കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി- ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ- പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ- രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ- രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത, കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത, കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത കുലടയുടെ വേദാന്തപടുമൊഴികളോതാത്ത, തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത, കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത, കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത, കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത, കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ- രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ- ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ- ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ- ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ- ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ? എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!