Trending Now

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് പദ്ധതി

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ

കോന്നി വാര്‍ത്ത ഡോട്ട് കോം : കടല്‍ സസ്തനികളുടെയും കടലാമുകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തുടക്കമിട്ടു. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സമുദ്രഭാഗത്തുള്ള 27 കടല്‍ സസ്തനികളുടെയും അഞ്ച് കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രോഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍സസ്തനികളുടെ വംശസംഖ്യ ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്. സമുദ്രോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ മത്സ്യബന്ധനം നടത്തുന്പോള്‍ കടല്‍ സസ്തനികളെ മനപൂര്‍വം കൊല്ലുന്നത് അനുവദിക്കരുതെന്ന യുഎസ് നിയമം ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ചെമ്മീന്‍ പിടിക്കുമ്പോള്‍ കടലാമകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് യുഎസ് അംഗീകാരപത്രം നല്‍കുന്നത് വരെ ഒരു രാജ്യത്തിന്‍റെയും ചെമ്മീന്‍ ഇറക്കുമതി ചെയ്യേണ്ടെന്നാണ് യുഎസ് നിലപാട്. ഇത് കാരണം 2018 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി യുഎസ് നിരോധിച്ചിരിക്കുകയാണ്.

സമുദ്രഭക്ഷ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതലേക്കുള്ള വഴികള്‍ എളുപ്പമാക്കാന്‍ സിഎംഫ്ആര്‍ഐയുടെ പുതിയ പഠനം ഉപകരിക്കുമെന്ന് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നതിനായി സംഘടിപ്പിച്ച വെര്‍ച്വല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്ത ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന പറഞ്ഞു.

സമുദ്രഭക്ഷ്യോല്‍പന്ന കയറ്റുമതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍, യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍റെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കുന്ന ഈ ഗവേഷണ പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് ഐഎഎസ് പറഞ്ഞു.

കടല്‍ സസ്തനികളും കടലാമകളും സമുദ്രആവാസവ്യവസ്ഥയുടെ സംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിഎംഫ്ആര്‍ഐ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിഎംഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് കടല്‍ സസ്തനികളെയും കടലാമകളെയും ഉള്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍, പലവിധേനയുള്ള മനുഷ്യ ഇടപെടല്‍ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ തീരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയുടെ വംശസംഖ്യയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് കടല്‍സസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഡോ കേറ്റ് സറ്റഫോര്‍ഡ്, യുഎസിലെ നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസിലെ ഡോ മൃദുല ശ്രീനിവാസന്‍, ഐസിഎആര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഡോ പി പ്രവീണ്‍, ഫിഷറി സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ എല്‍ രാമലിംഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ഡോ ലത, സീഫുഡ് എക്സ്പോര്ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് അലക്സ് നൈനാന്‍, ഡോ ഇ വിവേകാനന്ദന്‍, ഡോ ലീല എഡ്വിന്‍, പദ്ധതിയുടെ മുഖ്യഗവേഷകന്‍ ഡോ ആര്‍ ജയഭാസ്കരന്‍, ഡോ ജെ ജയശങ്കര്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!