Trending Now

വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം

വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം – അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

konnivartha.com : കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്ത പരിശോധനയിൽ വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി.

സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജൻസ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെയും, കർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകൾ എടുത്ത് വ്യാജ ഇൻവോയ്‌സുകൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടിയത്.

ജൂൺ 22 ന് നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ പ്രലോഭിപ്പിച്ച് അവരുടെ ആധാർ, പാൻ കാർഡ് എന്നിവ കൈക്കലാക്കി വ്യാജ മൊബൈൽ കണക്ഷനുകൾ എടുക്കുകയും, അവ ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റുകൾ നടത്തി, വ്യാജ ബാങ്ക് അക്കൗണ്ടുകളും, വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനും എടുത്ത് തട്ടിപ്പ് നടത്തുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തന രീതി. അത്തരത്തിൽ സംഘടിപ്പിച്ച വ്യാജ രജിസ്‌ട്രേഷൻ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തി എന്ന് വ്യാജ ഇൻവോയ്‌സുകളും, വ്യാജ ഇ-വേ ബില്ലും മറയാക്കി ഉത്തരേന്ത്യയിലെ ഗുട്ഖ നിർമ്മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകൾ കടത്തുകയാണ് ഇവരുടെ പതിവ് .

അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയിൽ രാജ്യത്തുടനീളം ഏകദേശം 850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തൽ. പരിശോധനയിൽ ആകെ വിറ്റുവരവിൽ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തിൽ നിന്നാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളത്. നിയമാനുസൃതമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ തന്നെ 9 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.

കേരളത്തിലെയും കർണാടകയിലെയും 27 വ്യാപാര സ്ഥാപനങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ, നിർണായക മൊഴികളും , തുടർനടപടികൾക്ക് ആവശ്യമായ തെളിവുകളും ലഭിച്ചു. തുടർ നിയമ നടപടികൾ സ്വീകരിച്ച് വരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ തട്ടിപ്പ് സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സംയുക്ത പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അറിയിച്ചു.