Trending Now

ഭജനക്കുടിലിലെ ഭദ്രകാളി

ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ: പി. ടി. പൗലോസ്)
1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ ഓച്ചിറയില്‍ എത്തി.

നാല്പതോളം ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്ര പരിസരം. ഇന്നവിടെ ഉള്ളത്‌പോലെ ഓംകാര സത്രമോ പരബ്രഹ്മ സത്രമോ ഗസ്റ്റ് ഹൗസുകളോ ഒന്നുമില്ലാത്ത കാലം. പരബ്രഹ്മ സന്നിധാനം ഒഴിച്ചാല്‍ വനവൃക്ഷങ്ങളും കാട്ടു ചെടികളും നിറഞ്ഞ വനഭൂമി. അങ്ങിങ്ങായി കട്ടുവള്ളികള്‍ പടര്‍ന്നു
കയറിയ ആല്‍ത്തറകള്‍. സന്നിധാനത്തില്‍ നിന്നകന്ന് അവിടവിടെ ഓല കെട്ടിയുണ്ടാക്കിയ ഭജനക്കുടിലുകളിലും ആല്‍ത്തറകളിലും ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍.

ക്ഷേത്ര പരിസരത്ത് സുഹൃത്തിനെ തേടി ഞാന്‍ അലഞ്ഞു. അവനെ ഒരിടത്തും കണ്ടില്ല. അന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന കെ.പി.എ.സി.യുടെ നാടകത്തെക്കുറിച്ചും ഓച്ചിറ രാമചന്ദ്രന്റെ കഥപ്രസംഗത്തെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാം. നേരം സന്ധ്യ ആകുന്നു. സന്നിധാന പരിസരത്തെ നിയോണ്‍ വിളക്കുകള്‍ ഒഴിച്ചാല്‍ ക്ഷേത്രഭൂമി ഇരുളിലാണ്. കൗമാരം വിട്ടുമാറാത്ത എനിക്ക് നേരിയ ഭയത്തിന്റെ തരിപ്പ്. അപ്പോഴാണ് ഇരുളില്‍ നിന്നും ഒരു കൈ എന്റെ ചുമലില്‍ സ്പര്‍ശിച്ചത്. ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. നീളന്‍ മുടിയും നീണ്ട താടി രോമങ്ങളും മുറുക്കി ചുമപ്പിച്ച ചുണ്ടുകളും കറയുള്ള പല്ലുകളും ചുമന്നു തുടുത്ത കണ്ണുകളും ഉള്ള കാവി വേഷധാരിയായ ഒരു സന്യാസിയുടെ ഭീകര രൂപം. മദ്യത്തിന്റെ രൂക്ഷഗന്ധം. അയാള്‍ തടികൊണ്ട് ഉണ്ടാക്കിയ ഒരു കാല്‍ പാദത്തിന്റെ രൂപം എന്റെ കയ്യില്‍ തന്ന് സന്നിധാനത്തേക്ക് നടക്കാന്‍ ആജ്ഞാപിച്ചു. യാന്ത്രികമായി അനുസരിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

സന്നിധാനത്ത് എത്തുന്നതിന് മുന്‍പായി ആളില്ലാത്ത ഒരു കോണിലെത്തിയപ്പോള്‍ നില്‍ക്കാന്‍ ആജ്ഞാപിച്ചു. എന്നിട്ട് കാല്‍പാദം അയാള്‍ തിരികെ വാങ്ങി ഇരുപത് രൂപ ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ കൊന്ന് കൊക്കയില്‍ എറിയും എന്ന ഭീഷണിയും. ഭീതിയോടെ ഇരുപത് രൂപ അയാളെ ഏല്പ്പിച്ചു തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍, അതേ രൂപത്തിലുള്ള മറ്റൊരു സന്യാസി എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് തടിയില്‍ തീര്‍ത്ത ‘ കൈ ‘ യുടെ രൂപവും ആയി മുന്നില്‍. സന്നിധാനത്ത് പോകുമ്പോള്‍ ‘ കൈ ‘ പിടിച്ചുകൊണ്ട് പോകണമെന്നാണ് ക്ഷേത്ര നിയമം എന്ന് പറഞ്ഞു കൊണ്ട് ‘ കൈ ‘ എന്റെ കയ്യില്‍ തന്ന് മുന്നോട്ട് നടക്കാന്‍ ആജ്ഞാപിച്ചു. ഇദ്ദേഹത്തില്‍ നിന്നും ചാരായത്തിന്റെ രൂക്ഷ ഗന്ധം. ഞാന്‍ ‘ കൈ ‘ യുമായി രണ്ടടി നടന്നപ്പോള്‍ നില്‍ക്കാന്‍ പറഞ്ഞ് ‘ കൈ ‘ അയാള്‍ തിരികെ വാങ്ങി. അയാള്‍ക്കും വേണം സന്നിധാന നേര്‍ച്ചയായി ഇരുപത് രൂപ. കൊടുക്കുവാന്‍ മടിച്ചപ്പോള്‍ മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് എന്റെ കൈ വിരലുകള്‍ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ കരഞ്ഞ് പറഞ്ഞു എന്റെ കൈവശം പതിനഞ്ച് രൂപയെ ഉള്ളു. അതും കൊടുത്ത് അവിടെ നിന്നും ഇരുട്ടിലൂടെ ഓടി. ഒരു ആല്‍ത്തറ യോട് ചേര്‍ന്നുള്ള ഒരു ഭജനക്കുടിലിന്റെ സമീപമെത്തി. കുടിലിന്റെ വാതിലിലൂടെ കരിവളകളിട്ട ഒരു കറുത്ത കൈ ശക്തിയോടെ പിടിച്ച് വലിച്ച് എന്നെ കുടിലിനകത്തേക്ക് കയറ്റി. സത്യത്തില്‍ കുടിലിന്റെ തറയിലേക്ക് എന്നെ തള്ളിയിടുക ആയിരുന്നു.

