Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്.

ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു എന്നിവര്‍ നേതൃത്വം നല്‍കും.

 

ഹബ് ആന്‍ഡ് ലാബോറട്ടറി സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീയും

ആരോഗ്യവകുപ്പിന്റെ ആര്‍ദ്രംമിഷന്റെ ഭാഗമായുള്ള ഹബ് ആന്റ് ലാബോറട്ടറി സാമ്പിള്‍ കളക്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളാകുന്നു. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കുടുംബാരോഗ്യ കേന്ദ്രം പന്തളം തെക്കേക്കര, തുമ്പമണ്‍, മെഴുവേലി വല്ലന, കുളനട, ആറന്‍മുള തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ഇവരുടെ വേതനം നല്‍കുന്നത്.ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ തുമ്പമണ്‍ ബ്ലോക്ക് പബ്ലിക്‌ഹെല്‍ത്ത്‌ലാബ്, കോഴഞ്ചേരി ടി.ബിസെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ടെസ്റ്റ് ചെയ്യുന്നത്. ടി.ബിപരിശോധനയില്‍ തുടങ്ങി ഘട്ടം ഘട്ടമായി സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയത്തിനായുള്ള പാപ്‌സ്മിയര്‍ പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു.ആദ്യഘട്ടമെന്ന നിലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ നടത്തുന്ന ശൈലീസര്‍വേയില്‍ സംശയ നിഴലിലു ള്ള വ്യക്തികളുടെ പാപ്‌സ്മിയര്‍ പരിശോധന വല്ലന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി സാമ്പിള്‍ കുടുംബശ്രീ സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ക്ക് കൈമാറി. സാമ്പിളുകള്‍ കോഴഞ്ചേരി പബ്ലിക്‌ഹെല്‍ത്ത് ലാബില്‍ പരിശോധനക്ക് വിധേയമാക്കും. പന്തളം ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാമിഷന്‍, കുടുംബശ്രീമിഷന്‍ എന്നിവരുടെ ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

 

സ്പോട്ട്അഡ്മിഷന്‍

കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേര്‍ണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നവംബര്‍ 14 വരെ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. അസല്‍ രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10 ന് കോഴിക്കോട്,തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എത്തണം. ഫോണ്‍: 9544958182, (കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154).

സിറ്റിംഗ് ഇന്ന് (12)

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി ഇന്ന് (നവംബര്‍ 12) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ പുളിക്കീഴ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടക്കും. അംശദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

 

ചിത്രരചന മത്സരം

ഡിംസബര്‍ അഞ്ച് ലോകമണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മത്സരം (വാട്ടര്‍ കളര്‍)നടത്തുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപമുളള സെന്റ് മേരീസ് സ്‌കൂളില്‍ നവംബര്‍ 23 ന് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് മത്സരം. ഒരുസ്‌കൂളില്‍ നിന്ന് പരമാവധി രണ്ടു വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 22 ന് വൈകിട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യാം. മണ്ണ്, പ്രകൃതി, പരിസ്ഥിതി ഇവയോടുബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. ഫോണ്‍ : 0468 2323105, 9495117874.

 

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവ്

പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ബികോമും പിജിഡിസിഎ യും യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 16. ഫോണ്‍ : 04734 288621.

 

അധ്യാപക ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ്‍ : 0468 2256000.

 

ക്വട്ടേഷന്‍

തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗം കാര്യാലയത്തിലേക്ക് ഔദ്യോഗികാവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പടെ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. ഫോണ്‍ : 0468 2222435.

 

ക്വട്ടേഷന്‍

ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള നാല് വാഹനങ്ങള്‍ക്കായി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ( ഏഴ് സീറ്റ്, എ.സി, 2020 മുതലുളള മോഡല്‍). ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12 ന് വൈകിട്ട് മൂന്നുവരെ. ഫോണ്‍: 04682 222515.

ഗതാഗത നിരോധനം

മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന്‍ മുതല്‍ എസ്പി ഓഫീസ് ജംഗ്ഷന്‍ വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങള്‍ റിംഗ് റോഡ് വഴി അബാന്‍ ജംഗ്ഷനില്‍ എത്തി പ്രൈവറ്റ് ബസ് സ്്റ്റാന്‍ഡിന് മുന്‍വശത്ത് കൂടി പ്രവേശിക്കണം.

 

ശബരിമല തീര്‍ഥാടനം : വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് ജനുവരി 25 വരെ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

 

റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

 

ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

 

മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

 

അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നത് ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

 

ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.