Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/07/2023)

അമൃത് 2 കുടിവെള്ള പദ്ധതി ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചു
അടൂര്‍ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന അമൃത് 2 പദ്ധതിയുടെ ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
9.36 കോടി രൂപ അടങ്കല്‍ വരുന്ന ഒന്നാംഘട്ടം പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്.കൈമലപ്പാറയില്‍ വാട്ടര്‍ ടാങ്ക്, 2000 വീടുകള്‍ക്ക് സൗജന്യ വാട്ടര്‍ കണക്ഷന്‍, 1000 മീറ്ററിലേറെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുടിവെള്ള വിതരണത്തില്‍ വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു
തുമ്പമണ്ണില്‍ ആയുഷ് യോഗാ ക്ലബ്
യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു.
യോഗാ ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിര്‍വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗീതാ റാവു, തോമസ് ടി വര്‍ഗീസ്, പി.കെ. സോമന്‍, ജോണ്‍ കോശി, ബിജി ജോണ്‍, ജയശ്രീ, യോഗ കോ-ഓര്‍ഡിനേറ്റര്‍-എസ്. ജ്യോതി ലക്ഷമി,  ഡോ.ജി.എല്‍. മഞ്ജു (ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍), ഡോ ആന്‍സി ജോര്‍ജ്(ഹോമിയോ മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ പ്രസംഗിച്ചു.
കുടിശിക അടയ്ക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയം (ഒന്‍പതു ശതമാനം പലിശ ഉള്‍പ്പെടെ) ജൂലൈ 31 വരെ നീട്ടി. കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. ഫോണ്‍: 04682-320158.
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധി ചികിത്സയ്ക്കും പ്രതിരോധത്തിനുമായുള്ള ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും, ഭാരതീയ ചികിത്സാവകുപ്പിന്റെയും സഹകരണത്തോടെ വടശേരിക്കര ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തീയതി, സ്ഥലം, വാര്‍ഡ് എന്ന ക്രമത്തില്‍: അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ജണ്ടായിക്കല്‍ അംഗനവാടി, ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍. 15ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ കൊടുമുടി അംഗനവാടി, വാര്‍ഡ് എട്ട്. 19ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ അരീക്കക്കാവ് എസ്എന്‍ഡിപി ഓഡിറ്റോറിയം വാര്‍ഡ് 7. 19ന് ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ബൗണ്ടറി ലൈബ്രറി വാര്‍ഡ് അഞ്ച്. 25ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ തെക്കുംമല 43-ാം നമ്പര്‍ അംഗനവാടി, വാര്‍ഡ് 10, 11.
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി – എംഎസ് ഓഫീസ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469-2961525, 8078140525.
തെരുവു നായ ശല്യം: വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി
തെരുവ് നായശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകള്‍ പെട്രോളിംഗ് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിക്കണം. പൊതുമരാമത്ത് റോഡിന്റെ വശങ്ങളില്‍ പാറ, തടി മുതലായവ ഇറക്കിയിട്ടിട്ടുള്ളതും ഓടകള്‍ക്ക് സ്ലാബ് ഇല്ലാത്തതു മൂലം അപകടങ്ങള്‍ പതിവാകുന്നതിന് പരിഹാരം കാണണം. ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും, ശുചീകരണ പ്രവര്‍ത്തനങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നീക്കവും കാര്യക്ഷമമാക്കണം. ആശുപത്രികളില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണം. പനി പടരുന്നത് നിയന്ത്രിക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ്, ബോധവത്ക്കരണ യജ്ഞം എന്നിവ നടത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിനിധി സജീവ് കെ ഭാസ്‌ക്കര്‍ അധ്യക്ഷത വഹിച്ചു.
   ആന്റോ ആന്റണി എംപിയുടെ പ്രതിനിധി  ജെറി മാത്യു സാം, കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറി മാത്യു ജി ഡാനിയേല്‍,  കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ജോണ്‍ പോള്‍,  എന്‍സിപി പ്രതിനിധി എം. മുഹമ്മദ് സാലി, എല്‍ജെഡി ആറന്‍മുള മണ്ഡലം പ്രതിനിധി ജോണ്‍സണ്‍ കുടപ്പുരയില്‍, കേരള കോണ്‍ഗ്രസ് (ഡി) പ്രതിനിധി വി.ജി. മത്തായി,    കോഴഞ്ചേരി തഹസില്‍ദാര്‍ പി. സുദീപ്,  ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.കെ. സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രവര്‍ത്തി പരിചയം നേടുന്നതിന് അവസരം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക്  വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം സ്വന്തമാക്കുന്നതിന് അവസരം. ജില്ലാ പഞ്ചായത്തിലേയും നഗരസഭ സ്ഥാപനങ്ങളിലേയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.  ഗുണഭോക്താക്കളെ ഗാമസഭാ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കും.
ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0468 2322712.
ഖാദി റിഡക്ഷന്‍ മേള
ജില്ലാ  ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  കീഴിലുള്ള  ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍   വിപണന ശാലകളില്‍ ജൂലൈ നാലു മുതല്‍ റിഡക്ഷന്‍ മേള നടത്തും. മേളയുടെ ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് നിര്‍വഹിക്കും.  പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും.
