ക്ഷീരസംഗമം -നിറവ് 2023
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.നവംബര്‍ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളില്‍ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് മുഖ്യാതിഥിയാകും.
ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.എം പി, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാവും. വിളംബരജാഥയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ വെച്ചൂച്ചിറ ക്ഷീരസംഘത്തില്‍ നടക്കും. നവംബര്‍ രണ്ടിന് വ്യത്യസ്ത ഇനങ്ങളില്‍പെട്ട കന്നുകുട്ടി, കിടാരി, കറവപ്പശു എന്നിവയുടെ കന്നുകാലി പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. പരിശീലനക്ലാസുകളും വീഡിയോ കോണ്‍ഫറന്‍സുകളും നടത്തുന്നതിന് 50 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാള്‍ 55 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. എസ്.നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍ എസ് ക്യൂ എഫ് സെര്‍ട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനര്‍ ആകാം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടത്തുന്ന എന്‍ സി വി ഇ റ്റി സര്‍ട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള 30 സീറ്റുകളില്‍ അഡ്മിഷന് ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകാന്‍ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായ കോഴ്സ് ആണിത്. കോഴ്സ് വിജയരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സി ആയ എന്‍ സി വി ഇ റ്റി യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ പേഴ്സണല്‍ സ്കില്‍സ് , സോഷ്യല്‍ സ്കില്‍സ്, പ്രൊഫഷണല്‍ സ്കില്‍സ്, ലാംഗ്വേജ് പ്രൊഫഷന്‍സി ,പ്രസന്റേഷന് സ്കില്‍സ്, കേസ് സ്റ്റഡി ,ഐ സി റ്റി ടൂള്‍സ് ,ഇന്റര്‍നെറ്റ് ആന്‍ഡ് ലൈഫ് മുതലായ മോഡ്യൂളുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇന്റേണ്‍ഷിപ് ഉള്‍പ്പെട്ടിട്ടുണ്ട്.
ഫീസ് : 12500 രൂപ. https://forms.gle/6niV7GdkMHt5L-HvXA എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547588142, 9495999 681
ദ്രവമാലിന്യ പരിപാലനപദ്ധതി ജില്ലാതലപരിശീലനം നടത്തി
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) ന്റെ ഭാഗമായി ദ്രവരമാലിന്യ പരിപാലനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല പരിശീലനം പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍ഹാളില്‍ നടത്തി. രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്ലാന്‍ ക്ലര്‍ക്ക് എന്നിവര്‍ ഉള്‍പ്പെടെ 210 പേര് പങ്കെടുത്തു. ഗ്രേ വാട്ടര്‍ മാനേജ്മെന്റ്, ഫീക്കല്‍ സ്ലഡ്ജ് മാനേജ്മെന്റ്, പദ്ധതി നിര്‍വഹണരീതി എന്നീ വിഷയങ്ങളില്‍ പരിശീലനം നല്കി. ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു റ്റി. പോള്‍, കോയിപ്രം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.എസ് ലിജു. ശുചിത്വമിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് വി അരുണ്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ജില്ലാതല വായ്പാ മേള
ജില്ലാ ഭരണകൂടവും ജില്ലയിലെ വാണിജ്യ ബാങ്കുകളും സംയുക്തമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സാവ് ന്റെ ഭാഗമായുള്ള വായ്പാമേള പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് റ്റി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എസ്.ഉണ്ണികൃഷ്ണന്, എസ്ബിഐ റീജിയണല്‍ ഓഫീസ് ചീഫ് മാനേജര്‍ സുധിന്‍ ഘോഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ദീപു ജോസഫ് മാത്യു, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഐ.ജാസിം, ജില്ലയിലെ മറ്റ് ബാങ്കുകളുടെ ഉന്നത അധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ ബാങ്കുകള്‍ അനുവദിച്ച വായ്പാ അനുമതി പത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്തു.ഗവണ്മെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചും വായ്പാ പദ്ധതികളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും നടന്നു.
പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്
സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഒരു പ്രൊബേഷന്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യല്‍ വര്‍ക്കിലുളള മാസ്റ്റര്‍ ബിരുദം (എം എസ് ഡബ്ല്യു). പ്രൊബേഷന്‍ അനുബന്ധ മേഖലകളില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
നവംബര്‍ 15. വിലാസം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, നാലാം നില , പത്തനംതിട്ട, ഫോണ്‍ : 9446177662, 8594057873,8281999038.
ഭിന്നശേഷി കലാമേള സര്‍ഗസംഗമം നടത്തി
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സര്‍ഗസംഗമം 2023-24 ന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ നിര്‍വഹിച്ചു. പുളിക്കീഴ് റിയോ ടെക്സാസ് കണ്വെന്ഷന് സെന്ററില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. തിരുവല്ല രൂപത മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ് റവ.ഡോ. തോമസ് മാര്‍ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. സി ഡി പി ഒ ഡോ. ആര് പ്രീത കുമാരി വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക്തല ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷി പ്രതിഭകളുടെ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍ കുമാര്‍ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരുന്ധതി അശോക്, പഞ്ചായത്ത് പ്രസിഡന്റ്മാരായ നിഷ അശോകന്, മാത്തന് ജോസഫ്, പ്രസന്ന കുമാരി, എം ജി രവി, കെ ജി സഞ്ജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സോമന് താമരചാലില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്സണ്‍ മറിയാമ്മ എബ്രഹാം, ജില്ല വനിത ശിശു വികസന ഓഫീസര്‍ യു അബ്ദുള്‍ ബാരി, ബ്ലോക്ക് മെമ്പര്‍മാരായ എബ്രഹാം, സി കെ അനു, എം ബി അനീഷ്, ജിനു തോമ്പുംകുഴി, അഡ്വ. വിജി നൈനാന്, കടപ്ര പഞ്ചായത്ത് അംഗം ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.
സൗജന്യ പി.എസ്.സി പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലന പരിപാടിയിലേക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15-നകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04682222745 , 9446210675.
അവലോകന യോഗം (28)
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി (28) വൈകിട്ട് നാലിന് ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റില്‍ യോഗം ചേരും.