ആറടിയോളം പൊക്കം. കറുത്ത് തടിച്ച ആജാനുബാഹുവായ ഒരു സ്ത്രീരൂപം രാക്ഷ്‌സീയ ഭാവത്തില്‍. കൈ നിറയെ കരിവളകള്‍. മുറുക്കി ചുവപ്പിച്ച ചുണ്ടുകളും പുകയില ക്കറയുള്ള പല്ലുകളും. നിറഞ്ഞ മാറില്‍ പല അടക്കുകള്‍ ആയുള്ള രുദ്രാക്ഷ മാലയും മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ എനിക്ക് കാണാമായിരുന്നു. നിലത്ത് വീണ എന്നെ അവര്‍ വരിഞ്ഞു മുറുക്കി. എന്റെ ബലിഷ്ഠമായ എല്ലുകള്‍ ഒടിയുന്നതുപോലെ…

ഉത്സവം കാണാന്‍ എത്തിയത് ആണെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. അപ്പോല്‍ അവള് “സന്നിധാനത്ത് പ്രാര്‍ത്ഥിക്കുന്നതും എന്നെ പ്രാപിക്കുന്ന തും ഒന്നുതന്നെ. ഈ ഭജനക്കുടിലിലെ ദേവിയാണ് ഞാന്‍. ദേവീ പ്രസാദം ഞാനിന്ന് നിനക്ക് തരും”. രക്ത നിറമുള്ള കണ്ണുകള്‍ തുറിച്ച് അവളുടെ നീണ്ട നാക്ക് പുറത്തേക്ക്… ശരിക്കും ഭദ്രകാളി പോലെ.

കാമവികാരം തലക്ക് പിടിച്ച അവള് എന്നെ അവളോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ ആ പിശാചിന്റെ കയ്യില്‍ ഞാന്‍ ആഞ്ഞ് കടിച്ചു. വേദന കൊണ്ട് പുളഞ്ഞ അവര്‍ പിടി വിട്ടു. ഈ സമയം ഓലക്കുടിലിന്റെ വാതില്‍ തട്ടിതെറിപ്പിച്ചു ഞാന്‍ പുറത്തു ചാടി. ഭക്തജനങ്ങളുടെ ഇടയിലൂടെ എങ്ങോട്ടെന്നറിയാതെ ഞാനോടി, ആ രക്ത യക്ഷി പുറകെ ഉണ്ടോ എന്ന് നോക്കിക്കൊണ്ട്.

ഓടിയും നടന്നുമായി ഞാന്‍ ഹൈവേയില്‍ എത്തി, നഗ്‌നപാദനായി. എന്റെ ചെരുപ്പുകള്‍ കുടിലില്‍ എവിടെയോ ഇട്ടിട്ടാണ് ഞാന്‍ ജീവനും കൊണ്ടോടിയത്. ഞാന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു. കയ്യില്‍ പണവുമില്ല. ഹൈവേയിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് കയംകുളത്ത് എത്തി. തളര്‍ന്ന് അവശനായി അവിടെ ഒരു ഹോട്ടലില്‍ കയറി. ഇപ്പോഴും ഞാനോര്‍ക്കുന്നു. കുട്ടന്‍ പിളളയുടെ ഭഗവതി വിലാസം ഹോട്ടല്‍.

അവശനായ എന്നെ കണ്ടപ്പോള്‍ ഒന്നും ചോദിക്കാതെ കുട്ടന്‍ പിള്ള ചേട്ടന്‍ ഒരു കട്ടന്‍ കാപ്പി തന്നു. പിന്നീട് കാര്യങ്ങല്‍ ചോദിച്ചറിഞ്ഞു. ആ രാത്രി അവിടെ വിശ്രമിച്ച് പിറ്റെ ദിവസം വെളുപ്പിന് കുട്ടന്‍ പിള്ള ചേട്ടന്‍ ദയവ് തോന്നി എനിക്ക് തന്ന ഏഴ് രൂപയുമായി ഞാന്‍ മുവ്വാറ്റുപുഴ ബസില്‍ കയറി കൂത്താട്ടുകുള ത്തിനുള്ള മടക്കയാത്രയ്ക്ക്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!