തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർവാഹന വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്യുന്നത്. ഇതോടെ കേരളത്തിലെ ഒന്നരലക്ഷം പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും.
രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. 2016 ഒക്ടോബറിലാണ് ഈ നിർദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു.