Trending Now

അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വാര്‍ത്തകള്‍ ( 17/12/2023)

അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ്
നവകേരള സദസിലെത്തുന്നത് എന്റെ നാട് തകര്‍ന്നു കൂടാ എന്ന ബോധ്യത്തോടെ യെത്തുന്നവര്‍: മുഖ്യമന്ത്രി

konnivartha.com: എന്റെ നാട് തകര്‍ന്നു കൂടാ, കേരളം തകര്‍ന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പത്തനംതിട്ട ജില്ലയിലെ അവസാന നവകേരള സദസ്സായ അടൂര്‍ നിയോജകമണ്ഡലത്തിലെ സദസിനെ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരും നിര്‍ബന്ധിച്ചല്ല ആളുകള്‍ നവകേരള സദസിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവര്‍. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസ്സിലും എത്തുന്നത്.

സാമാന്യം വലിയ ഗ്രൗണ്ടുകളിലാണ് നവകേരള സദസ് നടക്കുന്നത്. എന്നാല്‍ ഗ്രൗണ്ടുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല – മുഖ്യമന്ത്രി പറഞ്ഞു.

അതിക്രൂരമായ മനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു പെരുമാറുന്നത്. സംസ്ഥാനമെന്ന നിലയില്‍ നല്ല പ്രകടനമാണ് നമ്മള്‍ കാഴ്ച്ചവയ്ക്കുന്നത്. സംസ്ഥാനത്തിന്റെ പ്രകടനം വച്ചു നോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടതല്ല. എന്നാല്‍ നമ്മളെ ഒരു തരത്തിലും മുന്നോട്ടു പോകാന്‍ അനുവദിക്കില്ല എന്ന വാശിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്.

1,07,500 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേരളത്തിനുണ്ടായത്. ഈ നിലയില്‍ എങ്ങനെ മുന്നോട്ടു പോകാനാണ്. ഈ ഘട്ടത്തില്‍ തര്‍ക്കിച്ചു നില്‍ക്കാനല്ല ഒന്നിച്ചു നില്‍ക്കാനാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ബഹിഷ്‌കരിക്കുകയാണുണ്ടായത്. 2024 ലോ 2026 ലോ ഉള്ള ഒരു പ്രശ്‌നമല്ല. ദീര്‍ഘകാലത്തില്‍ നമ്മുടെ നാട് തകര്‍ന്നു പോകുന്ന പ്രശ്‌നമാണ് നമ്മുടെ മുന്നില്‍. ഇതു തിരിച്ചറിഞ്ഞുള്ള ജനക്കൂട്ടമാണ് നവകേരള സദസ്സിലെത്തുന്നതും മന്ത്രിമാര്‍ പോകുന്ന വഴിക്കു കാത്തു നില്‍ക്കുന്നതുമായ ആയിരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയും ഉപഹാരവും നല്‍കി മുഖ്യമന്ത്രി ആദരിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതി ‘നിറ പൊലിവ് വിഷന്‍ 2025’ ന്റെ ലോഗോ കൃഷി മന്ത്രി പി. പ്രസാദിനു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡപ്യൂട്ടി സ്പീക്കറും അടൂര്‍ നിയമസഭാ നിയോജക മണ്ഡലം എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു , എം.ബി. രാജേഷ്, കെ.രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള സ്വാഗതം പറഞ്ഞു.നിര്‍ത്താതെ പെയ്യ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ ഒഴുകിയെത്തിയത്.

പൊതു ജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 25 കൗണ്ടറുകളും ഒരുക്കിയിരുന്നു. സദസിനു മുന്നോടിയായി ശാസ്താംകോട്ട പാട്ടു പുര അവതരിപ്പിച്ച നാടന്‍ പാട്ട്, ഏഴംകുളം തേപ്പു പാറ ജീവകാരുണ്യ ഭവന്‍ അവതരിപ്പിച്ച നൃത്തം, അപര്‍ണ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആര്‍ട്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം, കൃഷ്ണപ്രിയയും സംഘവും അവതരിപ്പിച്ച തിരുവാതിര, കേരള നടനം എന്നിവ അരങ്ങേറി.

