
Nipah virus behind two deaths in Kerala; Centre rushes team of experts:Union Health Minister Mansukh Mandaviya confirms two Nipah virus deaths in Kerala
konnivartha.com: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്.
പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരണമടഞ്ഞവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്നുണ്ട്. പ്രതിരോധപ്രവർത്തനവും ജാഗ്രതയും പ്രധാനമാണ്.കോഴിക്കോട് മാസ്‌ക് നിർബന്ധമല്ല, ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിക്കാം.
കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സജ്ജമാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ കോഴിക്കോട് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നിപ പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി 16 ടീമുകളെ നിശ്ചയിച്ചു. യോഗത്തിന് ശേഷം ഡോക്ടര്മാരുടെ പ്രത്യേക യോഗവും വിളിച്ചു ചേര്ത്തു. സമ്പര്ക്ക പട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിന് നിര്ദേശം നല്കി. പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ദിശയിലും (104, 1056, 0471 2552056, 2551056) വിളിക്കാം.