വിവിധയിനം ഖാദി തുണിത്തരങ്ങള്‍ 50 ശതമാനം വരെ  വിലക്കുറവില്‍ ലഭ്യമാണ്. ദോത്തികള്‍, കാവിമുണ്ടുകള്‍, സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ബെഡ്ഷീറ്റുകള്‍, ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവ  വില്‍പനയ്ക്കായി  ഒരുക്കിയിട്ടുണ്ട്. ഖാദിയെ സ്നേഹിക്കുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അറിയിച്ചു.
വായന വാരാചരണം: മത്സരങ്ങള്‍ സംഘടിപ്പിച്ചു
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും  ആഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ ഭാഗമായി വായന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ  ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീത റാവു, വാര്‍ഡ് മെമ്പര്‍മാരായ ഷിനുമോള്‍ എബ്രഹാം, കെ.കെ. അമ്പിളി,  സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ അനിത മധു, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ വി. മനീഷ, മെമ്പര്‍ സെക്രട്ടറി ഡോ. കെ.എസ്. രാശിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മസ്റ്ററിംഗ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി അനുവദിച്ച സമയം ജൂലൈ 31 വരെ നീട്ടി.  മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ജൂലൈ 31ന് അകം  മസ്റ്ററിംഗ് പൂര്‍ത്തിയാക്കി  ഒരു കോപ്പി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം.  മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ തുടര്‍ന്നുള്ള മാസങ്ങളില്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു. ഫോണ്‍ : 04682-320158.
വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും ജൂലൈ എട്ടിന്
വിദ്യാഭ്യാസ വകുപ്പിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ തലത്തിലും ക്വിസ് മത്സരവും എല്ലാ പ്രൈമറി (എല്‍പി) സ്‌കൂള്‍ തലത്തിലും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിനു മുന്‍പായി നടത്തണമെന്ന് പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍  സ്‌കൂളിലെ പ്രധാന അധ്യാപകന്‍  നല്‍കിയ കത്തുമായി ജില്ലാതല മത്സരത്തിനായി അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം.  ഫോണ്‍: 9446443964.
രോഗ പ്രതിരോധ പ്രവർത്തനം: റാന്നി മണ്ഡലത്തിൽ ഭവന സന്ദർശനം
മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി നിയോജകമണ്ഡലത്തിൽ ഭവന സന്ദർശനം നടത്താൻ തീരുമാനിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് ഭവന സന്ദർശനം നടത്തുക . രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനും വേണ്ടിയാണ് ഭവന സന്ദർശനം. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ വിളിച്ചുചേർത്ത നിയോജകമണ്ഡലം അവലോകന യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളും  ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.
      വെള്ളിയാഴ്ച നടത്തുന്ന ഭവന സന്ദർശിച്ചതിൽ വാർഡുകൾ കേന്ദ്രീകരിച്ചുള്ള ജനപ്രതിനിധികളും ആരോഗ്യവകുപ്പ് പ്രവർത്തകരും കുടുംബശ്രീ ആശാ പ്രവർത്തകരും പങ്കെടുക്കും.
       പകർച്ചവ്യാധി സൂചന ആരോഗ്യ വകുപ്പിന് ലഭിച്ചാൽ ആരോഗ്യവകുപ്പ് അത് ആയുഷ് മിഷനുമായി പങ്കുവയ്ക്കാനും ആയുർവേദ ഹോമിയോ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.
      പകർച്ചവ്യാധികൾ പരത്തുന്ന കൊതുകളും ഈച്ചകളും പെറ്റുപെരുകുന്നത് തടയാൻ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാനും നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
മൂന്ന് സ്കൂളിന് കെട്ടിടം നിർമിക്കാൻ 2.37 കോടി രൂപ അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 2.37 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. നാറാണംമൂഴി ഗവ എൽപി സ്കൂൾ 88 ലക്ഷം, തെള്ളിയൂർ ഗവ എൽ പി സ്കൂൾ 95 ലക്ഷം, പ്ലാങ്കമൺ ഗവ എൽ പി സ്കൂൾ 90 ലക്ഷം എന്നിങ്ങനെയാണ് കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.  എംഎൽഎ ആസ്തി വികസന ഫണ്ട് 2022 – 23 ൽ ഉൾപ്പെടുത്തിയാണ് സർക്കാർ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
      നിലവിലെ സ്കൂൾ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർച്ച നേരിടുന്നവയാണ് ,  സ്കൂൾ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ നേരിട്ട് കണ്ടതിനുശേഷമാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചത്.
      പ്ലാങ്കമൺ ഗവ. എൽ പി സ്കൂളിൽ ഓട്ടിസം സെന്റർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഉള്ള മുറിയും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. ക്ലാസ് മുറിയിലേക്ക് കയറാൻ പ്രത്യേക റാംപ് , ക്ലാസ് മുറിയോട് ചേർന്ന് തന്നെ ടോയ്‌ലറ്റ് സംവിധാനം ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
       ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ആറ് മുറികൾ വീതമാണ് ഉള്ളത്. രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പടിക്കെട്ടുകൾ, ക്ലാസ് മുറികൾ  ഓഫീസ് മുറി, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.