വൈകിട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികള്‍ക്കു മാത്രമേ ഗതാഗത സൗകര്യം ഒരുക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനം ഉണ്ടായതിന്റെ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇനിമുതല്‍ രാത്രി ഏഴ് മണി വരെയാകും കോവിഡ് രോഗികള്‍ക്ക് ഗതാഗത സൗകര്യം ക്രമീകരിക്കുക. ആശുപത്രി സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ തഹസീല്‍ദാര്‍മാര്‍ അവ വിലയിരുത്തി ഡെപ്യൂട്ടി കളക്ടര്‍മാരുടെ സഹായത്തോടെ പരിഹരിക്കണം. എഡിഎം, ഡിഎംഒ, എന്‍എച്ച്എം ഡിപിഎം തുടങ്ങിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം.
ആറന്മുളയിലെ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത്തരം സാഹചര്യം ഇനിയും ഉണ്ടാകാന്‍ സാധ്യയുണ്ടോയെന്നും പരിശോധിച്ചു. സംഭവത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒ, ഡിഎംഒ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സൗകര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നതും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ടോ എന്നതും യോഗത്തില്‍ വിലയിരുത്തി. ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി താലൂക്ക്തലത്തില്‍ പത്ത് ആംബുലന്‍സും ബ്ലോക്ക് തലത്തില്‍ പത്ത് ആംബുലന്‍സും സജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ താലൂക്കുകളിലും ബ്ലോക്ക് തലത്തിലുമായി 18 ആംബുലന്‍സുകളാണ് ഉള്ളത്. ഇതിനു പുറമേയാണ് 20 ആംബുലന്‍സുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സ്രവ ശേഖരണം ബ്ലോക്ക് തലങ്ങളില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനമായി. രാത്രി ഏഴ് മണിക്ക് ശേഷം രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ രണ്ടു തരത്തിലാകും ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റുക. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളവരെ മാറ്റുന്നത് സംബന്ധിച്ച് ആശുപത്രിതലത്തില്‍ തീരുമാനമെടുക്കും. അല്ലാത്ത സാഹചര്യങ്ങള്‍ കൃത്യസമയത്ത് ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ അറിയിച്ചതിനുശേഷം മാത്രമാകും രോഗിയെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുക. അത്തരം സാഹചര്യത്തില്‍ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തും. ആശുപത്രികളിലെ വനിതാ ജീവനക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തും. ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും താമസിക്കുന്ന കോവിഡ് രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തും. ഒപ്പം രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കും.
രാത്രി കാലങ്ങളില്‍ രോഗികളെ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ രോഗികളെ പകല്‍ സമയങ്ങളില്‍ അഡ്മിറ്റ് ചെയ്യേണ്ടതായി വരും. ഇതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമായി വരുന്നതിനാല്‍ ഉടനെ 20 ആംബുലന്‍സുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകംതന്നെ പത്തനംതിട്ട ഇടത്താവളത്തിലുള്ള നാല് ആംബുലന്‍സുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എഡിഎം അലക്സ് പി. തോമസ്, സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, തഹസീല്‍ദാര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.