മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം
konnivartha.com/ കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം കുറിച്ചു .
ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ജല സംരക്ഷണ പൂജ സമുദ്ര പൂജയോടെ കളരി വിളക്ക് തെളിയിച്ചു . മന വിളക്ക് കൊളുത്തി 41 തൃപ്പടിയിലും തേക്കില നാക്ക് നീട്ടിയിട്ട് അതില്‍ നിലവിളക്ക് തെളിയിച്ച് വറ പൊടിയും ചുട്ട കിഴങ്ങ് വിഭവവും വിളമ്പി ആരതി ഉഴിഞ്ഞ് സര്‍വ്വ ചരാചരങ്ങളെയും മഹോത്സവത്തിലേക്ക് വിളിച്ചിരുത്തി .
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയിലുണര്‍ത്തി അടുക്കുകള്‍ സമര്‍പ്പിച്ച് പുതുവസ്ത്രവും കറുപ്പ് കച്ചയും ചാര്‍ത്തി പരമ്പില്‍ പുതു നെല്ല് തൂകി അതില്‍ കരിക്ക് നിരത്തി ദീപം പകര്‍ന്നു . തുടര്‍ന്ന് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍റെ നേതൃത്വത്തില്‍ മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ച് നല്ല രാശി നോക്കി .
മകരവിളക്ക് ദിനമായ ജനുവരി 15 വരെ നിത്യവും 41 തൃപ്പടി പൂജയും ചുറ്റുവിളക്കും ആല വിളക്കും തെളിയിക്കും . ശബരിമലയിലെ ഗുരുതി പൂജയ്ക്ക് ശേഷം ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരമായ വെള്ളം കുടി നിവേദ്യവും ആഴി പൂജയും കല്ലേലി കാവില്‍ സമര്‍പ്പിക്കും .
———————————-
കല്ലേലി കാവില്‍ അയ്യപ്പ സ്വാമി മണ്ഡപം സമര്‍പ്പിച്ചു
konnivartha.com/ കോന്നി : അന്യ സംസ്ഥാനത്ത് നിന്നും ചെങ്കോട്ട അച്ചന്‍കോവില്‍ കാനന പാതയിലൂടെ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇരുമുടിക്കെട്ട് ഇളച്ചു വെക്കാന്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ അയ്യപ്പ സ്വാമി മണ്ഡപം ആരതി ഉഴിഞ്ഞ് സമര്‍പ്പിച്ചു .
അച്ചന്‍കോവില്‍ അയ്യപ്പ ക്ഷേത്രം കഴിഞ്ഞാല്‍ 36 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ അടുത്തതായി വിരിവെക്കാനും സ്നാനം ചെയ്യാനും അന്നദാനം കഴിക്കാനും ഉള്ള സൌകര്യം ആണ് കല്ലേലി കാവില്‍ ഉണ്ടായിരുന്നത് . ഇരുമുടികെട്ട് ഇളച്ചു വെക്കുവാന്‍ ഉള്ള പ്രത്യേക മണ്ഡപം ഇനി മുതല്‍ അയ്യപ്പന്മാര്‍ക്ക് ഉപയോഗിക്കാം .
നിത്യേന അന്നദാനം ഉള്ള ഏക കാവാണ് കല്ലേലി കാവ് . മണ്ഡല മകരവിളക്ക് ദര്‍ശനത്തിനു വേണ്ടി എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും ഇരുപത്തിനാല് മണിക്കൂറും കാവില്‍ നിന്നും അന്നദാനവും ലഭിക്കും .