ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഉണര്‍വിന്റെ ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി ഉപയോഗം വ്യക്തികളെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനകീയ കാമ്പയിന്റെ ഭാഗമായുളള ബോധവല്‍കരണ പരിപാടികളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ടം നവംബര്‍ 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് തുടക്കം ഇട്ടു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും സന്ദേശം എത്തുന്നുവെന്ന് ഉറപ്പു വരുത്തുക, ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്നും മുക്തരാക്കുന്നതിനായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ക്ലിനിക്കല്‍ ഇന്റര്‍വെന്‍ഷന്‍ ആവശ്യമുണ്ടെങ്കില്‍ ഡി അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കുക, നിയമപരമായിട്ടുളള സങ്കീര്‍ണതയിലേക്ക് കുഞ്ഞുങ്ങള്‍ വരെ ഉള്‍പ്പെട്ടുപോകുന്ന സാഹചര്യത്തില്‍ അവരുടെ ഭാവിയും സ്വകാര്യതയുമൊക്കെ സംരക്ഷിച്ചുകൊണ്ടുളള ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുളളതെന്നും മന്ത്രി പറഞ്ഞു. പൊതു സമൂഹവുമായി ഏറ്റവും അടുത്ത് ഇടപെഴുകുന്ന മോട്ടോര്‍ തൊഴിലാളികള്‍ നടത്തുന്ന ലഹരി ബോധവല്‍കരണ പ്രചാരണം ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് കാമ്പയിനിലും മന്ത്രി പങ്കാളിയായി.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണ റാലി ഉണര്‍വിന്റെ ഫ്ളാഗ് ഓഫ് കര്‍മം, മുഖ്യസന്ദേശം നല്‍കല്‍ എന്നിവ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ‘അധ്വാനമാണ് ലഹരി, അധ്വാനമാണ് സൗന്ദര്യം’. അതിനാല്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മറ്റൊരു ലഹരിയുടെ ആവശ്യം ഇല്ലെന്നും ഓരോ ദിവസവും ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിനോയ് കൃഷ്ണന്‍, മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോട് അനുബന്ധിച്ച് സ്‌കേറ്റിംഗ്, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.