ശബരിമലയിലെ അരവണ നിർമ്മാണം ദേവസ്വം ബോർഡ് താൽകാലികമായി നിർത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉണ്ടെന്നായിരുന്നു പരിശോധന ഫലം.
കൊച്ചിയിലെ സ്പൈസസ് ബോർഡ് ലാബിലായിരുന്നു ഏലയ്ക്ക പരിശോധിച്ചത്. ഇതിൽ 14 ഇനങ്ങളിൽ അനുവദനീയമായതിന്‍റെ പത്തിരട്ടിയോളം കീടനാശിനിയുണ്ടെന്ന് കണ്ടെത്തി. ഇന്ന് തന്നെ ഇത്തരം അരവണ കണ്ടെയ്‍നറുകള്‍ സീൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഇവ വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ശബരിമല ഭക്ഷ്യ സുരക്ഷാ ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ ഏലയ്ക്ക ഇല്ലാതെയോ അരവണ നിർമ്മാണം നടത്താമെന്നും നിർദദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവിന് പിന്നാലെ അരണവണ നിർമ്മാണം താൽക്കാലികമായി നിർത്തി വെച്ചതായി ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. ഏലക്കയില്ലാതെ അരവണ നിർമ്മാണം ഇന്ന് തന്നെ തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ വ്യക്തമാക്കി.
ശബരിമലയിലെ ഏലം ടെണ്ടറിൽ പങ്കാളിയായിരുന്ന അയ്യപ്പ സ്പൈസസ് കമ്പനിയാണ് കീടനാശിനിയുള്ള അരവണ നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലത്തിൽ അനുവദനീയമായ അളവിൽ മാത്രമാണ് കീടനാശിനിയുള്ളതെന്നായിരുന്നു ദേവസ്വം നിലപാട്. ഈ വാദം തള്ളിയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്.