ചിന്തകള്‍ മരിക്കുന്നില്ല (പ്രതിവാര പംക്തി )
ഡി. ബാബുപോള്‍ ഐ.എ.എസ്)
പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന പാര്‍ട്ടി ചാനലും ഒഴിച്ചാല്‍ ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല്‍ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയില്‍ ഒന്നും നില്‍ക്കുന്നില്ല. സത്യത്തില്‍ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്‍ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്‍, എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, വയലാര്‍ ഗോപകുമാര്‍, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള്‍ ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്‍െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള്‍ ആണ് എന്ന ധാരണയാണ് വില്ലന്‍. പിണറായിയും ബ്രിട്ടാസും കഞ്ഞിയും പയറുംപോലെ ആണല്ലോ. റൊട്ടിയും ജാമും എന്ന് സായിപ്പ് പറയുന്ന ബന്ധം.
ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും പത്രങ്ങളില്‍നിന്ന് പിണറായി വിജയനെക്കുറിച്ച് ഒരൊറ്റ നല്ല സംഗതി വായിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട ഒരു മേഖലയാണിത്. ഇങ്ങനെ ഒരാളെ വേട്ടയാടാമോ ഇത് പറയേണ്ടിവരുന്നത് മാധ്യമങ്ങള്‍ വഴി, പരസഹായം കൂടാതെ, ഈ സര്‍ക്കാറിനെക്കുറിച്ച് ഒരു സദ്‌വാര്‍ത്തയും കിട്ടുന്നില്ല എന്നതിനാലാണ്. അതുകൊണ്ട് അവനവന്‍െറ നിരീക്ഷണങ്ങളും കേട്ടറിവുകളെ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും ഒക്കെ ആശ്രയിക്കുകയേ വഴിയുള്ളൂ. അങ്ങനെ പരിശോധിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചിത്രം പിണറായി സര്‍ക്കാര്‍ തരക്കേടില്ല എന്നതാണ്.
ഒന്നാമത്തെ കാര്യം, ഈ സര്‍ക്കാറിനെക്കുറിച്ച് കഴിഞ്ഞ ഒരാണ്ടിനിടെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതു തന്നെ. ജയരാജന്‍ അവിവേകം കാട്ടി എന്ന് പറയാം. സ്വജനപക്ഷപാതം അഴിമതിതന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എങ്കിലും അതിന്‍െറ പേരില്‍ ഇത്ര ബഹളം ഉണ്ടാകുന്നത് നാട് കേരളം ആകുന്നതിനാലാണ്. പണ്ട് ശങ്കര്‍ പ്രതിക്കൂട്ടിലായത് ചെറുപ്പക്കാര്‍ക്ക് അറിവില്ലായിരിക്കും. ലോറി വേണമെങ്കില്‍ ബുക്ക് ചെയ്ത് ചാസി(ഇവമശെ)െക്കായി കാത്തിരിക്കണമായിരുന്നു. പലപ്പോഴും ഒന്നും രണ്ടും വര്‍ഷങ്ങള്‍. മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ എന്ന ഡീലറെ ഫോണില്‍ വിളിച്ച് തന്‍െറ രണ്ട് പരിചയക്കാര്‍ക്ക് ക്യൂ തെറ്റിച്ച് ചാസി കൊടുക്കണമെന്ന് പറഞ്ഞു. ഇതാണ് കേസ്. ശങ്കര്‍ വിരുദ്ധരായ മലബാര്‍ വിഭാഗം സംഗതി നെഹ്‌റുവിന്‍െറ മുന്നിലെത്തിച്ചു. നെഹ്‌റു പൊട്ടിച്ചിരിച്ചുപോല്‍! ‘ഇവിടെ ചാസിയോടെ വിഴുങ്ങുന്നവരുടെ ഇടയിലാണ് ഞാന്‍. ഇനപ്രോപ്രിയേറ്റ് ഒഫ്‌കോഴ്‌സ്. ഐ ഷാല്‍ ടോക് ടു ഹിം’. പൂര്‍ണ വിരാമചിഹ്‌നം ഉപയോഗിക്കാം ഇവിടെ. അമ്മായിയമ്മയായ ഏതോ ഒരു ശ്രീമതി മരുമകളെ അടുക്കളയില്‍ അടിമപ്പണി ചെയ്യിച്ചുവരവെ ഒരവസരം കിട്ടിയപ്പോള്‍ കുക്ക് ആയി നിയമിച്ചു എന്ന് പഞ്ചതന്ത്രം കഥകളില്‍ ഉണ്ടല്ലോ. അതുപോലെ ഒരു തെറ്റാണ് ജയരാജവികൃതി. അഭംഗി തന്നെ, വീട്ടില്‍ എഴുതി അറിയിക്കാന്‍ പോന്ന അഴിമതിയല്ലതാനും.
ഇടക്കിടെ താഴൈവക്കുകയും കൂടെക്കൂടെ കൊട്ടിക്കയറുകയും ചെയ്യുന്ന ലാവലിന്‍ ഒഴിച്ചാല്‍ ഈ സര്‍ക്കാറിന്‍േറതായി ഒരൊറ്റ അഴിമതിക്കേസും കാണുന്നില്ല. പിണറായിയുടെ ബനിയനോളം പോന്ന ഷര്‍ട്ട് മുതല്‍ കടന്നപ്പള്ളിയുടെ പര്‍ദയോളം നീണ്ട ഷര്‍ട്ട് വരെ ശുഭ്രാഭമായി തുടരുന്നു. ഗ്രീന്‍ സല്യൂട്ട്, കോമ്രേഡ്‌സ്. രണ്ടാമതായി, ഞാന്‍ ശ്രദ്ധിച്ചത് വേണ്ടത്ര ആലോചന കൂടാതെ കരുണാകരന്‍ തൊട്ട് അച്യുതാനന്ദന്‍ വരെ എഴുതിത്തള്ളിയ ഒരാളെ കെട്ടിയെഴുന്നള്ളിച്ചതും അത്രയും മുഖ്യമന്ത്രിമാര്‍ കര്‍മകുശലനും നീതിനിഷ്ഠനും എന്ന് വാഴ്ത്തിയ ഒരാളെ കാലാവധി ബാക്കിനില്‍ക്കെ പുറത്താക്കിയതും ഒഴിച്ചാല്‍ പഴയ സര്‍ക്കാറിന്‍െറ കീഴില്‍ ജോലിചെയ്തു എന്നതുകൊണ്ട് മാത്രം ഒരുദ്യോഗസ്ഥനെയും വേട്ടയാടിയില്ല എന്നതും ഉമ്മന്‍ ചാണ്ടിയുടെ ഒരു പദ്ധതിപോലും താളത്തിലിട്ടില്ല എന്നതും ആണ്.
പൊതുവെ ഭരണത്തില്‍ രാഷ്ട്രീയം കലര്‍ത്തിക്കാണുന്നില്ല എന്ന് പറയുമ്പോള്‍ ഒരു ടോട്ടല്‍ ക്ലീന്‍ ചിറ്റ് എന്ന് വ്യാഖ്യാനിക്കരുത്. സെക്രട്ടേറിയറ്റിലായാലും പുറത്തായാലും കുറെ ഇളക്കിപ്രതിഷ്ഠകള്‍ പതിവാണല്ലോ. അതിനപ്പുറം ഏറെയൊന്നുംഫഏറെ എന്നതാണ് കീവേഡ്ഫകാണാനില്ല. ഉമ്മന്‍ ചാണ്ടിയെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളെ ആ കണ്ണില്‍ കാണുന്നില്ല എന്നത് പ്രത്യേകം പറയണം. പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഈ സര്‍ക്കാര്‍, വിശേഷിച്ചും മുഖ്യമന്ത്രി, പ്രകടിപ്പിക്കുന്ന താല്‍പര്യവും ശുഷ്കാന്തിയും എടുത്തു പറയാതെ വയ്യ. ഗെയ്ല്‍ പൈപ്പ് ലൈന്‍, ആറുവരിപ്പാത, തീരദേശറോഡ്, കോവളംഫകാസര്‍കോട് ജലപാത എന്നിവ ശ്രദ്ധിക്കുക.