നവകേരള സൃഷ്ടിക്കായി സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു : മന്ത്രി ആന്റണി രാജു

നവകേരള സൃഷ്ടിക്കായി സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ അവസാന സദസ്സായ അടൂര്‍ മണ്ഡലത്തിലെ വൈദ്യന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.

ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, ഹൈവേ വികസനം തുടങ്ങി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പാര്‍പ്പിടങ്ങള്‍, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി നാടിന്റെ വികസനം ലക്ഷ്യമാക്കി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നു. മലയോര ഹൈവേയ്ക്കായി 35,000 കോടി രൂപ ചെലവഴിച്ചു.

എംപാനല്‍ ജീവനക്കാര്‍ക്കു പുനര്‍നിയമനം നടത്തി, കെ സ്വിഫ്റ്റ്, ബജറ്റ് ടൂറിസം, ലോജിസ്റ്റിക് കൊറിയര്‍ സര്‍വീസ്, ഗ്രാമവണ്ടി, ശബരിമല തീര്‍ഥാടനകേന്ദ്രത്തിലെ സേഫ്‌സോണ്‍ പദ്ധതി സ്മാര്‍ട്ട് ഡ്രൈവിംങ് ലൈസന്‍സ്, എഐ കാമറ, തുടങ്ങിയ പദ്ധതികളിലൂടെ മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോവിഡ്കാലത്ത് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചു. സമാനതകളില്ലാത്ത വികസന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ പരിപാടിക്കാണ് നവകേരള സദസ്സ് സാക്ഷ്യം വഹിക്കുന്നത്. നാനാതുറമുഖങ്ങളില്‍ നിന്നുള്ളവരുടെ സംഗമം കൂടിയായി നവകേരളസദസ്സ്.

ജില്ലയിലെ നവകേരളസദസ്സിന് അടൂരില്‍ ഉജ്ജ്വല പരിസമാപ്തി

അടൂരിന്റെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി നവകേരള സദസ്സിന് ജില്ലയില്‍ ഉജ്ജ്വല പരിസമാപ്തി. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ നവകേരളസദസ്സ് പര്യടനം അടൂരില്‍ അവസാനിച്ചു.

ജനബാഹുല്യം കൊണ്ടും വര്‍ണാഭമായ കലാപരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു അടൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ്. ഇന്നലെ(17) വൈകിട്ട് ആറിന് ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ജനങ്ങള്‍ അടൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലെത്തുന്നത് കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന ഓരോ കലാപരിപാടികളും പ്രചരണപരിപാടികളും ജനസാഗരത്തിന് വിരുന്നൊരുക്കുകയായിരുന്നു.

സദസ്സിന് മുന്‍പ് സംഘടിപ്പിച്ച കലാപരിപാടികള്‍ സദസ്സിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. മണ്ഡലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായിരുന്നു സദസ്സില്‍ നിറഞ്ഞ ജനങ്ങളും ആഘോഷാരവങ്ങളും.

വേദിയിലേക്ക് ആദ്യമെത്തിയത് ഗതാഗത മന്ത്രി ആന്റണി രാജുവും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യു മന്ത്രി കെ രാജന്‍ എന്നിവരായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി അടൂര്‍ മണ്ഡലം ഊഷ്മളമായ വരവേല്‍പ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുസ്തകങ്ങളും പൂച്ചെണ്ടുകളുമാണ് ഉപഹാരമായി നല്‍കിയാണ് സദസ്സിലേക്ക് സ്വീകരിച്ചത്.

നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹെല്‍പ്പ് ഡെസ്‌ക് ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 25 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച നവകേരള സദസ്സിന്റെ പര്യടനം പത്തനംതിട്ട ജില്ലയിലെ അടൂര്‍ മണ്ഡലത്തില്‍ പര്യവസാനിക്കുമ്പോള്‍ സര്‍ക്കാരിനോടുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു ജില്ലയിലെ ഓരോ മണ്ഡലത്തിലും നിറഞ്ഞ് കവിഞ്ഞ സദസ്സ്.

