Trending Now

കോന്നി മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: 40 കോടിയുടെ അക്കാഡമിക് ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങള്‍

 

konnivartha.com : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.

കോന്നി മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാഡമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം വര്‍ഷ കോഴ്‌സിനും അനുമതി ലഭിച്ചു. 100 വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായി കോന്നി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ഘട്ടം ഘട്ടമായി സാക്ഷാത്ക്കരിക്കുകയാണ്. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ.യുടെ നേതൃത്വവും ഇടപെടലുകളും പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്.

ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു. ഒന്നാം നിലയില്‍ ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയില്‍ ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷ ഹാള്‍, ലക്ചര്‍ ഹാള്‍, മൂന്നാം നിലയില്‍ പത്തോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫര്‍ണീച്ചറുകള്‍, ലൈബ്രറിക്ക് ആവശ്യമായ ബുക്കുകള്‍, സ്‌പെസിമിനുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ചാര്‍ട്ടുകള്‍, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോണ്‍ സെറ്റ്, സ്‌കെല്‍ട്ടനുകള്‍, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീയേജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ട്.

250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തിയത്. ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാന്‍ അഞ്ച് കോടി രൂപ ചിലിവില്‍ സജ്ജമാക്കി. പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നിവ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി വരുന്നു. അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്ക്, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, ഓഡിറ്റോറിയം, മോര്‍ച്ചറി, മോഡുലാര്‍ രക്തബാങ്ക് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറും.

 

മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം:മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങി കോന്നി;ഒരുക്കങ്ങള്‍ അവസാനലാപ്പില്‍

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിനായെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഏപ്രില്‍ 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തുന്നതിനു മുന്നോടിയായി വിപുലമായ സന്നാഹങ്ങളാണ് അങ്കണത്തില്‍ തയാറാകുന്നത്. കാല്‍ലക്ഷത്തോളം ജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി 25,000 ചതുരശ്ര അടി വലുപ്പത്തിലുള്ള പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജ് കാമ്പസില്‍ അക്കാദമിക്ക് ബ്ലോക്കിന് മുന്‍വശത്തായാണ് പന്തല്‍ തയാറാകുന്നത്.

കടുത്ത വേനലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ശീതീകരിച്ച സ്റ്റേജ് ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് പവിലിയന്‍ നിര്‍മാണം പുരോഗമിക്കുന്നത്. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യവും മെഡിക്കല്‍ കോളജ് പരിസരത്ത് തയാറാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനെത്തുന്നവര്‍ക്കായി ഭക്ഷണവും പാനീയവും മറ്റ് അവശ്യസേവനങ്ങള്‍ക്കായുള്ള സൗകര്യവും മെഡിക്കല്‍ കോളജ് കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ-ടോയ്ലെറ്റ് സംവിധാനവും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ എല്‍ഇഡി വാളുകളും സ്ഥാപിക്കും.

error: Content is protected !!