konnivartha.com : പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെയും കോന്നിയിലെയും വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശ പ്രകാരം എഡിഎം ബി. രാധാകൃഷ്ണന്റെയും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനിലിന്റെയും നേതൃത്വത്തില്‍ സിവില്‍സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തി.
വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ വിളിച്ച് ചേര്‍ത്ത സിവില്‍ സപ്ലെസ് കമ്മീഷണറുടേയും ജില്ലാ കളക്ടര്‍മാരുടേയും ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും അവലോകനയോഗത്തെ തുടര്‍ന്നാണ് വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
വിലനിലവാര ബോര്‍ഡുകള്‍ വ്യക്തമായി പൊതുജനം കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍, ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കാത്തത്, വ്യത്യസ്ത വില ഈടാക്കുന്നത്, വിലനിലവാര ബോര്‍ഡുകളേക്കാള്‍ അധികം വില ഈടാക്കുന്നത് എന്നിങ്ങനെ ഗുരുതരമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പത്തനംതിട്ട നഗരത്തിലെ പതിനാറും കോന്നിയിലെ എട്ടും വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
കോന്നി ചന്തയിലെ പച്ചക്കറി കടയില്‍ ത്രാസ് പതിക്കാത്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം 2000 രൂപ പിഴ ചുമത്തി.വിലനിലവാരബോര്ഡുകള് പ്രദര്‍ശിപ്പിക്കാത്തതും കൃത്യമായ രീതിയില്‍ ബില്ലുകള്‍ സൂക്ഷിക്കാത്തതും ഗുരുതരമായ കുറ്റമാണെന്ന് എഡിഎം പറഞ്ഞു. ഒരേ സാധനങ്ങള്‍ക്ക് പലകടകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ഇനിയും കൃത്യമായ ഇടവേളകളില്‍ പരിശോധനയും നടപടിയുമുണ്ടാകുമെന്നും എഡിഎം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായ വില രേഖപ്പെടുത്തിയ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്ന് അമിതവില ഈടാക്കുന്ന പ്രവര്‍ത്തിയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.
കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്, സിവില്‍ സപ്ലൈസ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിജി തോമസ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എസ്.എസ്. വിനീത്, കോഴഞ്ചേരി താലൂക്ക് റേഷനിംഗ് ഉദ്യോഗസ്ഥരായ പി. പ്രദീപ്, എസ്. സുമന്, കോന്നി താലൂക്ക് റേഷനിംഗ് ഉദ്യോഗസ്ഥരായ മനോജ് മാത്യു, സജികുമാര്‍, ഹരികുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് ജി. സജികുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകി: മന്ത്രി ജി. ആർ. അനിൽ
സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർദ്ദേശിച്ചു.
വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ പച്ചക്കറി ഉത്പന്നങ്ങൾ, കോഴി ഇറച്ചി എന്നിവയുടെ വിലയിൽ ഉണ്ടാകുന്ന വില വർദ്ധനവ് സംബന്ധിച്ച് ജില്ലാ കളക്ടർമാർ അടിയന്തിര പരിശോധനകൾ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർമാരും, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. എ.ഡി.എം/ആർ.ഡി.ഒ/അസിസ്റ്റന്റ് കളക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകണം.
ജില്ലാ തലത്തിലെ ഹോൾസെയിൽ ഡീലേഴ്സുമായി ജില്ലാ കളക്ടർമാർ ചർച്ച നടത്തണമെന്നും വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ വില നിരീക്ഷിക്കുന്ന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മന്ത്രി നിർദ്ദേശിച്ചു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന ഒരു പ്രവണത കണ്ട് വരാറുണ്ട്. അതുകൂടി മുന്നിൽക്കണ്ടു കൊണ്ട് വില നിയന്ത്രണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.