Trending Now

കാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

konnivartha.com: ലോകവിനോദസഞ്ചാര ദിനത്തിൽ പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനാണ്‌ കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്‌കാരം ലഭിച്ചത്‌. ടൂറിസത്തിലൂടെ സാമൂഹിക,സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ നടത്തിയ സുസ്ഥിര, വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്‌. ഉത്തരവാദിത്വ ടൂറിസം മിഷനും യു എൻ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ്‌ കാന്തല്ലൂർ.

എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പ്രഖ്യാപനം. മത്സരത്തിൽ 767 ഗ്രാമങ്ങൾ പങ്കെടുത്തു. കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതി പുരസ്‌കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്‌, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തിൽ കേരളത്തിലെ കാന്തല്ലൂർ ഗോൾഡ് അവാർഡ് നേടിയിരിക്കുകയാണെന്നും ഇതു കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അഭിമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്ട്രീറ്റ് പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ പദ്ധതികൾ ആണ് നടപ്പാക്കിയത്. ഗ്രീൻ ടൂറിസം സർക്യൂട്ട് കാന്തല്ലൂരിൽ രൂപപ്പെടുത്തി. ടൂറിസം പദ്ധതികൾക്കായി പഞ്ചായത്ത് പ്രത്യേക പദ്ധതി വിഹിതം മാറ്റിവച്ചു. സ്ത്രീ സൗഹാർദ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കിയതും കാന്തല്ലൂർ ടൂറിസം പദ്ധതിയെ ശ്രദ്ധേയമാക്കി. ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന കേരള മാതൃകക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഇത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ലഭിച്ച ചില അംഗീകാരങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള 2023ലെ ആരോഗ്യമന്ഥൻ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരവും സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന സർക്കാർ നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!