Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/08/2023)

ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു
ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ഓഫീസിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ അവസാനിച്ചു. എച്ച്.ഐ.വി./എയ്ഡ്സ് പ്രതിരോധത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത മത്സരത്തില്‍ പത്തനംതിട്ട എ.ആര്‍.ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ചന്ദ്രശേഖരന്‍, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ശ്യാംകുമാര്‍, എന്‍.വി.ബി.ഡി.സി.പി. ഓഫീസര്‍ രാജശേഖരന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍. ടെക്നിക്കല്‍ അസിസ്റ്റന്റ് ജയകുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, യുവജനക്ഷേമ ബോര്‍ഡ്, ബേസിക് അക്കാഡമി, സ്പോര്‍ട്സ് കൗണ്‍സില്‍, ഗവണ്‍മെന്റ് ഐ.ടി.ഐ ആന്റ് സയന്‍സ് കോളേജ്, ടീം കേരള, യുവക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പുരുഷ വിഭാഗത്തില്‍  കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ (ബേസിക് അക്കാഡമി) നിന്നും കെ.എ. അനന്തു കൃഷ്ണന്‍ ഓന്നാംസ്ഥാനവും പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ (സെന്റ് ജോണ്‍സ് ക്ലബ്) നിന്നും അലന്‍ റെജി രണ്ടാം സ്ഥാനവും, പി.ആകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാവിഭാഗത്തില്‍ പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ (സെന്റ് ജോണ്‍സ് ക്ലബ്)  നിന്നും പങ്കെടുത്ത ഷീബ ഡാനിയല്‍, ആര്‍.കെ വീണ, ടി.ടി.സൂര്യ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പുരുഷ വനിതാ വിഭാഗങ്ങള്‍ക്കായി നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ യഥാക്രമം 4000, 2500, 1500 രൂപയാണ് ക്യാഷ് അവാര്‍ഡായി ലഭിച്ചത്. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് ഓഗസ്റ്റ് 12-ന് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.


സൗജന്യ ബാഗ് നിര്‍മ്മാണ പരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന   ജൂട്ട് കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍  തുണി സഞ്ചി,  ബിഗ് ഷോപ്പര്‍, പേര്‍സ്, വാനിറ്റി ബാഗ്,  എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682 270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ലിഫ്റ്റ് ഉദ്ഘാടനം  ആഗസ്റ്റ് 14 ന്
സംസ്ഥാനം ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ബാരിയര്‍ ഫ്രീ കേരള പദ്ധതി മുഖേന പത്തനംതിട്ട ഫിനാന്‍സ് കോംപ്ലക്സില്‍ പണി കഴിപ്പിച്ചിട്ടുളള ലിഫ്റ്റിന്റെ ഉദ്ഘാടനം  ആഗസ്റ്റ് 14 ന്  രാവിലെ ഒന്‍പതിന് ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പിഎം-യശ്വസ്വി സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി,ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പിഎം-യശ്വസ്വി  പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പൊതു നിര്‍ദ്ദേശങ്ങള്‍ www.bcdd.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0474 2914417

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം, പ്രസംഗം, കവിത, നൃത്താവിഷ്‌കാരം, വീഡിയോ പ്രദര്‍ശനം, ഹിരോഷിമ നാഗസാക്കി ദിന ക്വിസ്  തുടങ്ങിയ വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.


സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍  മെക്കനൈസേഷന്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള സ്മാം പദ്ധതിയിലേക്ക ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി -സ്മാം). വെബ്സൈറ്റ് http://agrimachinery.nic.in/index.ഫോണ്‍ :  04734-294949, 7510250619, 9496836833, 6282516897.


സംരംഭകര്‍ക്കായി ജനറല്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ്

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഗസ്റ്റ് 14 ന് രാവിലെ 10 ന് തോട്ടപുഴശേരി  ഗ്രാമ പഞ്ചായത്ത് ഹാളില്‍ വ്യവസായ വകുപ്പിന്റെ  നേതൃത്വത്തില്‍ അവബോധന ക്ലാസ് നടത്തുന്നു. ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, ഉദ്യം രജിസ്ട്രേഷന്‍, ഉല്‍പ്പാദന,സേവന മേഖലയില്‍ സര്‍ക്കാര്‍ സബ്സിഡിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെ നാല് ശതമാനം പലിശ നിരക്കില്‍ ഉള്ള വായ്പ സ്‌കീമുകള്‍, ലൈസന്‍സ്, എന്‍.ഒ.സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍  എന്നിവ വിശദീകരിക്കും.ഫോണ്‍: 7012547895

സ്റ്റുഡന്‍സ് കഥകളി ക്ലബ്ബ്  ജില്ലാ തല ഉദ്ഘാടനം 12ന്
കഥകളി ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 12 ശനി രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ പി.എന്‍.സുരേഷ് മുഖ്യാതിഥിയാകും. കഥകളി സാഹിത്യ പരിചയം,മുദ്രാപരിശീലനം,താളപരിചയം,മുഖത്തെഴുത്ത് പരിശീലനം,കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ സ്റ്റുഡന്‍സ് കഥകളി ക്ലബ്ബ് വഴി  നല്‍കും.ആദ്യ ഘട്ടത്തില്‍ കഥകളി ക്ലബ്ബിനായി ജില്ലയിലെ പത്ത് പ്രമുഖ സ്‌ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്.


ലാറ്ററല്‍ എന്‍ട്രി പ്രവേശനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ 2023-24 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 14 ന് നടക്കും.   രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 വരെ. റാങ്ക് ലിസ്റ്റില്‍  ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി ലാറ്ററല്‍ എന്‍ട്രി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും  കൗണ്‍സിലിംഗില്‍ പങ്കെടുക്കാം.  വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം.വെബ്സൈറ്റ്:  www.polyadmission.org/let

ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്  അഡ്മിഷന്‍
ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസി ക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യതയുളളവര്‍ക്കായി  ചുരുങ്ങിയ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്മെന്റ്  സപ്പോര്‍ട്ടോടും കൂടിയ ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംങ് കണ്‍സള്‍ട്ടന്റ് എന്ന ഒരുവര്‍ഷത്തെ കോഴ്സിലേക്ക് ഒഴിവ്. താത്പര്യമുളളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍ : 8301830093, 9447007319.

 

 

 

 

പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി

പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീന അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 11 ബഡ്സ് സ്ഥാപനങ്ങളിലും കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെയും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഒരുമുകുളം വൃക്ഷത്തൈ നടീല്‍ നടത്തി.കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.

വാരാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍തൃസംഗമവും ബഡ്സ് സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 16ന് ജില്ലാതല ബഡ്്സ് ദിനാഘോഷം വിവിധ പരിപാടികളോടെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂളായ വെങ്ങാനൂര്‍ ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത ഓഗസ്റ്റ് പതിനാറാം തീയതിയാണ് കുടുംബശ്രീ മിഷന്‍ ബഡ്സ് ദിനമായി ആഘോഷിക്കുന്നത്.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക,വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുക, അവരുടെ രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

ബഡ്സ് ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു

റാന്നി പെരുനാട് പഞ്ചായത്തില്‍ ബഡ്സ്ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

 

മാടമണ്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തൈ നടില്‍ കര്‍മവും കുട്ടികള്‍ക്കുള്ള തൈ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ , സിഡിഎസ് ഉദ്യോഗസ്ഥര്‍ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.