മാലിന്യ സംസ്‌കരണം-മഴക്കാല പൂര്‍വ ശുചീകരണം: യോഗം മാര്‍ച്ച് 18ന്
മാലിന്യ സംസ്‌കരണവും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തദ്ദേശ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതി ഈ മാസം 29 ന് അകം
പൂര്‍ത്തിയാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതികള്‍ ഈ മാസം 29 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2023-24 വാര്‍ഷിക പദ്ധതി തയാറാക്കി സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പ്രൊജക്ടുകളായ സമ്പൂര്‍ണ ശുചിത്വം, വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷണം, പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് നിര്‍മാണം തുടങ്ങിയവ അടുത്ത വര്‍ഷവും തുടരണം. ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതിയോടൊപ്പം വയോജന സൗഹൃദ പദ്ധതി കൂടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.
കോന്നി, ഓമല്ലൂര്‍, റാന്നി അങ്ങാടി, മല്ലപ്പുഴശേരി, ഏറത്ത് എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓമല്ലൂര്‍ വയല്‍ വാണിഭം: വളര്‍ത്തുനായ്ക്കളുടെ
മത്സര പ്രദര്‍ശനം മാര്‍ച്ച് 18ന്
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള ഡോഗ് ഷോ മാര്‍ച്ച് 18ന് വൈകുന്നേരം നാലു മുതല്‍ ഓമല്ലൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപം നടക്കും. വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനവും ഉണ്ടാവും. മികച്ച വളര്‍ത്തുനായ്ക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍.
രാത്രി ഏഴു മുതല്‍ ഡാന്‍സ് ഫ്യൂഷന്‍. മാര്‍ച്ച് 19ന് വൈകുന്നേരം അഞ്ചിന് ജോസ് നഴ്‌സറിയുടെ സമീപത്ത് നിന്നും വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും, ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളെയും പൗര പ്രമുഖരെയും സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടു മുതല്‍ നാടന്‍ പാട്ട് കലാകാരന്മാരായ മണിത്താമര, സുനില്‍ വിശ്വം എന്നിവര്‍ നയിക്കുന്ന നാടന്‍ പാട്ട്, പാട്ടുകളം.
വെള്ളിയാഴ്ച കവിയരങ്ങ് കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. വിളക്കുടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ മഹാദേവന്‍, ഓമല്ലൂര്‍ രാമകൃഷ്ണദാസ്, മിഥുന്‍ മധു എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷനും തിരുവിതാംകൂര്‍ ഹാസ്യകല അവതരിപ്പിക്കുന്ന കോമഡി മാജിക്‌ഷോയും നടന്നു.
എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ ദക്ഷിണ മേഖല പോലീസ്
കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്സണ്‍
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പത്തനംതിട്ട ഉള്‍പ്പെടുന്ന ദക്ഷിണ മേഖല ജില്ലകളുടെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ ചുമതലയേറ്റു.
സ്‌കൂള്‍ പൗള്‍ട്രി ക്ലബിലെ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്പെന്‍സറിയും ചേര്‍ന്ന് തട്ടയില്‍ എസ് കെ വി യു പി സ്‌കൂള്‍, പൊങ്ങലടി എസ് വി എച്ച് എസ് സ്‌കൂളുകളിലെ പൗള്‍ട്രി ക്ലബില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഒരു കുട്ടിക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നല്‍കിയത്. കുട്ടികളില്‍ വളര്‍ത്തു പക്ഷികളെ പരിപാലിക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുണ്ടാക്കുക, ഹോര്‍മോണ്‍ രഹിത മുട്ട വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, പഞ്ചായത്ത് അംഗം രഞ്ജിത്ത്, വെറ്ററിനറി സര്‍ജന്‍ അനില്‍ മാമന്‍, ഹെഡ്മിസ്ട്രസ്മാരായ അനിതകുമാരി, പ്രീതകുമാരി, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.