എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ തയാറായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കാനുളള അവസാന തീയതി ജൂലൈ ഒന്ന്.ഫോണ്‍ : 04682 322712.
കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷിക്കാം
മെഴുവേലി ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നിര്‍വഹണത്തിനായി കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. ഒരു കുടുംബത്തിന് പരമാവധി മൂന്ന് പദ്ധതികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
പരിശോധന നടത്തി
പുറമറ്റം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പുറമറ്റം ജംഗ്ഷന്‍, വെണ്ണികുളം എന്നിവിടങ്ങളിലെ ചെറുതും വലുതുമായ 30 വ്യാപാര സ്ഥാപനങ്ങളില്‍ ജൂണ്‍ 20 ന് നടത്തിയ പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തിയ 17 വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട്, പിടിച്ചെടുത്ത 152 കിലോ നിരോധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ തുടര്‍ നടപടികള്‍ക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുളളതായി തദ്ദേശ സ്വയംഭരണ വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് യത്നം പദ്ധതി
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും പിഎസ്സി , യുപിഎസ്സി, ബാങ്ക് സര്‍വീസ്, ആര്‍ആര്‍ബി, യുജിസി നെറ്റ്, ജെആര്‍എഫ് ,സിഎടി, എംഎടി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുളള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരില്‍ സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പാക്കുന്നു. വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറു മാസം വരെയുളള പരിശീലനത്തിന് 6000 രൂപ വരെയും പിഎസ്സി, യുപിഎസ്സി, ബാങ്കിംഗ് സര്‍വീസ്, യുജിസി നെറ്റ,് ജെആര്‍എഫ,് സിഎടി, എംഎടി തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയും അനുവദിക്കും. പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ഇനത്തില്‍ 2000 രൂപ (പരമാവധി 10 മാസത്തേക്ക് ) അനുവദിക്കും. താത്പര്യമുളള പത്തനംതിട്ട ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ജൂലൈ 31 ന് അകം പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2325168.
ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 24 ന് മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററിലെ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും.അവസാന തീയതി ജൂണ്‍ 30.കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍,ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂര്‍. ഫോണ്‍ :04734 296496,8547126028
അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. നാച്ചറോപ്പതി ആന്റ് യോഗാ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.കെ. ജോണ്‍സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് മാത്യു അധ്യക്ഷത വഹിച്ചു. സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് അലക്‌സ് ജോണ്‍, പ്രോഗ്രാം അസ്സിസ്റ്റന്റ് ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തുവാനും സഹായിക്കുന്ന പരിശീലന കളരി നടത്തുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സംരംഭകത്വ വര്‍ക്ഷോപ്പ് ജൂലൈ മൂന്നു മുതല്‍ എട്ടു വരെ എറണാകുളം കീഡ് ക്യാമ്പസില്‍ നടക്കും. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന മാര്‍ക്കറ്റിംഗ്, ഗുണനിലവാര നിയന്ത്രണം പ്രവര്‍ത്തന മാനേജ്മെന്റും, ബിസിനസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വിവിധ ഘടകങ്ങള്‍, കോസ്റ്റിംഗ് ആന്റ് പ്രൈസിംഗ് ബിസിനസ് പ്ലാന്‍, റെക്കോര്‍ഡ് കീപ്പിംഗ് തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ ,സര്‍ടിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ 2000 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍ : 0484 2532890,2550322.
ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിലേക്കേ് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും httsp://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.ഫോണ്‍ : 9048110031, 8075553851.വെബ്‌സൈറ്റ് : www.srccc.in
ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
ഖാദി തുണിത്തരങ്ങള്‍ക്ക് ബക്രീദ് പ്രമാണിച്ച് ജൂണ്‍ 27 വരെ 30 ശതമാനം റിബേറ്റ് നല്‍കുന്നു. പത്തനംതിട്ട പ്രോജക്ടിനു കീഴിലുള്ള ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട എന്നീ വിപണന ശാലകളില്‍ വിവിധങ്ങളായ ഖാദി തുണിത്തരങ്ങള്‍ വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നു. ബക്രീദ് പ്രമാണിച്ചുള്ള റിബേറ്റ് മേളയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ അങ്കണത്തില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂ നിര്‍വഹിച്ചു.ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് അധ്യക്ഷനായിരുന്നു. പ്രോജക്ട് ഓഫീസര്‍ എ.ംവി മനോജ് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2322014.
കണ്ടിജന്റ് ജീവനക്കാരുടെ തല്‍കാലിക നിയമനം
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ നിയമിക്കും. 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. നിശ്ചിത മാതൃകയിലുളള അപേക്ഷയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും സഹിതം ഇന്നു (22) രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642.