ക്വട്ടേഷന്‍
മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി ഗ്രീന്‍ ഗാര്‍ഡ്‌സിന് താമസിക്കുന്നതിനായി പമ്പയില്‍ ചുറ്റുമറയും ടെന്റും കിടക്കകളും ഫാനുകളും താത്ക്കാലികമായി തയാറാക്കി 2023 ജനുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഡിസംബര്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാംനില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8129557741, 0468 2322014.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തനകാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്), ഏഴ് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറു മുതല്‍ 14 വരെ കളമശേരിയിലെ കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. പാക്കിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, സ്ട്രാറ്റെജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ടൈം ആന്‍ഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പടെ 4,130 രൂപ ആണ് ഈ ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890/2550322/7012376994.
വയോരക്ഷ പദ്ധതി
സാമൂഹ്യ, സാമ്പത്തിക, ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2022-23 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്നു. ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതും മുതിര്‍ന്ന പൗരന്മാരെയും സുരക്ഷിതമായ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2325168.
പൂര്‍വ വിദ്യാര്‍ഥി സംഗമം ഇംപ്രിന്റ്‌സ് 2022 സംഘടിപ്പിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ഡിഡിയു ജികെവൈ, യുവകേരളം പദ്ധതികളുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഇംപ്രിന്റ്‌സ് 2022 സംഘടിപ്പിച്ചു. അടൂരില്‍ നടന്ന പരിപാടി നിയമസഭ ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ജോലി കിട്ടിയവര്‍ക്ക് ഉപഹാര സമര്‍പ്പണവും ഡിഡിയു ജികെവൈ, യുവകേരളം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന എട്ട് ബ്ലോക്കിലെയും ഒരുമികച്ച സി.ഡി.എസിന് അനുമോദനവും ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പരിശീലന ഏജന്‍സികള്‍ക്ക് ഉപഹാരവും നല്‍കി. എസ്. ശ്രീനാഥ് പൂര്‍വ വിദ്യാര്‍ഥികളുമായി സംവാദിച്ചു. മികച്ച ജോലിയില്‍ പ്രവേശിച്ച വിദ്യാര്‍ഥികള്‍ അനുഭവം പങ്കുവച്ചു. ധ്വനി ബാന്‍ഡ് നയിച്ച ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്‌ഷോയും അരങ്ങേറി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, വിവിധ കമ്പനി പ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റ്മാര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍, ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്- ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്
ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് ആറുമാസം ആണ് കാലാവധി. സ്വയം പഠന സാമഗ്രികള്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്കു ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു എന്‍എസ്ഡിസി, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഇവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www. srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ടയില്‍ മല്ലപ്പള്ളിയില്‍ ആണ് പഠനകേന്ദ്രം. ഫോണ്‍ : 8547521277.
ഘട്ട് റോഡ് ആയി വിജ്ഞാപനം ചെയ്തു
പത്തനംതിട്ട – പമ്പ റോഡിലെ 27.5 മുതല്‍ 75 കിലോ മീറ്റര്‍ വരെയുളള 47.5 കി.മീറ്റര്‍ ഭാഗവും മുണ്ടക്കയം – പമ്പ റോഡിലെ 15 കി.മീ മുതല്‍ 67.5 കി.മീ വരെയുളള 52.5 കി.മീ. ഭാഗവും 1989 ലെ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടത്തിലെ ചട്ടം 354 ലെ വിശദീകരണത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് ഘട്ട് റോഡ് ആയി ഡിസംബര്‍ ഒന്നിലെ സ.ഉ(പി)നം.38/2022 ട്രാന്‍സ് പ്രകാരം വിജ്ഞാപനം ചെയ്തിരിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു.
ഗതാഗത നിയന്ത്രണം
കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷനില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഇന്നു (ഡിസംബര്‍ 6)മുതല്‍ ഒരു മാസത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. കൈപ്പട്ടൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെളളപ്പാറ ചന്ദനപ്പളളി വഴി വളളിക്കോട് ഭാഗത്തേക്കും വളളിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചന്ദനപ്പളളി-വെളളപ്പാറ വഴി കൈപ്പട്ടൂര്‍ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള നാല് വാഹനങ്ങള്‍ (ടയോട്ട എത്യോസ്, മാരുതി ഡിസയര്‍, മഹീന്ദ്ര വെരിറ്റോ, മഹീന്ദ്ര ബോലേറോ, ടാറ്റ ഇന്‍ഡിഗോ, തത്തുല്യ നിലവാരത്തിലുളള ഇതര വാഹനങ്ങള്‍, 7 സീറ്റ്, എ.സി, 2017 മുതലുളള മോഡല്‍) ഉളള മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട എന്ന വിലാസത്തില്‍ ഡിസംബര്‍ ഏഴിന് പകല്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2223515, 9188297112.
കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ് ഈ മാസം 14 വരെ നടക്കും. ഡിസംബര്‍ ആറിന് ശാസ്താങ്കല്‍ ജംഗ്ഷന്‍, ഏഴിന് പുതുശേരി ജംഗ്ഷന്‍, എട്ടിന് പാലത്തിങ്കല്‍ ജംഗ്ഷന്‍, ഒന്‍പതിന് അമ്പാട്ടുഭാഗം എന്‍.എസ്.എസ് കരയോഗ മന്ദിരം, 12 ന് കാഞ്ഞിരത്തിങ്കല്‍ അങ്കണവാടി, 13 ന് കടമാങ്കുളം ജംഗ്ഷന്‍, 14 ന് മടുക്കോലി ജംഗ്ഷന്‍ എന്നിവിടങ്ങളിലായി രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയുളള സമയത്ത് നടക്കും.
വള്ളിക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി നിയോജക മണ്ഡലത്തില്‍ വള്ളിക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതി നടപ്പാക്കാനായി 2567000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക, മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകന് അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അത് വഴി കേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പാക്കുവാന്‍
പഞ്ചായത്ത് – കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.
അരുവാപ്പുലം കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കി ഉയര്‍ത്തും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവന്‍ സ്മാര്‍ട്ട് കൃഷി ഭവന്‍ ആയി ഉയര്‍ത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകള്‍ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2022-23 സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തിയാണ് തുക അനുവദിച്ചത്. സ്മാര്‍ട്ട് കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇന്‍ഫര്‍മേഷന്‍ സെന്ററും ഉണ്ടാകും. പ്ലാന്റ് ഹെല്‍ത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യും.
കര്‍ഷകര്‍ക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും കൃഷി ഭവനില്‍ ഉണ്ടാകും. സ്മാര്‍ട്ട് കൃഷിഭവന്റെ നിര്‍മാണത്തിനായി പഞ്ചായത്ത് – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബര്‍ 31. ഫോണ്‍ : 9048110031 / 8075553851. വെബ് സൈറ്റ് : www.srccc.in .
ക്രിസ്തുമസ്/പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്
ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി മൂന്നു വരെ ജാഗ്രതാ ദിനങ്ങളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയിലെ മൂന്ന് ഓഫീസുകള്‍ കേന്ദ്രമാക്കി മൂന്ന് സ്‌ട്രൈക്കിംഗ്‌ഫോഴ്‌സ് പ്രത്യേകമായി രൂപീകരിച്ചു. പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു.
രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളതും, വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജമാക്കിയിട്ടുമുണ്ട്്.
ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇനി പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ.പ്രദീപ് അറിയിച്ചു.
ജില്ലാ കണ്‍ട്രോള്‍റൂം പത്തനംതിട്ട 04682222873, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടൂര്‍ 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല 9400069472, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി 9400069477, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി 9400069478, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ 9400069479, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ 9400069475, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി 9400069480, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല 9400069481, അസി. എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9447178055.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കവിയൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് വെളളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കീഴ്‌വായ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് വെളളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിലാസം : മെഡിക്കല്‍ ഓഫീസര്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കീഴ്‌വായ്പൂര്‍ , പത്തനംതിട്ട, പിന്‍ 689 587, ഫോണ്‍ : 8547995094.
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം: ചെറുകോല്‍ ജേതാക്കള്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്ലോക്ക് കേരളോത്സവത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. 15 കലാകായിക മത്സര ഇനങ്ങളില്‍ അഞ്ഞൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് ആറന്മുള സിഐ സി.കെ. മനോജ് സമ്മാനദാനം നിര്‍വഹിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാം പി തോമസ്, സാലി ലാലു പുന്നക്കാട്, സാറാമ്മ ഷാജന്‍, ശ്രീവിദ്യ, കെ.ആര്‍. അനീഷ, ജിജി ചെറിയാന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ റോയി ഫിലിപ്പ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗം ജോമോന്‍ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. മഞ്ജു, സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റൂബി ജോണ്‍ മാത്യു, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ലോകമണ്ണ് ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി
ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പന്തളം ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയത്തിന്റെയും പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ചടങ്ങിനോട് അനുബന്ധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും കര്‍ഷകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി. ജസ്റ്റിന്‍ പദ്ധതി വിശദീകരണം നടത്തി. മണ്ണ് ദിന പ്രതിജ്ഞാ വാചകം സോയില്‍ സര്‍വേ ഓഫീസര്‍ അമ്പിള്‍ വര്‍ഗീസ് ചൊല്ലികൊടുത്തു.
ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലും കാര്‍ഷിക കര്‍മ്മസേനയ്ക്കുള്ള മെമന്റോ സമര്‍പ്പണവും ഫലവൃക്ഷതൈ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദും നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, വാര്‍ഡ് അംഗങ്ങളായ സി.എസ്. ശ്രീകല, അംബിക ദേവരാജന്‍, ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. അംബിക, സീനിയര്‍ കൃഷി അസിസ്റ്റന്റ് എന്‍. ജിജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്കായി മണ്ണറിവ് പ്രദര്‍ശനം ഒരുക്കിയിരുന്നു. കലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ദുരന്തനിവാരണ അതോറിറ്റി പത്തനംതിട്ടയിലെ ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡും മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തെക്കുറിച്ച് സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വി. ജസ്റ്റിനും ക്ലാസുകള്‍ നയിച്ചു.