Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/05/2023)

പുസ്തകോത്സവം 2023

പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു.  പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (സി.ആര്‍ അച്യുതന്‍ നായര്‍ നഗര്‍ ) നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ് ആറിന് രാവിലെ ഒന്‍പതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു വെള്ളിജനീഷ് കുമാര്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുസ്തക പ്രകാശനവും നടക്കും. രാവിലെ 11 ന്  ബാലസംഘം ജില്ലാ പ്രസിഡന്റ് വി.കെ നീരജ ബാലവേദി സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ ജയിംസ് സാഹിത്യ സംഗമം ഉദ്ഘാടനം നിര്‍വഹിക്കും.

മേയ് ഏഴിന് രാവിലെ 11 ന് നടക്കുന്ന കവി സമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളും മറ്റ് പ്രമുഖ കവികളും പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമവും മുന്‍കാല നേതാക്കളെ ആദരിക്കലും ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം  നിര്‍വഹിക്കും. മുന്‍കാല നേതാക്കളെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ആദരിക്കും. മേയ് എട്ടിന് രാവിലെ 11 ന് നടക്കുന്ന വനിതാവേദി സംഗമം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍ മുഖ്യ പ്രഭാഷണം നടത്തും.
                                                                                               

കൊയ്ത്ത് ഉത്സവം നടത്തി

അടൂര്‍ കൃഷി ഭവന്‍ പരിധിയില്‍ വര്‍ഷങ്ങളായി തരിശ് കിടന്ന കൊക്കാട്പടി പാടശേഖരത്തിലെ 10 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് നെല്ലു കൊയ്ത്ത് ഉദ്ഘാടനം നടത്തി. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി സജി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൊയ്ത്ത് ഉദ്ഘാടനം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യ ക്ഷന്‍മാരായ അജി പാണ്ടിക്കുടി, ബീന ബാബു, കൗണ്‍സിലര്‍മാരായ അഡ്വ. ഷാജഹാന്‍, ബിന്ദു കുമാരി, പാടശേഖര സമിതി സെക്രട്ടറി ബാബു, പ്രസിഡന്റ് എച്ച് ഹരിദാസ്, കാര്‍ഷിക വികസന സമിതി അംഗം ബോബി മാത്തുണ്ണി, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി ലക്ഷ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ ആലിയ ഫര്‍സാന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി ഒ രാജീവ്, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 092/2016) തസ്തികയിലേക്ക് 15.10.2019 തീയതിയില്‍ നിലവില്‍വന്ന 544വെള്ളി/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 14.10.2022 തീയതി അര്‍ദ്ധരാത്രിയില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  15.10.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.

 

നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിഴ

കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനവും 10000 രൂപ മുതല്‍ 50000 രൂപ  വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുക കത്തിക്കുക ഒഴുക്കി വിടുക എന്നിവയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുളള വീടുകളിലും മറ്റെല്ലാ സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറേണ്ടതാണെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ഇവയുടെ ലംഘനം നടത്തുകയും ചെയ്യുന്ന ആളുകള്‍ ആറുമാസത്തില്‍ കുറയാത്തതും  ഒരു വര്‍ഷം വരെ ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

ഗതാഗത നിയന്ത്രണം

വട്ടക്കാവ് – നെല്ലിക്കാല പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയില്‍ കൂടിയുളള ഗതാഗതം ഇന്നു (6) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം നെല്ലിക്കാല-നാരങ്ങാനം പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍  അറിയിച്ചു.

ലേലം

പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം മേയ് എട്ടിന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2242215, 2240175.

വസ്തു നികുതി പുതുക്കിയ നിരക്ക് വിജ്ഞാപനം ചെയ്തു

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ 01/04/2023 മുതല്‍ പുതുക്കി നിശ്ചയിച്ച വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടകസ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അടിസ്ഥാന നിരക്കുകളും മേഖലകളും സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും മെയ് 30 ന്  വൈകിട്ട് അഞ്ചിന്  മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കാവുന്നതാണെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

 

എന്റെ കേരളം പ്രദര്‍ശന – വിപണനമേള:മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2023 മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന – വിപണന മേള സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേയ് 12ന് വൈകുന്നേരം നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മേളയുടെ ലക്ഷ്യം, തീം

സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന – ക്ഷേമപദ്ധതികളെ കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും വിവിധ സേവനങ്ങള്‍ തത്സമയം  ലഭ്യമാക്കുന്നതിനും നാട് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകരെയും ചെറുകിട സംരംഭകരെയും  പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിനും  കലാകാരന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ക്കു കൈത്താങ്ങാകുന്നതിനുമാണ് ‘എന്റെ കേരളം’ മേള സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ മേളയുടെ തീം ‘യുവതയുടെ കേരളം’, ‘കേരളം ഒന്നാമത്’ എന്നിവയാണ്.

