konnivartha.com: തിരുവാഭരണഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവാഭരണപാതയിലെ കാടുകള്‍ വെട്ടിത്തെളിക്കണം, കടവുകള്‍ ശുചീകരിക്കണം, തിരുവാഭരണസംഘം വിശ്രമിക്കുന്നയിടങ്ങളില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കണം. മകരവിളക്കിന് മുന്നോടിയായി വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വകുപ്പുകളുടെ ഏകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തിലുണ്ടാകണം.
റാന്നിയില്‍ എല്ലാവര്‍ക്കും സൗകര്യമായ ഇടം കണ്ടെത്തി ബസ് സ്റ്റാന്‍ഡ് നിര്‍മാണം വേഗത്തില്‍ നടത്തണം. കുരുമ്പന്‍മൂഴിയിലേതു പോലെ തന്നെ അരയാഞ്ഞിലിമണ്‍ പ്രദേശത്തും പ്രത്യേക പരിഗണന നല്‍കി നടപ്പാലം നിര്‍മാണം സമയബന്ധിതമായി നടപ്പാക്കണം. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ സ്ഥിരമായി അപകടപ്പെടുന്ന സ്ഥലമായ ളാഹ വളവില്‍ വേണ്ട പരിശോധനകള്‍ നടത്തി ശാസ്ത്രീയമായ പരിഹാരമുണ്ടാക്കണം. മതിയായ സുരക്ഷ ഉറപ്പാക്കണം.
മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നിന്ന് പോകാന്‍ പാടില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പുനലൂര്‍- മൂവാറ്റുപുഴ റോഡിലെ ചെത്തോംകര ഭാഗത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും നവകേരളസദസ് ജില്ലയില്‍ മികച്ച രീതിയില്‍ നടത്തിയെന്നും എല്ലാ വകുപ്പുകളേയും അഭിനന്ദിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
അടൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പന്നി, പെരുമ്പാമ്പ് എന്നിവയുടെ ശല്യം വര്‍ധിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി പറഞ്ഞു. വെടിവയ്ക്കാന്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും ആളെ കിട്ടാനില്ല. കര്‍ഷകര്‍ക്ക് ഇതുമൂലം വലിയ ബുദ്ധിമുട്ടാണുണ്ടാകുന്നത്. ഇതിന് പരിഹാരമുണ്ടാകണം.
ജില്ലയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. വകുപ്പുകളുടെ ഏകോപനവും ഊര്‍ജ്വസ്വലവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. മായ, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.