പിണറായിയുടെ മുഖമോ പ്രതിച്ഛായയോ ഒരു സൂചനയും നല്‍കുന്നില്ലെങ്കിലും മേഴ്‌സിക്കുട്ടിയുടെയും ശൈലജയുടെയും സ്ത്രീഹൃദയവും കടന്നപ്പള്ളിയുടെ സര്‍വോദയമനസ്സും ഒക്കെ ഓര്‍മയില്‍ തെളിയിക്കുന്ന മറ്റൊരു പ്രധാനസംഗതി ആര്‍ദ്രതയും സഹാനുഭൂതിയും ഈ സര്‍ക്കാറിനെ അടയാളപ്പെടുത്തുന്നു എന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, സാങ്കേതിക കാരണങ്ങളാല്‍ ആ പട്ടികയില്‍പെട്ടില്ലെങ്കിലും ക്ലേശം അനുഭവിക്കുന്നവര്‍, ക്ഷേമപെന്‍ഷനുകളെ വരുമാനമായി ആശ്രയിക്കുന്നവര്‍, അത് വാങ്ങാന്‍വേണ്ടി ഇറങ്ങിത്തിരിക്കാന്‍ കഴിവില്ലാത്തവര്‍, വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാനാവാതെ കടക്കെണിയിലായവര്‍… ഇങ്ങനെ ദുര്‍ബലരും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവരും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാറിന്‍െറ റഡാറില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ മേഖലകളിലും സര്‍ക്കാറിന്‍െറ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടായിരുന്ന മുഖ്യന്‍ കൊമ്പത്തെങ്കില്‍ മന്ത്രിമാര്‍ വരമ്പത്ത് എന്ന മട്ടോ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ദൃശ്യമായ മുഖ്യന്‍ ആള്‍ക്കൂട്ടത്തിലും മന്ത്രിമാര്‍ അവരവരുടെ തുരങ്കങ്ങളിലൂടെയും എന്ന മട്ടോ കാണുന്നില്ല എന്നതും നിഷ്പക്ഷരും സൂക്ഷ്മദൃക്കുകളും ആയ നിരീക്ഷകര്‍ കാണാതിരിക്കുന്നില്ല. ഇത് പിണറായിയുടെ ഏകാധിപത്യമാണ് എന്ന് പറയുന്നത് അമിത ലളിതവത്കരണമാണ്. മന്ത്രിസഭക്ക് പൊതുവായ ഒരു ദിശാബോധം ഉണ്ട് എന്നതാണ് പ്രധാനം.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഇന്നത്തെ കടലാസുകള്‍ കണ്ടത്. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയാണ് എന്ന് അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്ന ഒരു മുഖ്യമന്ത്രി നമ്മുടെ ഫെഡറല്‍ ജനാധിപത്യത്തിന് ഭൂഷണമാണ്. ആ വാര്‍ത്താസമ്മേളനത്തിന്‍െറ വാര്‍ത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഭംഗിയായി കൊടുത്തിട്ടുമുണ്ട്. ഉള്ളതുപറഞ്ഞാല്‍ ഉറി മാത്രമല്ല പിണറായിയും ചിരിക്കും. മുഖ്യമന്ത്രിയെയും മാധ്യമങ്ങളെയും അഭിനന്ദിക്കാതിരിക്കുന്നത് എഴുത്തുകാരന്‍െറ സത്യസന്ധതയെ വന്ധ്യംകരിക്കുന്നതാവും എന്നതുകൊണ്ടാണ് ഈ വാര്‍ത്താസമ്മേളനവും അതിനോടുള്ള മാധ്യമപ്രതികരണവും സവിശേഷമായി പരാമര്‍ശിക്കുന്നത്.
ദോഷങ്ങള്‍ ഇല്ലെന്നല്ല. അതുമാത്രം പറയാന്‍ ഒരു പ്രമുഖപത്രം എന്നോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് നമ്മുടെ മണി മന്ത്രിയുടെ മണക്കാട് പ്രസംഗംപോലെ വണ്‍, ടൂ, ത്രീ അക്കമിട്ട് എഴുതിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, പൊതുവെ നിരീക്ഷിച്ചാല്‍ ഗുണദോഷ സമ്മിശ്രമെങ്കിലും ഗുണത്തിന് ഒരു നെല്ലിട മേല്‍ക്കൈയുള്ള സര്‍ക്കാര്‍ എന്നാണ് ഒന്നാം വാര്‍ഷികത്തില്‍ തോന്നുന്നത്. 60 ശതമാനം മാര്‍ക്ക് കൊടുക്കാം; അതില്‍ അഞ്ച് മോഡറേഷനും അഞ്ച് ഗ്രേസ്മാര്‍ക്കും ആണ് എന്ന് കരുതുന്നവരോട് തര്‍ക്കിക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല.