Trending Now

വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു

 

*വനിതാ ദിനത്തിൽ സ്ത്രീകൾക്കായി വ്യവസായ വകുപ്പിന്റെ മൂന്ന് പദ്ധതികൾ

*കെ.എസ്.ഐ.ഡി.സി മുഖേന അഞ്ച് ശതമാനം പലിശ നിരക്കിൽ 50 ലക്ഷം വരെ വായ്പ

*ഇൻക്യുബേഷൻ സെൻററിൽ പാതി വാടക മാത്രം

konnivartha.com : അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്, കെ.എസ്.ഐ.ഡി.സി മുഖേന വീ വിഷൻ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് നൽകിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയർത്തൽ, കോഴിക്കോട്ടെ കെ.എസ്.ഐ.ഡി.സി ഇൻക്യുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണിത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വനിതാ സംരംഭകർക്കായി സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ച് സംസാരിക്കവെ വ്യവസായ മന്ത്രി പി രാജീവാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.

2022-23 സാമ്പത്തിക വർഷം സംസ്ഥാനത്ത് ആകെ 1,35,000 സംരംഭങ്ങൾ തുടങ്ങിയതിൽ 43,200 എണ്ണം വനിതകളുടേതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം സംരംഭങ്ങളിൽ 33 ശതമാനം സ്ത്രീകളുടേതായത് തികച്ചും അഭിമാനാർഹമായ കാര്യമാണ്. അടുത്തവർഷം ഇത് 50 ശതമാനമായി ഉയർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംരംഭക വർഷത്തിൽ സംരംഭകരാകാൻ വലിയതോതിൽ തയ്യാറായി വന്നത് വനിതകളാണ് എന്നതാണ് ഏറ്റവും പ്രധാനം. അതിൽ തന്നെ യുവതികളാണ് കൂടുതൽ. കേരളത്തിലെ ഒരു സംരംഭം ശരാശരി രണ്ടര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.

സ്ത്രീകൾ വീട്ടകങ്ങളെ തൊഴിൽ സംരംഭങ്ങൾക്ക് ഉപയോഗിക്കണം. ആയിരത്തിലേറെ ചതുരശ്രയടി വിസ്തൃതിയുള്ള വീട്ടിൽ പരമാവധി 600 ചതുരശ്ര അടി മാത്രമേ വീട്ടുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ. ബാക്കി സ്ഥലം സംരംഭത്തിന് മാറ്റിവയ്ക്കാം. ഇതുവഴി കേരളത്തിന്റെ സ്ഥലപരിമിതി എന്ന പ്രശ്‌നം മറികടക്കാം. സംരംഭകത്വത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും സംവിധാനത്തിന് അകത്ത് നിന്ന് സഹായിക്കാൻ സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി വനിതാ സംരംഭകർക്ക് ഉറപ്പുനൽകി.

നിങ്ങളുടെ സംരംഭത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളതായി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ എം.എസ്.എം.ഇ ക്ലിനിക്കുമായി ബന്ധപ്പെടണം. സംരംഭകത്വം തകരാൻ കാത്തു നിൽക്കാതെ ലക്ഷണം കാണിക്കുന്ന ഘട്ടത്തിൽ തന്നെ എത്തിയാൽ വിദഗ്ധ ഉപദേശങ്ങളും നിർദേശങ്ങളും അനുസരിച്ച് വീണ്ടെടുക്കാൻ സാധിക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഇന്റേൺസ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, താലൂക്ക് ഫെസിലിറ്റേഷൻ ഓഫീസും ഉണ്ട്. മാർച്ച് 31നുള്ളിൽ 10 ലക്ഷം രൂപ വരെ ബാങ്ക് വഴി ലോൺ എടുത്താൽ നാല് ശതമാനം പലിശ മാത്രമേ വനിതാ സംരംഭകർ നൽകേണ്ടതുള്ളൂ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാക്കി പലിശ സർക്കാർ അടയ്ക്കും. സംസ്ഥാനത്ത് ഒട്ടേറെ വനിതാ സഹകരണ സംഘങ്ങൾ ഉണ്ടെങ്കിലും നല്ല ശതമാനവും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘങ്ങൾക്ക് ആണ് കോമ്പസിറ്റ് ഗ്രാന്റ് ആയി തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വ്യവസായവകുപ്പ് നൽകുക. ഇത് വരുന്ന ഏപ്രിൽ മുതൽ ആരംഭിക്കുന്ന വനിതാ സഹകരണ സംഘങ്ങൾക്കും മുൻപ് പ്രവർത്തനം തുടങ്ങിയ വനിതാ സഹകരണ സംഘങ്ങളിൽ ആധുനീകരണമോ വിപുലീകരണമോ നടത്തിയവയ്ക്കോ മാത്രമായിരിക്കും.

