രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറ്റാദായത്തിൽ വൻ വർധന. 2016-17 ധനകാര്യവർഷത്തിൽ അറ്റാദായം 70 ശതമാനം ഉയർന്ന് 19,106 കോടി രൂപയായി. 2015-16 ധനകാര്യവർഷത്തിൽ അറ്റാദായം 11,242 കോടി രൂപയായിരുന്നു.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 85 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. തൊട്ടു തലേ വർഷം ഇതേ കാലയളവിൽ 2006 കോടിരൂപയായിരുന്നു.
വരുമാനം 24 ശതമാനം ഉയർന്ന് 1,22,285 കോടി രൂപയായി. തലേ വർഷം 98,719 കോടി രൂപയായിരുന്നു.
മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ ഒരു ബാരലിൽ ക്രൂഡ് ശുദ്ധീകരിക്കുന്നതിൽനിന്നുള്ള മാർജിൻ 5.06 ഡോളറിൽനിന്ന് 7.77 ഡോളറായി ഉയർന്നു. മികച്ച റിസൾട്ട് ലഭിച്ചതിനാൽ ഓഹരിയുടമകൾക്ക് പത്തു ശതമാനം ഡിവിഡന്റ് നല്കുമെന്ന് ഐഒസി ചെയർമാൻ ബി. അശോക് അറിയിച്ചു.