konnivartha.com : സാറേ,ചതുരപുളി കൊണ്ട് ജ്യൂസുംഉണ്ടാക്കാമോ?ഞങ്ങളുടെ പുളിഞ്ചോട്ടിൽ ആർക്കും വേണ്ടാതെ എത്ര എണ്ണമാ കിടക്കുന്നത്! ചതുര പുളിയുടെ പുതിയ ഒരു ഉപയോഗം മനസ്സിലാക്കിയ ജനപ്രതിനിധി അത്ഭുതത്തോടെ പറഞ്ഞു. റാന്നി ബി ആർ സി യും പഴവങ്ങാടി സിഎംഎസ് എൽ പി സ്കൂളും സംയുക്തമായി നടത്തിയ ‘ഹാപ്പി ഡ്രിങ്ക്സ് ‘ നാടൻ പാനീയങ്ങളുടെ നിർമ്മാണ പരിശീലന പരിപാടിയിലാണ് ഈ കമന്റ്.
റാന്നി ബി ആർ സിതല പരിപാടി പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീമ മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം, സ്കൂൾ ഹെഡ്മാസ്റ്റർ റോയ് ജോർജ് വർഗീസ്,സി ആർ സി കോഡിനേറ്റർ ദീപ്തി എസ് എന്നിവർ സംസാരിച്ചു. ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയോടുള്ള അമിത പ്രതിപത്തി കുറയ്ക്കുക, പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പോഷക സമ്പുഷ്ടമായതും രോഗം വരാത്തതും ആയ ബദൽ പാനീയങ്ങൾ നിർമ്മിക്കുന്നതിൽ പ്രാവണ്യം നേടുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഹാപ്പി ഡ്രിങ്ക്സ് പരിപാടി നടത്തുന്നത്.
പരിപാടിയിൽ വിവിധ സ്കൂളുകളിലെ രക്ഷകർതൃ പ്രതിനിധികൾ, അധ്യാപകർ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും ഇത്തരം പരിപാടികൾ നടത്തും. ചതുരപ്പുളി ജ്യൂസ് മുതൽ പിണ്ടി മോര് 51 നാടൻപാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും നടന്നു. ഓരോരുത്തരും നിർമ്മിച്ച പാനീയങ്ങൾ മറ്റുള്ളവരുടെ വായിലേക്ക് പരസ്പരം പകർന്നു നൽകിയപ്പോൾ സന്തോഷവും പുതിയ സൗഹൃദങ്ങളും ഉണ്ടാവുകയായിരുന്നു. പ്രവർത്തനങ്ങൾക്ക് ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ നേതൃത്വം നൽകി.പഞ്ചസാരക്ക് പകരം തേനും ശർക്കരയുമാണ് മധുരത്തിനായി ഉപയോഗിച്ചത്