Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/02/2025 )

കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസംപദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected] ല്‍ ഫെബ്രുവരി 22 നകം അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

 

ജില്ലാ പദ്ധതി രൂപീകരണം: ആലോചനാ യോഗം ചേര്‍ന്നു

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. സമഗ്രവികസനത്തിന് ദിശാബോധം നല്‍കുന്ന പ്രധാനപ്പെട്ട രേഖയാണ് ജില്ലാ പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ മുഖ്യ അവതരണത്തില്‍ പറഞ്ഞു. അതാത് വിഷയ മേഖലകളിലെ കരട് അധ്യായങ്ങള്‍ തയ്യാറാക്കുന്നതിന് മേഖലകളുമായി ബന്ധപ്പെട്ട ഉപസമിതികളാണ് പ്രവര്‍ത്തിക്കുക. ജില്ലാ ആസൂത്രണ സമിതി അംഗം, വിഷയ മേഖല വിദഗ്ധന്‍, ജില്ലാതല ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെട്ടതാണ് ഉപസമിതി. വിഷയ വിദഗ്ധരായ ഏഴു മുതല്‍ 15 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതല നിരീക്ഷണത്തിനായി മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കും. ആസൂത്രണ ബോര്‍ഡും വികേന്ദ്രീകരണ ആസൂത്രണ ഡിവിഷനുമാണ് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കുന്നത്.

ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്സ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. പദ്ധതിയുടെ ലക്ഷ്യം, ഉള്ളടക്കം എന്നിവയെ കുറിച്ച് വികേന്ദ്രീകരണ ആസൂത്രണ വിഭാഗം ചീഫ് ജെ ജോസഫൈന്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഉപസമിതി വൈസ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വിഷയമേഖല വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഇനി ഞാന്‍ ഒഴുകട്ടെ’ മാലിന്യമുക്ത ജനകീയ ക്യാമ്പയിന്‍

മാലിന്യമുക്ത നവകരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് നിര്‍വഹിച്ചു. പുഴകള്‍ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓര്‍മിപ്പിക്കാനും അവരില്‍ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുള്ള അവബോധം വളര്‍ത്തുവാനും പദ്ധതി പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നീര്‍ച്ചാലുകളെ പൂര്‍ണമായി മാലിന്യ മുക്തമാക്കി തുടര്‍മലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലക്ഷ്മി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, സുനി എബ്രഹാം, ശ്യാമള ഉദയഭാനു, സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് ആറന്മുളയില്‍ തുടക്കം

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി വാട്ടര്‍ ടാങ്ക് പുത്തന്‍പറമ്പില്‍പടി തോടിന് സമീപം പ്രസിഡന്റ് ഷീജ ടി റ്റോജി നിര്‍വഹിച്ചു. കയര്‍ ഭൂവസ്ത്രം വിരിച്ചു  650 മീറ്ററോളം തോട് നവീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ അന്‍സാരി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പ് സംഘടിപ്പിച്ചു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൗമാര പെണ്‍കുട്ടികളുടെ മാനസിക, ശാരീരിക, ഉന്നമനത്തിനായി ‘നിര്‍ഭയം’ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി കെ അനു ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അരാജകത്വങ്ങളെയും വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ സജ്ജരാക്കുന്നതിന് ക്യാമ്പ് സഹായിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 2024-25 പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. , പഞ്ചായത്ത് പ്രസിഡന്റുമാരായ അനുരാധ സുരേഷ്, അലക്‌സ് ജോണ്‍ പുത്തൂപള്ളി, വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാന്‍, ബ്ലോക്ക് സിഡിപിഒ  ജി എന്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.

ലാപ്‌ടോപ്പ് വിതരണം ചെയ്തു

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിന്റെ  വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു.  11 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി വിഷ്ണു നമ്പൂതിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, ചന്ദ്രു എസ് കുമാര്‍, അശ്വതി രാമചന്ദ്രന്‍, ശാന്തമ്മ ആര്‍ നായര്‍, ശര്‍മള സുനില്‍, സുഭദ്രാരാജന്‍, സനല്‍കുമാരി, അസിസ്റ്റന്റ് സെക്രട്ടറി സമീര്‍ എന്നിവര്‍ പങ്കെടുത്തു.

മോണ്ടിസോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ  

കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 രാവിലെ 10.30ന് നടത്തും. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ,് മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും  ജില്ലയിലുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50വയസ്.  ഫോണ്‍ : 0468 2344823.

തൊഴില്‍മേള

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു, കെ എസ് എസ് ഐ എ മല്ലപ്പള്ളി പ്രസിഡന്റ്  പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

വനിതാ സംരംഭകത്വ വികസന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്)  അഞ്ച് ദിവസത്തെ  വനിതാ സംരംഭകത്വ വികസന പരിപാടി കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 7994903058.

കുടിശിക അദാലത്ത്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  മാര്‍ച്ച് 31 വരെ ജില്ലയില്‍ കുടിശിക അദാലത്ത് നടത്തുന്നു.  കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍,  അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും. അദാലത്തില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ റവന്യുറിക്കവറി ഉള്‍പ്പെടെയുളള നിയമ നടപടികള്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.

ടെന്‍ഡര്‍

പുളികീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ   പരിധിയിലുളള 155 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2610016, 9188959679.

error: Content is protected !!