സാംസ്‌കാരിക ഘോഷയാത്ര

മേയ് 12ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് വര്‍ണാഭമായ സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു പൊലിമ കൂട്ടും.

സ്റ്റാളുകള്‍, മറ്റ് ആകര്‍ഷണം

ആകെ 70,139 ചതുരശ്ര അടി  സ്ഥലത്താണ് പന്തല്‍ ഒരുക്കുന്നത്. ശീതീകരിച്ച തീം- കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും   നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ട് എന്നിവ  മേളയുടെ പ്രധാന ആകര്‍ഷണമാകും.

ആകെ 205 സ്റ്റാളുകളുണ്ടാകും. ഇതില്‍ 47 സ്റ്റാളുകള്‍ സര്‍ക്കാര്‍ വിഭാഗത്തിലും 39 സ്റ്റാളുകള്‍ യൂത്ത് സെഗ്മെന്റിലും 119 സ്റ്റാളുകള്‍ കൊമേഴ്സ്യല്‍ വിഭാഗത്തിലുമായിരിക്കും. കിഫ്ബിയാണ് മേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നത്.

കേരളം ഒന്നാമത് പ്രദര്‍ശനം, ടൂറിസം പവലിയന്‍, കിഫ്ബി വികസന പ്രദര്‍ശനം,  ബി ടു ബി മീറ്റ്, അമ്യൂസ്മെന്റ് ഏരിയ, ഡോഗ് ഷോ, സെല്‍ഫി പോയിന്റ്, സ്പോര്‍ട്സ് ഏരിയ, നവീനസാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക- വാണിജ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, തത്സമയമത്സരങ്ങള്‍,  തുടങ്ങിയവ മേളയെ ആകര്‍ഷകമാക്കും.

സെമിനാറുകള്‍,കലാ-സാംസ്‌കാരികപരിപാടികള്‍

എല്ലാ ദിവസവും രാവിലെ ബോധവല്‍കരണ സെമിനാറുകള്‍ നടക്കും. ഉച്ചകഴിഞ്ഞ് വിവിധ വകുപ്പുകളുടെ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. രാത്രി ഏഴിന് പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന കലാസന്ധ്യ നടക്കും.

മേയ് 12ന് രാവിലെ 11ന് പോലീസ് വകുപ്പിന്റെ സെമിനാര്‍-ഞാന്‍ തന്നെയാണ് പരിഹാരം: സാമൂഹ്യ പ്രതിബദ്ധതയും സുസ്ഥിര ഉപഭോഗവും.

ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസിന്റെ സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്രപിന്നണിഗായിക മഞ്ജരിയുടെ ഗാനമേള.

മേയ് 13ന് രാവിലെ ഒന്‍പതിന് റവന്യു -ദുരന്തനിവാരണ വകുപ്പിന്റെ സെമിനാര്‍-സുസ്ഥിര വികസനത്തില്‍ ദുരന്തനിവാരണത്തിന്റെ പങ്ക്. രാവിലെ 11ന് കൃഷി വകുപ്പിന്റെ സെമിനാര്‍-ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ കഥകളി ക്ലബിന്റെ കഥകളി. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക അപര്‍ണരാജീവിന്റെ ഗാനമേള- അണ്‍പ്ലഗ്ഗ്ഡ്. രാത്രി 8.30ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ട്.

മേയ് 14ന് രാവിലെ ഒന്‍പതിന് പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍-മുഖച്ഛായ മാറുന്ന കേരളം-പൊതുമരാമത്ത് വകുപ്പിലൂടെ. രാവിലെ 11ന് വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍ സ്‌കൂള്‍-ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണങ്ങളും ഭാവി കേരള സമൂഹവും. ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളം വീരമണികണ്ഠ കളരിയുടെ കളരിപ്പയറ്റ്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ ദേവാനന്ദിന്റെ ഗാനമേള.

മേയ് 15ന് രാവിലെ ഒന്‍പതിന് ആരോഗ്യവകുപ്പിന്റെ(അലോപ്പതി) സെമിനാര്‍- ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. രാവിലെ 10.30ന് മൃഗസംരക്ഷണ വകുപ്പിന്റെ സെമിനാര്‍ – വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം. രാവിലെ 11.30ന് ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍ –  ഉള്‍നാടന്‍ മത്സ്യകൃഷി, ആധുനിക രീതികളും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് റവന്യു വകുപ്പിന്റെ സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കടമ്മനിട്ട ഗോത്രകലാ കളരിയുടെ കാലന്‍കോലം. രാത്രി ഏഴിന് ഉപകരണസംഗീതമേള – സ്റ്റീഫന്‍ദേവസി ആന്‍ഡ് സോളിഡ് ബാന്‍ഡ്.