ആവശ്യമുള്ള സംഖ്യയുടെ 50 ശതമാനം, പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് അനുവദിക്കുക. ഇതിനുപുറമേ ബാങ്കുമായി ചേർന്ന് വായ്പ ലഭ്യമാക്കാൻ സഹായം നൽകും. സംരംഭം തുടങ്ങുമ്പോൾ പ്രവർത്തന മൂലധനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. സംരംഭത്തിന്റെ പ്രോജക്ട് തയ്യാറാക്കാനും സർക്കാർ സഹായം നൽകും. കെ.എസ്.ഐ.ഡി.സി യുടെ ‘വീ മിഷൻ’ പദ്ധതി വഴി 25 ലക്ഷം രൂപയാണ് ഇപ്പോൾ വായ്പ നൽകുന്നത്. ഇത് വനിതാ സംരംഭകർക്ക് 50 ലക്ഷം രൂപ വരെയായി ഉയർത്തും. ഇതിന് അഞ്ച് ശതമാനമാണ് പലിശ.

അതുപോലെ ആറ് മാസം മൊറട്ടോറിയം എന്നുള്ളത് വനിതാ സംരംഭകർക്കായി ഒരു വർഷമായി ഉയർത്തുകയാണെന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ചു.കെ.എസ്.ഐ.ഡി.സിയുടെ കോഴിക്കോട്ടെ ഇൻക്യുബേഷൻ സെന്റർ വാടക ഈടാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, വനിതാ സംരംഭകർക്ക് വരുന്ന ഏപ്രിൽ മാസം മുതൽ പകുതി വാടക നൽകിയാൽ മതിയാകും.

ഇത്രയെല്ലാം ഇളവുകൾ വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത് അടുത്ത വർഷം സംരംഭങ്ങളിൽ 50 ശതമാനം സ്ത്രീകളുടേത് ആയിരിക്കണം എന്ന ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളിൽ 43,200 എണ്ണം വനിതകളുടേതായത് സുവർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാന വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.ഇത് സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ ഇടപെടലിന്റെ ഭാഗമായിട്ടാണ്. വനിതാ വ്യവസായ സംരംഭകരിൽ എല്ലാവരും തന്നെ പൂർണ്ണമായി വിജയിച്ച പോരാട്ടങ്ങൾക്ക് ഉടമകളാണെന്ന് മന്ത്രി പ്രശംസിച്ചു. നിങ്ങൾ ഓരോരുത്തരും സമൂഹത്തിന് മാതൃകയാണ്.ഒരു വനിത സംരംഭക ആയി തീരുമ്പോൾ സ്ത്രീകളുടെ വിഷയങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആയി പ്രതികരിക്കാൻ സാധിക്കും. തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങളിൽ ഒക്കെ ആ രീതിയിൽ ഗുണപരമായി ഇടപെടാൻ സാധിക്കും. സ്ത്രീകൾ തൊഴിൽദാതാക്കൾ ആവുക എന്നത് ഏറ്റവും പ്രധാന കാര്യമാണെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പങ്കെടുത്ത മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പി.എം.എഫ്.എം.ഇ പ്രമോ ഫിലിമിന്റെ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡയറക്ടർ എസ് ഹരികിഷോർ, കനറ ബാങ്ക് ഡിവിഷണൽ മാനേജർ വി.എം രുഗ്മിണി ദേവി, അപർണ മധു (കെ.എസ്.എസ്.ഐ.എ), ബിൻസി ബേബി (സി.ഐ.ഐ-ഐ.ഡബ്ല്യു.എൻ കേരള), രശ്മി മാക്‌സിം (ഫിക്കി), സപ്നു ജോർജ് (ടൈ കേരള), എം.വി ലൗലി, സിമി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.