Trending Now

ഡോ. വന്ദന ദാസിന്റെ കൊലപാതകം: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

 

konnivartha.com: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അധ്യാപകനായ പ്രതി ജി. സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 65 (7) പ്രകാരം ഭാവി നിയമനത്തിന് അയോഗ്യത കൽപ്പിച്ചുകൊണ്ടാണ് നടപടി. അഡ്ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിത്.

കൊല്ലം ജില്ലയിലെ വിലങ്ങറ യു.പി.എസിൽ നിന്നും തസ്തിക നഷ്ടപ്പെട്ട് സംരക്ഷണ ആനുകൂല്യത്തിൽ യു.പി.എസ്. നെടുമ്പനയിൽ ഹെഡ് ടീച്ചർ ഒഴിവിൽ സേവനമനുഷ്ഠിക്കുകയായിരുന്നു സന്ദീപ്. സംരക്ഷണ ആനുകൂല്യത്തിൽ സേവനത്തിൽ തുടരുന്ന ജി.സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും ഒരു മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപക സമൂഹത്തിന് ആകെ തന്നെ അവമതിപ്പുണ്ടാക്കി എന്നതിനാലുമാണ് നടപടി.

നേരത്തെ സന്ദീപ് നൽകിയ പ്രതിവാദ പത്രികയിൽ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. സന്ദീപ് സമർപ്പിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ കെ.ഇ.ആർ. അധ്യായം 14 എ ചട്ടം 75 പ്രകാരം വകുപ്പ് തല അന്വേഷണം നടത്തുന്നതിന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായ രാജു.വി യെ അന്വേഷണ ഉദ്യോഗസ്ഥനായി കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ നിയമിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അതോടൊപ്പം അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും സമൂഹത്തെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

error: Content is protected !!