സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്.
നിലവിലുള്ള വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.
ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതല നൽകി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷൻ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല നൽകി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടറുടെ വാദം. സമഗ്രമായ റിപ്പോർട്ട്
വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി
രൂക്ഷമായ വിമർശനമാണ് കളക്ടർക്ക് എതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്ന് കളക്ടർ വിശദീകരിച്ചു. ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മുന്നറിയിപ്പും നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.
എറണാകുളം കളക്ടറായിരുന്ന രേണു രാജിനെ മാറ്റിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ അല്ല സർക്കാർ തീരുമാനമെന്നാണ് മനസിലാക്കുന്നത്. കളക്ടർക്കെതിരെ പല വിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് യു ഡി എഫ് എം.എൽ.എമാരും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തോട് യോജിക്കുകയാണെന്ന് സതീശൻ വ്യക്തമാക്കി