കലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍

ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ.
രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡ് സിപിഐഎമ്മിന്റെ കെ എൻ ബാലഗോപാൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കു വച്ചു.
മികച്ച ലോക്സഭാംഗത്തിനുള്ള സൻസദ് രത്ന ശിവസേനയിലെ ശ്രീരംഗ് അപ്പാ ബർനെ എംപി നേടി.മഹാരാഷ്ട്രയിലെ മാവൽ ലോക്സഭാ മണ്ഡലത്തിലെ എംപി ആണ് ബർനെ.രാജ്യസഭയിലെ മികച്ച വനിതാ എംപിയായി സിപിഐഎമ്മിലെ ശ്രീമതി ടി എൻ സീമ തെരഞ്ഞെടുക്കപ്പെട്ടു.മഹാരാഷ്ട്രയിലെ ഹിംഗോളി എംപിയായ
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെശ്രീ രാജീവ് സത്തവ് ആണ് ലോക്സഭയിലെ മികച്ച നവാഗത സാമാജികൻ.
മഹാരാഷ്ട്രയിലെ തന്നെ കൊലാപൂർ എംപി ആയ ധനഞ്ജയ് ഭീംറാവു മഹാദിക്കിനാണ് ആണ് സഭയിൽ ചോദ്യങ്ങള്‍ ചോദിച്ച മികവിനുള്ള പുരസ്കാരം. മഹാരാഷ്ട്രയിലെ നന്ദുർപൂർ എംപി ആയ BJP യിലെ ശ്രീമതി ഹീനാ ഗാവിത്ലോക്സഭയിലെ മികച്ച വനിതാ എംപിക്കുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും നേടി.
ബിജു ജനതാദളിലെ ഭർതൃഹരി മഹ്താബ്, ആർ എസ് പിയിലെ എൻ കെ പ്രേമചന്ദ്രൻ എന്നിവര്‍ക്ക് സ്പെഷ്യല്‍ ജൂറി സൻസദ് രത്ന അവാര്‍ഡ് ലഭിച്ചു.
സഭാതലത്തിലെ മികച്ച പ്രകടനം ആണ് ബാലഗോപാലിനെ രാജ്യത്തെ മികച്ച പാർലമെന്റേറിയൻ ആക്കിയത്. 2010-16ൽ രാജ്യസഭയിൽ നിന്നും വിരമിച്ച എംപിമാരിൽ ചർച്ചകൾ, സ്വകാര്യ ബിൽ അവതരണം, ചോദ്യങ്ങള്‍ എന്നിവ ആകെ കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ശ്രീ ബാലഗോപാലിന്റേതായിരുന്നു.
പാർലമെന്റിനെ പിടിച്ചു കുലുക്കിയ എയര്‍പോർട് യൂസർ ഫീ പ്രശ്നം രാജ്യസഭയില്‍ അവതരിപ്പിച്ചത് ബാലഗോപാൽ ആയിരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അതിശക്തമായ നിലപാടുകൾ അദ്ദേഹം അവതരിപ്പിച്ചത് ദേശീയ മാധ്യമങ്ങള്‍ ഉൾപ്പെടെ വാര്‍ത്തയാക്കിയിരുന്നു. ,
രാജ്യത്തിനു തന്നെ മാതൃകയാകുന്ന ബാഗ് രഹിത സ്കൂള്‍ പദ്ധതി കൊല്ലം ജില്ലയിലെ സ്കൂളുകളിൽ അദ്ദേഹം അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം സ്കൂളുകളിൽ വലിയ അലമാരകൾ എംപി ഫണ്ടിൽ നിന്ന് വാങ്ങി നൽകുകയും കുട്ടികള്‍ക്ക് ഒരു സെറ്റ് പുസ്തകങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്യും. ചുമലിൽ ഭാരം താങ്ങി വലയാതെ,സ്കൂളില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പഠിക്കാം. കൊല്ലം ജില്ലയിലെ പതിനൊന്ന് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കി.
ഈ പദ്ധതിയുടെ ചുവടു പിടിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ എംപിമാരും എംഎൽഎമാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ബാഗ് രഹിത സ്കൂള്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്നോട്ട് വരുന്നുണ്ട്.
കൊല്ലം ആശ്രാമം മൈതാനത്ത് ഒരു ഓപ്പണ്‍ ജിം എംപി ഫണ്ടിൽ നിന്ന് അനുവദിച്ചു. സംസ്ഥാനത്ത് നടാടെയാണ് അങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കപ്പെടുന്നത്.
ആളുകള്‍ക്ക് പൊതു ഇടങ്ങളിൽ വ്യായാമത്തിനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിലാണ്.പാർലമെന്റിലെ സജീവതയും എംപി ഫണ്ട് വിനിയോഗത്തിലെ സുസ്ഥിരവും നൂതനവുമായ പദ്ധതി നിർവഹണവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയും DYFI മുൻ അഖിലേന്ത്യാ പ്രസിഡന്റും SFI മുൻ അഖിലേന്ത്യാ പ്രസിഡന്റും ആണ്.കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ.

പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂരില്‍ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി. പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവും 2015 മുതൽ പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌ ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!