കാര്‍ഷികമേഖലയില്‍ നൂതന വിളകളുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പരമ്പരാഗത കാര്‍ഷിക വിളകള്‍ക്ക് പുറമേ കേരളത്തില്‍ സാധാരണമല്ലാത്ത നൂതന വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട്, അമരപ്പയര്‍, റാഡിഷ്, ബീന്‍സ് തുടങ്ങിയവ വ്യവസായിക അടിസ്ഥാനത്തില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന കൃഷി ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാകുടുംബശ്രീ മിഷന്‍ തുടക്കം കുറിച്ചു. കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീ ജില്ലാമിഷന്‍ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 3746 സംഘ കൃഷി ഗ്രൂപ്പുകളിലായി 12,748 അംഗങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്.
ഓമല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജീവന്‍ സംഘകൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തില്‍ കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ് എന്നിവയുടെ വിത്തുകള്‍ പാകി വീണാ ജോര്‍ജ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറ്റവും നല്ല രീതിയില്‍ കൃഷി ചെയ്തു വരുന്നതും 2018-19 വര്‍ഷങ്ങളില്‍ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മുഖേന കൃഷി നഷ്ടപ്പെട്ടുപോയ ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നല്‍കിയ 20,000 രൂപയുടെ ധനസഹായം ലഭിച്ച ഗ്രൂപ്പുകളിലൂടെയാണ് നൂതന വിളകളുടെ കൃഷി നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രളയ ധനസഹായമായി 1,58,80,000 രൂപയാണ് സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. നൂതന കൃഷി ചെയ്യുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളും കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കി.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വൈസ് പ്രസിഡന്റ് പി. എസ്. തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഷൈനു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ്. മാലിനി, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണിണ്ഠന്‍, അസിസ്റ്റന്‍ഡ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, ഫാം ലൈവലിഹുഡ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, സിഡിഎസ് അക്കൗണ്ടന്റ് ആതിര കൃഷ്ണന്‍, ജീവന്‍ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍, സിഡിഎസ് മെമ്പര്‍ എന്നിവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു