കോന്നിയിലെ അർഹരായ മുഴുവൻ ആളുകൾക്കും ഉപാധിരഹിത പട്ടയം നല്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനം, റവന്യുവകുപ്പ് സംയുക്ത പരിശോധനയിലൂടെ മാത്രമേ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ പട്ടയം നൽകാനാകൂ.
മറിച്ചു നൽകിയ പട്ടയങ്ങളാണ് റദ്ദാക്കിയത്.അർഹതയുള്ള മുഴുവൻ ആളുകൾക്കും പട്ടയം നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ നടപടികക്രമങ്ങൾ ആരംഭിക്കാൻ ഇരുവകുപ്പുകളോടും ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞു.
പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഓരോതവണയും തടസങ്ങൾ ഉണ്ടാകാറുണ്ട്. ഇവയിൽ നല്ലൊരു പങ്കും നീക്കം ചെയ്തത് ഇടതു ഭരണകാലത്തു മാത്രമാണ്.
കർഷകർക്കു പട്ടയം ലഭിക്കുന്നതിനുവേണ്ടി സുപ്രീംകോടതിവരെ പോകേണ്ടിവന്നിട്ടുണ്ട്. ഇത്തരം നയങ്ങൾ തന്നെ തുടരും. കോന്നിയിലെ അഞ്ച് വില്ലേജുകളിലും നൽകിയ പട്ടയം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ വനഭൂമിയാണെന്നു തഹസീൽദാർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. കഴിഞ്ഞ സർക്കാർ നൽകിയത് പട്ടയമായിരുന്നില്ലെന്നും വ്യാജരേഖയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കോന്നിയിൽ പട്ടയമേള നടന്നത്. ഇതിനെ വ്യാജരേഖയെന്നു മാത്രമേ വിളിക്കാനാകൂവെന്ന് ഉദയഭാനു അഭിപ്രായപ്പെട്ടു. റാന്നിയിൽ റവന്യു – വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കുശേഷമാണ് പട്ടയം നൽകിയത്. അവിടെ നൽകിയ പട്ടയങ്ങൾ ബാങ്കുകൾ അടക്കം അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ കോന്നിയിൽ നൽകിയത് 1858 വ്യാജരേഖകളാണ്. ഇത് ബാങ്കുകളിൽ സ്വീകാര്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആറന്മുളയിലെ വിമാനത്താവളത്തിനുവേണ്ടി നിർദേശിക്കപ്പെട്ട സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് പരിശോധിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
മിച്ചഭൂമി പ്രഖ്യാപനം എൽഡിഎഫ് സർക്കാർ നടത്തിയത് നല്ല ഉദ്ദേശ്യത്തിലാണ്. അതിനെ അട്ടിമറിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ തെക്കൻ മേഖല എൽഡിഎഫ് ജനജാഗ്രതാ യാത്രയുടെ ജില്ലാതല പര്യടനം പൂർത്തിയാക്കി.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയവത്കരണത്തിനും എതിരെയും സംസ്ഥാന സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചുമാണ് യാത്ര നടത്തിയത്.കോന്നിയിൽ നിന്നാരംഭിച്ച യാത്ര അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ പര്യടനം നടത്തി റാന്നിയിൽ സമാപിച്ചു. കാനം രാജന്ദ്രനെ കൂടാതെ എ. വിജയരാഘവൻ, ജോർജ് തോമസ്, ബാബു കാർത്തികേയൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, പി.എം. മാത്യു എന്നിവർ യാത്രയിൽ പങ്കെടുത്തു. ജില്ലാ നേതാക്കളായ കെ.പി. ഉദയഭാനു, എ.പി. ജയൻ, അലക്സ് കണ്ണമല, മാത്യൂസ് ജോർജ് തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.