മീസില്‍സ് രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടന്നുവരുന്ന മീസില്‍സ് -റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്ത്. ഒക്‌ടോബര്‍ 24 ലെ കണക്ക് പ്രകാരം ലക്ഷ്യത്തിന്റെ 78.45 ശതമാനം നേടിക്കൊണ്ട് പത്തനംതിട്ട ജില്ല ഒന്നാമതെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട കുത്തിവയ്പ് പൂര്‍ത്തിയായി. സ്‌കൂളില്‍ കുത്തിവയ്പ് എടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി വീണ്ടും കുത്തിവയ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇത്തരം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും പ്രതിരോധ കുത്തിവയ്പ് നേടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒമ്പത് മാസത്തിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 204384 കുട്ടികള്‍ക്കാണ് ജില്ലയില്‍ എംആര്‍ വാക്‌സിന്‍ നല്‍കേണ്ടത്. ഈ മാസം 24 വരെ 160334 പേര്‍ കുത്തിവയ്പ് എടുത്തു.
മീസില്‍സ് രോഗബാധ ഉണ്ടാകുന്നവര്‍ക്ക് രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയും. ഇതിന്റെ ഫലമായി ന്യൂമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനും മരണം തന്നെ സംഭവിക്കാനും സാധ്യതയുണ്ട്. റൂബെല്ല ബാധ കുട്ടികളിലും മുതിര്‍ന്നവരിലും മാരകമാകാറില്ല. എന്നാല്‍ ഗര്‍ഭ സമയത്ത് റൂബെല്ല രോഗം ബാധിച്ചാല്‍ നവജാതര്‍ക്ക് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയ തകരാറുകള്‍ എന്നിവ ഉണ്ടാകും. ഈ അവസ്ഥകള്‍ ഒഴിവാക്കുന്നതിനാണ് മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്. ഒരു ഡോസ് കുത്തിവയ്പിലൂടെ ആജീവനാന്ത പ്രതിരോധ ശേഷി ഈ രണ്ട് രോഗങ്ങള്‍ക്കെതിരെ നേടാന്‍കഴിയും. തെറ്റിദ്ധാരണയുടെ പേരിലോ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിച്ചോ കുട്ടികള്‍ക്ക് ഈ പ്രതിരോധ കുത്തിവയ്പ് ഇതുവരെ നല്‍കാന്‍ തയാറാകാത്ത മാതാപിതാക്കള്‍ യാഥാര്‍ഥ്യം മനസിലാക്കി കുത്തിവയ്പ് എടുക്കണം. മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന്‍ ജില്ലയില്‍ 100 ശതമാനമാക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അഭ്യര്‍ഥിച്ചു. ഈ കുത്തിവയ്പ് സംബന്ധിച്ച സംശയനിവാരണത്തിനായി ജില്ലാ ആര്‍സിഎച്ച് ഓഫീസറുടെ 8943341452 എന്ന നമ്പരില്‍ വിളിക്കാം.
വാക്‌സിനേഷന്റെ ഇപ്പോഴത്തെ നില (ഒക്‌ടോബര്‍ 24 ലെ കണക്ക് പ്രകാരം): ആരോഗ്യ ബ്ലോക്ക്, ആകെ കുട്ടികള്‍, കുത്തിവയ്പ് എടുത്തവര്‍, ശതമാനം, കുത്തിവയ്പ് എടുക്കാനുള്ളവര്‍ എന്ന ക്രമത്തില്‍. ഏനാദിമംഗലം-36517, 27787, 76.09, 8730. കോന്നി- 25101, 18889, 75.25, 6212. തുമ്പമണ്‍- 13202, 9195, 69.65, 4007. ഇലന്തൂര്‍- 16371, 14026, 85.68, 2345. വെച്ചൂച്ചിറ- 28007, 22582, 80.63, 5425. കാഞ്ഞീറ്റുകര- 7058, 5769, 81.74, 1289. എഴുമറ്റൂര്‍- 9540, 7281, 76.32, 2259. വല്ലന – 7246, 6025, 83.15, 1221. കുന്നന്താനം – 18212, 15478, 84.99, 2734. ചാത്തങ്കേരി – 17256, 13902, 80.56, 3354.
ജില്ലയിലെ പ്രധാന ആശുപത്രികളുമായി ബന്ധപ്പെട്ട പിപി യൂണിറ്റുകളുടെ പരിധിയിലെ വാക്‌സിനേഷന്റെ കണക്ക്. ജി.എച്ച് പത്തനംതിട്ട – 9628, 5913, 61.41, 3715. ജി.എച്ച്.അടൂര്‍- 3775, 3622, 95.95, 153. കോഴഞ്ചേരി ജില്ലാ ആശുപത്രി – 709, 1090, 153.74, 0. തിരുവല്ല താലൂക്ക് ആശുപത്രി – 11762, 8775, 74.60, 2987.