്….ഇവരെപ്പോലെ ഇനിയും എത്രയോപേര്‍ കാണും നമ്മുടെ സമൂഹത്തില്‍……….ആദിവാസികള്‍ എന്ന് നാം വിളിക്കുന്ന ഇവര്‍ മനുഷ്യരല്ലെ…..ഇവര്‍ക്ക് മാത്രം എന്തേ നീതി നിഷേധിക്കുന്നു….?ആരും കാണുന്നില്ലേ ഇവരുടെ ദുരവസ്ഥ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!