Trending Now

കോന്നി – പുനലൂര്‍ റീച്ചിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള 29.84 കിലോമീറ്റര്‍ റോഡിന്റെ വര്‍ക്കാണ് കെഎസ്ടിപി ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ 15 കിലോമീറ്റര്‍ കോന്നി നിയോജക മണ്ഡലത്തിലാണ്. 221 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നടത്തിയത്.
കോന്നി ഉപതെരഞ്ഞെടുപ്പിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയിലെത്തിയാണ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള 82.11 കിലോമീറ്റര്‍ റോഡ് വികസനമാണ് കെഎസ്ടിപി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചുള്ള ടെന്‍ഡര്‍ നടപടിയാണ് നടത്തിയത്. കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന പ്ലാച്ചേരി – കോന്നി റീച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ രീതിയിലുള്ള ആദ്യ നിര്‍മാണമാണിത്. 14 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ച് 10 മീറ്റര്‍ വീതിയില്‍ ഡിബിഎം ആന്‍ഡ് ബിസി ടാറിംഗ് നടത്തിയാണ് റോഡ് നിര്‍മിക്കുന്നത്.
കോന്നി – പുനലൂര്‍ റീച്ചിന്റെ വികസനം നടക്കുന്നതോടെ കോന്നി നിയോജക മണ്ഡലത്തിന്റെ കേന്ദ്രമായ കോന്നി, പ്രധാന ജംഗ്ഷനുകളായ ചൈനാ മുക്ക്, എലിയറയ്ക്കല്‍, വകയാര്‍, കൊല്ലന്‍പടി, മുറിഞ്ഞകല്‍, കൂടല്‍, കലഞ്ഞൂര്‍, ഇടത്തറ തുടങ്ങിയ സ്ഥലങ്ങളെ ആധുനിക രീതിയില്‍ വികസിപ്പിക്കും. പ്രധാന ജംഗ്ഷനുകളില്‍ ഫുട്ട് പാത്ത് കം ഡ്രെയിനേജും നിര്‍മിക്കും. മൈനര്‍ ബ്രിഡ്ജുകള്‍ പുതുക്കി നിര്‍മിക്കും. എല്ലാ ബസ് സ്റ്റോപ്പുകളും ബസ് ബേകളായി വികസിപ്പിക്കും. സ്ട്രീറ്റ് ലൈറ്റും, ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ആര്‍ഡിഎസ് ചെറിയാന്‍ ആന്‍ഡ് വര്‍ക്കി കണ്‍സ്ട്രക്ഷനാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഉടന്‍ തന്നെ എഗ്രിമെന്റ് വയ്ക്കാനുള്ള നടപടി സ്വീകരിക്കും.
കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തിയതിനാലാണ് കോന്നി – പുനലൂര്‍ റീച്ചിലെ നിര്‍മാണം പ്ലാച്ചേരി-കോന്നി റീച്ചിനൊപ്പം ആരംഭിക്കാന്‍ കഴിയാതിരുന്നത് എന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടതുകൊണ്ടാണ് എല്ലാ തര്‍ക്കവും പരിഹരിച്ച് ടെന്‍ഡര്‍ നല്‍കാന്‍ സാധിച്ചത്.
കോന്നി നിയോജക മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതിയാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം. മുഖ്യമന്ത്രി എടുത്ത വ്യക്തിപരമായ മുന്‍കൈ യാണ് ഈ നിലയില്‍ നിര്‍മാണം വേഗത്തിലാകാന്‍ കാരണം. കോന്നി – പുനലൂര്‍ റീച്ചിലെ തര്‍ക്കവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ പരിഹാരം കാണുന്നതിന് മികച്ച പിന്തുണയാണ് നല്‍കിയത്. കരാര്‍ കമ്പനി എഗ്രിമെന്റ് നടപടി പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്നും, ഇതു സംബന്ധിച്ച് കെഎസ്ടിപി ചീഫ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തിയെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!