സംസ്ഥാനത്തെ നാലാമത്തെ കൗശല്‍ കേന്ദ്ര കോന്നിയില്‍ അനുവദിച്ചു

 

സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഠനകേന്ദ്രമായ കൗശല്‍ കേന്ദ്ര കോന്നിയില്‍ അനുവദിച്ച് ഉത്തരവായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്ന കോന്നിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടത്തക്ക നിലയിലുള്ള പരിശീലനവും, നിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സ്ഥാപനം അനുവദിച്ചത്.
സംസ്ഥാനത്തെ നാലാമത്തെ കൗശല്‍ കേന്ദ്രയ്ക്കാണ് കോന്നിയില്‍ അനുമതി ലഭിച്ചത്. തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മുഖേന നടപ്പാക്കി വരുന്ന നൈപുണ്യ വികസന കേന്ദ്രമാണ് കൗശല്‍ കേന്ദ്ര. സ്‌കില്‍ ഡവലപ്പ്മെന്റിനും, വ്യക്തിത്വ വികസനത്തിനും, തൊഴില്‍ നേടുന്നതിനും വേണ്ടിയുള്ള ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്.
കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറയിലും, കൊല്ലം ജില്ലയിലെ ചവറയിലും, പാലക്കാട് ജില്ലയിലെ കൂറ്റനാടുമായാണ് നിലവില്‍ കൗശല്‍ കേന്ദ്ര പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസത്തിനും, തൊഴില്‍ നേടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുക, വിദ്യാഭ്യാസ വായ്പ, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുക, മത്സര പരീക്ഷകളുടെ വിവരങ്ങള്‍ നല്‍കുക, ആശയ വിനിമയ ശേഷി വര്‍ധിപ്പിക്കുക, മത്സര പരീക്ഷകളുടെ വിവരങ്ങള്‍ നല്‍കുക, ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച സഹായം നല്‍കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൗശല്‍ കേന്ദ്ര പ്രവര്‍ത്തിക്കുന്നത്.
അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തെ മികച്ച വായനശാലകളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നീ സൗകര്യങ്ങള്‍ പഠനകേന്ദ്രത്തിന്റെ ഭാഗമായി ഉണ്ടാകും.
തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകളും ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ നാല് കോഴ്സുകള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സിലബസ് അനുസരിച്ചുള്ള ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ലിറ്ററസി, മത്സര പരീക്ഷകള്‍ക്ക് തയാറാക്കാന്‍ വേണ്ടിയുള്ള ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് റീസണിംഗ്, ഇലക്ട്രിക്കല്‍ ജോലിയില്‍ പരിശീലനം നല്‍കുന്ന ബേസിക് ഇലക്ട്രിക്കല്‍ സ്‌കില്‍ ട്രെയിനിംഗ് എന്നീ നാല് കോഴ്സുകളാണ് ആദ്യം ആരംഭിക്കുക. തുടര്‍ന്ന് വിവിധ കോഴ്സുകളും തുടങ്ങും.
ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള പരിശീലന സഹായ കേന്ദ്രമായും, സാധാരണ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക് തൊഴില്‍ പരിശീലിപ്പിച്ചു നല്‍കുന്ന സ്ഥാപനമായും പ്രവര്‍ത്തിക്കുന്ന കൗശല്‍ കേന്ദ്ര കോന്നി എലിയറയ്ക്കലില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇതിനായുള്ള സ്ഥല പരിശോധന നടത്തിക്കഴിഞ്ഞു.മൂവായിരം സ്‌ക്വയര്‍ ഫീറ്റില്‍ പൂര്‍ണമായും ശീതീകരിച്ച കെട്ടിടമാണ് ഇതിനായി തയാറാക്കുന്നത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം കോന്നിയില്‍ എത്രയും വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നടപടിയുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!