Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പ് (11/11/2022)

ജലജീവന്‍ : പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ആറന്മുള പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി കോഴിപ്പാലം മുതല്‍ കോട്ട വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ എന്‍.രമാദേവി, അംഗങ്ങളായ ജയ വേണുഗോപാല്‍, ജോസ് തോമസ്, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നെയ്ത്ത് പരിശീലനം
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2362070, 9447 249 327.

 

കേരളോത്സവം 18,19,20 തീയതികളില്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 18,19, 20 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നവംബര്‍ 16നുളളില്‍ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ : 9846 577 115.

കേരളോത്സവം; സംഘാടക സമിതി യോഗം 16ന്
ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ഈ മാസം 16ന് വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കൊക്കോ കൃഷി പരിശീലനം
ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും, സിപിസിആര്‍ഐ കായംകുളത്തിന്റെയും ആഭിമുഖ്യത്തില്‍ തെങ്ങിന് ഇടവിളയായി കൊക്കോ കൃഷി എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 15ന് രാവിലെ 9.30ന് നടക്കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 14ന് വൈകിട്ട് മൂന്നിന് മുന്‍പായി 8078 572 094 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

മഹത്തായ മണ്ഡല കാലം ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണൻ 
വിവാദമുണ്ടാക്കുകയല്ല മഹത്തായ മണ്ഡലകാലം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറിയ വിവാദം പോലും ഉണ്ടാവാത്ത ഒരു മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നത്. അതിനായി വകുപ്പുകൾ എല്ലാം തന്നെ മികച്ച പ്രവർത്തനം നടത്തണം. ആരോഗ്യ വകുപ്പിൽ വിവിധ ഭാഷകൾ അറിയാവുന്ന അരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തണം. ഭക്തർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമുള്ള സംവിധാനം ഒരുക്കണം. ഫയർഫോഴ്സിനോടൊപ്പം സിവിൽ ഡിഫൻസ് ടീമിനെ ഇത്തവണ പന്തളത്ത് ഉപയോഗിക്കണം. എല്ലാ വകുപ്പുകളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. മണ്ഡലകാലത്ത് യൂണിഫോം ഫോഴ്സിന് വലിയ ഉത്തരവാദിത്വമാണുള്ളത്.മികച്ച രീതിയിലുള്ള ഇടപെടലുകൾ വകുപ്പുകളിൽ നിന്നുണ്ടാവണം. മോട്ടോർ വാഹന വകുപ്പ് പന്തളത്ത് രണ്ട് സ്ക്വാഡുകളെ പട്രോളിംഗിനായി നിയോഗിച്ചിട്ടുണ്ട്. 80 പേരുള്ള പോലീസ് സംഘമാണ് പന്തളത്ത് ഉണ്ടാവുക. രണ്ട് പോലീസ് എയ്ഡ് പോസ്റ്റുകളും പന്തളത്തുണ്ടാവും. വലിയകോയിക്കൽ ക്ഷേത്രത്തോട് ചേർന്ന് ആരോഗ്യ വകുപ്പിൻ്റെ താൽക്കാലിക ഡിസ്പൻസറി പ്രവർത്തിക്കും. പന്തളത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സ്പെഷ്യൽ സർവീസ് നടത്തും.
മണികണ്ഠൻ ആൽത്തറയിൽ താൽക്കാലിക ബസ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ട്രോമ കെയർ സംവിധാനം പ്രവർത്തന സജ്ജമാകുവാൻ നാല് നഴ്സിംഗ് സ്റ്റാഫിനേയും, നാല് സ്വീപ്പർ മാരേയും നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.  ജില്ലാ കളക്ടറുടേയും, ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ഇടപെടൽ ഇതിനായി ഉണ്ടാവണം. തീർത്ഥാടന കാലം മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പന്തളത്തു നടന്നു വരുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് , ജലസേചന വകുപ്പ് എന്നിവർ യോഗത്തിൽ പങ്കെടുക്കാഞ്ഞത് പരിശോധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
പന്തളത്ത് 30 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ആയിരം വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ അയ്യപ്പൻ്റെ പൂങ്കാവനം ശുചിത്വമാക്കുവാൻ എത്തിയിട്ടുള്ളത്. വകുപ്പുതല പ്രവർത്തനങ്ങൾ എല്ലാം തന്നെ അവസാന ഘട്ടത്തിലാണെന്നും കളക്ടർ പറഞ്ഞു.
ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ പറഞ്ഞു. പതിമൂന്ന് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇതിനായി തുറന്നിട്ടുണ്ട്. നിലയ്ക്കൽ മാത്രം ബുക്കിംഗിന് പത്ത് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. ദർശനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ പന്തളത്ത് ഒരുക്കണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ദീപാവർമ്മ പറഞ്ഞു. വിവിധ ഭാഷകൾ അറിയുന്നവരെ അതിനായി നിയമിക്കണം. കൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പന്തളംനഗരസഭ ചെയർപേഴ്സൺ സുശീലാ സന്തോഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, ചെയർപേഴ്സൺ കെ.സീന, കൗൺസിലർ പി.കെ.പുഷ്പലത, ദേവസ്വം ചീഫ് എഞ്ചിനീയർ ആർ.അജിത് കുമാർ, അടൂർ ഡിവൈഎസ് പി ആർ.ബിനു, ദേവസ്വം ബോർഡ് അഡീഷണൽ സെക്രട്ടറി ടി.ആർ. ജയപാൽ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ് പ്രകാശ്, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സര്‍വേയര്‍ അഭിമുഖം നവംബര്‍ 15 നും 16 നും
സര്‍വേയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വേ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്നതും തിരുവല്ല താലൂക്ക് പുളിക്കീഴ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റി വെച്ചിരുന്നതുമായ അഭിമുഖം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 15, 16 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് പത്തനംതിട്ട സര്‍വേ റേഞ്ച് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 209.

