konnivartha.com: അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എയ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ ഉണ്ണിത്താൻ സ്മാരക ‘കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരൻ ജിതേഷ്ജിയ്ക്കും ലഭിച്ചു.
പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 25 – തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അടൂർ തെങ്ങമത്ത് നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.ആന്റോ ആന്റണി എം പി, ചാണ്ടി ഉമ്മൻ എം എൽ എ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘അച്ഛൻപട്ടാളം’ സിനിമയുടെ തിരക്കഥാകൃത്തും രാജശിൽപ്പി, പാദമുദ്ര എന്നീ ഹിറ്റ് സിനിമകളുടെ സഹസംവിധായകനുമായിരുന്ന പള്ളിക്കൽ മേടയിൽ എം ആർ നാരായണൻ ഉണ്ണിത്താന്റെ സ്മരണ നിലനിർത്താനായി ഏർപ്പെടുത്തിയ എം ആർ എൻ ഉണ്ണിത്താൻ സ്‌മൃതി കലാശ്രേഷ്ഠ പുരസ്‌കാരം നേടിയ ജിതേഷ്ജി ഇൻസ്റ്റഗ്രാമിൽ ഇരുപത് മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനുമാണ്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്‍റെ സൃഷ്ടാവ് എന്ന നിലയിൽ പി എസ് സി മത്സരപരീക്ഷകളിൽ ജിതേഷ്ജിയെപ്പറ്റി പല തവണ ചോദ്യോത്തരമുണ്ടായിട്ടുണ്ട്.
ജനകീയനായ സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. രാജൻ പിള്ളയുടെ സ്മരണാർത്ഥമായി ഏർപ്പെടുത്തിയ രാജൻ പിള്ള സ്‌മൃതി സാമൂഹ്യസേവനപുരസ്‌കാരം നേടിയ ഡോ : മാത്യു കുഴൽനാടൻ 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവും കെ പി സി സി ജനറൽസെക്രട്ടറിയുമാണ്.
ട്രേഡ് ലോയിൽ ഡോക്ട്രേറ്റ് ഉള്ള ഇദ്ദേഹം സുപ്രീം കോടതിയിലെയും കേരള ഹൈകോടതിയിലെയും ശ്രദ്ധേയനായ അഭിഭാഷകനാണ്.