മേയ് 16ന് രാവിലെ ഒന്‍പതിന് എക്സൈസ് വകുപ്പിന്റെ സെമിനാര്‍ – യുവാക്കളുടെ ജീവിതശൈലിയും മയക്കുമരുന്നും. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഐഎസ്എം) സെമിനാര്‍ -യുവാക്കളില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളും അതിനുള്ള പ്രതിവിധിയും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിത – ശിശു വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് എക്സൈസ് വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നാടകം. രാത്രി ഏഴിന് പ്രസീത ചാലക്കുടിയുടെ സംഗീതപരിപാടി – പതി ഫോക്ക്ബാന്‍ഡ് അവതരിപ്പിക്കുന്ന ഓളുള്ളേരി.
മേയ് 17ന് രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍.
രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡ്.
മേയ് 18ന് രാവിലെ 10ന് ശുചിത്വമിഷന്‍, നവകേരളം മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ – നെറ്റ് സീറോയിലെത്തുന്നതില്‍ മാലിന്യ സംസ്‌കരണത്തിന്റെ പങ്ക്. രാവിലെ 11.30ന് പട്ടികജാതി വികസന വകുപ്പിന്റെ സെമിനാര്‍ – ഉന്നത വിദ്യാഭ്യാസ മേഖല- സാധ്യതകള്‍, സൗകര്യങ്ങള്‍, കാഴ്ചപ്പാടുകള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് പട്ടികജാതി വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം അഞ്ചിന് കുളത്തൂര്‍ ശ്രീദേവി പടയണിസംഘത്തിന്റെ വേലകളി. രാത്രി ഏഴിന് പ്രശസ്ത പിന്നണിഗായകന്‍ പന്തളം ബാലന്റെ ഗാനമേള.

സമാപനസമ്മേളനം
……………….
മേയ് 18ന് വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിലെ സമ്മാനദാനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കരുതലും കൈത്താങ്ങും അടൂര്‍ താലൂക്കുതല അദാലത്ത് മേയ് ആറിന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്ത് മേയ് ആറിന് രാവിലെ 10ന് നടക്കും. അടൂര്‍ ഹോളി ഏയ്ഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍,  വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ മുഖ്യാതിഥികളാകും.

ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ചിറ്റാര്‍ – കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം

ചിറ്റാര്‍ – കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം മേയ് ആറിനു വൈകുന്നേരം നാലിന് (060523) ചിറ്റാര്‍ ചതുരക്കള്ളി പാറയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് രവികല എബി അധ്യക്ഷയാകും.

വര്‍ഷങ്ങളായി കുടിവെള്ള പ്രശ്നത്തില്‍ ദുരിതമനുഭവിച്ചിരുന്ന ചതുര കള്ളിപ്പാറ നിവാസികള്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിക്ക് എംഎല്‍എ, നേരിട്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
ചിറ്റാര്‍ -കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനു എഴുപത്തിയാറു ലക്ഷത്തി എഴുതിനായിരം രൂപയുടെ ഭരണനുമതിയാണ് ആദ്യം ലഭിച്ചത്.
പട്ടികജാതി കോര്‍പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.
അനുവദിച്ച തുക മതിയാകാതിരുന്ന സാഹചര്യത്തില്‍ വകുപ്പ് മന്ത്രിക്ക് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ 959800 രൂപയായി തുക വര്‍ധിപ്പിച്ച് ഉത്തരവിറങ്ങിയിരുന്നു.

കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടുകയാണ്. ചിറ്റാര്‍ കമ്പകത്തും പാറയില്‍ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റര്‍ സ്റ്റോറേജ് ടാങ്കില്‍ വെള്ളം പമ്പ് ചെയ്തു അവിടെ നിന്നും പൈപ്പ് ലൈന്‍ വഴി താഴംപൂട്ട്കാനക പാര്‍ത്ഥ സാരഥി ക്ഷേത്രം വക സ്ഥലത്തു സ്ഥാപിക്കുന്ന ടാങ്കില്‍ എത്തിച്ചു വിതരണം നടത്തും. കേരള വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍വഹണ ചുമതല.
ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്ഷനാണ് നല്‍കുന്നത്.


error: Content is protected !!