കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡുനിർമ്മാണം സാങ്കേതിക അനുമതി ഉടൻ ലഭ്യമാകും: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

 

konnivartha.com :  കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എം എൽ എ യുടെയും പൊതു മരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ റോഡ് പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. സാങ്കേതിക അനുമതി ലഭ്യമാകത്തക്ക തരത്തിൽ റോഡിന്‍റെ എസ്റ്റിമേറ്റ് പുനക്രമീകരിച്ചു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വസ്തു ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്.

കോന്നി മുരിങ്ങമംഗലം ജംഗ്ഷൻ മുതൽ വട്ടമൺ വരെയും, പയ്യനാമൺ മുതൽ വട്ടമൺ വരെയുമുള്ള 4.5 കിലോമീറ്റർ റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും 9 മീറ്റർ ടാറിങ്ങുമാണ് വിഭാവനം ചെയ്യുന്നത്.

225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 132 പേരുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ ഓഫീസിലും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കും. ഇതിനോടൊപ്പം സാങ്കേതിക അനുമതിയും ലഭ്യമാകും.

റോഡ് വികസനത്തിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവൻ പോസ്റ്റുകളും മാറ്റി പുനസ്ഥാപിക്കും. കേരള വാട്ടർ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്.

യോഗത്തിൽ എംഎൽഎ യോടൊപ്പം പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു രാജ്,മറ്റു പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

error: Content is protected !!