ശബരിമല: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങൾ. മണ്ഡലകാലം ആരംഭിച്ചപ്പോൾ മുതൽ കൊട്ടാരക്കര ചേകം സ്വദേശിയായ മനു വരച്ചുതുടങ്ങിയ അയ്യപ്പചിത്രങ്ങൾ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ നിറങ്ങൾ ചാലിച്ചു നിറഞ്ഞു നിൽക്കുകയാണ്.
ഭിന്നശേഷിക്കാരനായ മനു തന്റെ പരിമിതികളെ ഛായം പൂശിയ ബ്രഷിൽ തൂത്തെറിഞ്ഞാണ് ചിത്രങ്ങൾ അയ്യപ്പനു സമർപ്പിക്കുന്നത്. 30 അടി നീളത്തിലും 20 അടി വീതിയിലും പൂർത്തിയാക്കിയ സന്നിധാനത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ കൂറ്റൻ ചിത്രം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ (ഡിസംബർ 23) അനാവരണം ചെയ്തു. ദിവസം ഒരു ചിത്രം എന്ന നിലയിലാണ് വരയ്ക്കുന്നതെങ്കിലും ഒരാഴ്ച എടുത്താണ് രണ്ടുനിലകെട്ടിടത്തേക്കാൾ ഉയരമുള്ള ഈ ചിത്രം പൂർത്തിയാക്കിയത്.
ഇതേവലുപ്പത്തിൽ പുലിവാഹനമേറിയ അയ്യപ്പന്റെ മറ്റൊരു ചിത്രം അന്നദാനമണ്ഡത്തിന്റെ വലത്തേയറ്റത്തെ ചുമരിലും മനു വരച്ചുപൂർത്തിയാക്കി. അയ്യപ്പചരിതം ചിത്രങ്ങളിലൂടെ പറയുന്നതിനാണ് മനു സന്നിധാനത്തെത്തിയത്. 14 ചിത്രങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടു വലിയ ചിത്രങ്ങളടക്കം ഒൻപതെണ്ണം പൂർത്തിയാക്കി. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
ജന്മനാ വലത്തേകൈയുടെ മുട്ടിനു താഴോട്ടില്ലാത്ത മനു ഇടംകൈകൊണ്ടാണ് വരയ്ക്കുന്നത്. വലംകൈയുടെ ശേഷിക്കുന്ന ഭാഗം കഴിഞ്ഞവർഷം ജോലിക്കിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് ഒടിഞ്ഞ് ഉള്ളിൽ കമ്പിയിട്ടിരിക്കുകയാണ്. കാലിനും ജന്മനാ സ്വാധീനക്കുറവാണ്. ഈ പരിമിതികളെ അതിജീവിച്ചാണ് വലിയ ഉയത്തിൽ കയറി കൂറ്റൻ ചിത്രങ്ങൾ വരയ്ക്കുന്നത്.
സന്നിധാനത്തെ കനത്തവെയിൽ കാരണം രാത്രിയിലാണ് ചിത്രം വരയ്ക്കൽ. മാളികപ്പുറത്തും, ദേവസ്വം ഓഫീസിലും സന്നിധാനത്തും ചിത്രങ്ങൾ വരയ്ക്കണമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. നാൽപതു വയസായ മനു ജീവിതത്തിലാദ്യമായാണ് ശബരിമല കയറിയെത്തുന്നത്. എത്രയോ വലിയ കലാകാരന്മാർ ഉണ്ടായിട്ടും തനിക്കു മാത്രമാണ് ഈ ഭാഗ്യം ലഭിച്ചതെന്നും കടുത്ത സാമ്പത്തികപ്രയാസത്തിൽ ജീവിക്കുന്ന തനിക്ക് അയ്യപ്പൻ തുണ കാട്ടുമെന്നും മനു പറയുന്നു.
ഭാര്യയും രണ്ടു മക്കളും ഉള്ള മനു വാഹനങ്ങൾക്ക് പെയിന്റിങ്ങ് പണി എടുത്താണ് ജീവിച്ചിരുന്നത്. നമ്പർ പ്‌ളേറ്റുകൾ സംബന്ധിച്ചുള്ള നയം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. പിന്നീട് റബർ ടാപ്പിങ് അടക്കമുള്ള പണികൾ പോയി. പിടവൂർ, മഹാവിഷ്ണുക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിലെല്ലാം മനു ഇത്തരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മനുവിന്റെ ചിത്രങ്ങളെക്കുറിച്ചറിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണ് ഇക്കുറി ശബരിമലയിലേക്ക് ക്ഷണിക്കുന്നത്.