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കും: മന്ത്രി എം ബി രാജേഷ്

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ നടന്ന അടൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനായി സമഗ്രസര്‍വ്വേയിലൂടെ അതിദരിദ്രരെ കണ്ടെത്താന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് ദാരിദ്ര്യം പൂര്‍ണമായി തുടച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

നാഷണല്‍ ഹൈവേ, മലയോര-തീരദേശ ഹൈവേ, വാട്ടര്‍ മെട്രോ, കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സുകളുടെ നിര്‍മാണം, സംരംഭകരുടെ സ്റ്റാര്‍ട്ട്ആപ്പുകള്‍ തുടങ്ങി വൈജ്ഞാനിക സമ്പത്ത് കെട്ടിപ്പടുക്കാനായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവയില്‍ എല്ലാം തന്നെ ബോധപൂര്‍വമായ വികസനകുതിപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന മൊബൈല്‍ ആപ്പായ കെ-സ്മാര്‍ട്ട് (കേരള സൊലൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫമേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍)
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2024 ജനുവരിയോടെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിലേക്കും ഈ സംവിധാനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ലോകത്തിനു മുന്നില്‍ തുറന്ന് കാട്ടുന്നതിനായുള്ള സാധ്യതകള്‍ മനസിലാക്കി അനുയോജ്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

നവകേരളത്തിന്റെ മറ്റൊരു ലക്ഷ്യം മാലിന്യമുക്ത നവകേരളമാണ്. കക്ഷി രാഷ്ട്രീയമില്ലാതെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇന്ത്യയ്ക്ക് മാതൃകാപരമായ വികസനം സാധ്യമാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

അസാധ്യമായതിനെ സാധ്യമാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. നവകേരള സദസ്സിലൂടെ ലക്ഷ്യം വയ്ക്കുന്നത് കേരളത്തെ പുനഃസ്ഥാപിക്കല്‍ അല്ല പുതുകേരളത്തെ സൃഷ്ടിക്കുകയാണ്.
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രത്യാഘാതം ഉയര്‍ത്തിയ നിരവധി വെല്ലുവിളികളാണ് 2018, 19, 20 വര്‍ഷങ്ങളില്‍ ഉണ്ടായത്. വെല്ലുവിളികളെ സധൈര്യം നേരിട്ട് കേരളത്തെ കെട്ടിപ്പടുക്കാനും വികസനകുതിപ്പിലേക്ക് കൊണ്ടുവരാനും സാധിച്ചത് മികവുറ്റ ഒരു ഭരണകേന്ദ്രത്തിന്റെയും അതിന്മേല്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയും: മന്ത്രി കെ രാജന്‍

സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വികസന, ക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ അവസാന സദസ്സായ അടൂര്‍ മണ്ഡലത്തിലെ വൈദ്യന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തകാലയളവില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൂടെ ഉണ്ട് എന്നുള്ളത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അത് സാക്ഷാത്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കാവശ്യമായ മികച്ച ചികിത്സയും ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കിയ സര്‍ക്കാര്‍ ജനഹിതമറിഞ്ഞു പ്രവര്‍ത്തിച്ചു.

ഈ കാലയളവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ ചികിത്സ നല്‍കി ലോകത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കിവരുന്ന സര്‍ക്കാരാണ് ഈ സംസ്ഥാനസര്‍ക്കാര്‍. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലൂടെ നിരവധി വികസനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നല്‍കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള പട്ടയമിഷന്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നുണ്ട്.

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള ശ്രമങ്ങള്‍ നടക്കുമ്പോഴും ആ വെല്ലുവിളികളെ സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ്: അടൂര്‍ മണ്ഡലത്തില്‍ ലഭിച്ചത് 4731 നിവേദനങ്ങള്‍

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 4731 നിവേദനങ്ങള്‍.

അടൂര്‍ മണ്ഡലത്തിലെ സദസ്സ് നടന്നവൈദ്യന്‍സ് ഗ്രൗണ്ടില്‍ ഉച്ചക്ക് മുതല്‍ നിവേദനം സ്വീകരിക്കുന്നതിനായുള്ള കൗണ്ടറുകളും ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് രണ്ട്, സ്ത്രീകള്‍ക്ക് ഏഴ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ്, പൊതുവിഭാഗത്തിന് എട്ട് എന്നിങ്ങനെ 24 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്. നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും

error: Content is protected !!