വിദ്യാകിരണം പദ്ധതി
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുളള മാതാപിതാക്കളുടെ (രണ്ടു പേരും / അല്ലെങ്കില്‍ ഒരാള്‍) ഗവ. എയ്ഡഡ് സ്‌കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് നവംബര്‍ 15 വരെ സമയം നീട്ടി. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം സുനീതി ഓണ്‍ലൈന്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചിട്ടുളളവര്‍ക്കും അപേക്ഷിക്കാം.

ക്വട്ടേഷന്‍
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്ഡി ക്വാളിറ്റിയില്‍ അഞ്ച് മിനിട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്റേഷന്‍ വീഡിയോയും ബോധവല്‍ക്കരണ വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഈ മാസം 16ന് വൈകുന്നേരം നാലിന് മുന്‍പായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.

പത്തനംതിട്ട ജില്ലയും ലോകകപ്പ് ആരവത്തില്‍;വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
ലോകം ഉറ്റ് നോക്കുന്ന കാല്‍പന്ത് കളിക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പത്തനംതിട്ട ജില്ലയിലും ഫുട്ബാള്‍ ലോകകപ്പിന്റെ ആരവം ഉയര്‍ന്നു തുടങ്ങി. ലോകകപ്പ് ഫുട്ബാള്‍ മേളയുടെ പ്രചരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ മത്സരത്തിന് ഇന്ന് (11) ജില്ലയില്‍ തുടക്കമാകും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വണ്‍ മില്യണ്‍ ഗോളിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍, കായിക അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ വണ്‍ മില്യന്‍ ഗോളില്‍ പങ്കാളികളാകും. ഇന്ന് (11) തുടങ്ങുന്ന വണ്‍ മില്യണ്‍ ഗോള്‍ മത്സരം ഈ മാസം 21 ന് സമാപിക്കും. ഗോള്‍ അടിക്കുന്നതിന് വേണ്ടി 71 കേന്ദ്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഗോള്‍നിറയ്ക്കല്‍ മത്സരങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനികുമാര്‍ അറിയിച്ചു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഗോളടിമത്സരത്തില്‍ പങ്കാളിയാകാം. ഈ മാസം 20 ന് ശബരിമല തീര്‍ഥാടകര്‍ക്ക് പങ്കാളിയാകാന്‍ പമ്പയിലും ഗോള്‍ വല സജ്ജമാക്കുന്നുണ്ട്.
ആദിവാസി മേഖലകളായ അട്ടത്തോട്, ളാഹ, പുനരധിവാസ മേഖലയായ ഗവി എന്നിവിടങ്ങളില്‍ ഗോള്‍ വല ഒരുക്കും. മുന്‍ ദേശീയ ഫുട്ബാള്‍ താരം കെ.റ്റി. ചാക്കോ ആണ് പത്തനംതിട്ട ജില്ലയുടെ അംബാസിഡര്‍. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെ ഭാഗമായി പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് ക്വിസ് മത്സരവും ലോകകപ്പ് വിജയികള്‍ക്കായുള്ള പ്രവചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ഗോളടി മത്സരത്തിന്റെ ഭാഗമായി മത്സരം നടക്കുന്ന ഒരോ കേന്ദ്രത്തിനും രണ്ട് ബോളുകള്‍ വീതം നല്‍കുമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കായികപരിശീലകരെ ചുമതല പ്പെടുത്തിയതായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ  ശിലാസ്ഥാപനം ഇന്ന് (11)

പത്തനംതിട്ട ജില്ലാ ഭക്ഷ്യ പരിശോധന ലാബിന്റെ ശിലാസ്ഥാപനം ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് 12ന് അണ്ണായിപ്പാറയില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിക്കും.
ജനങ്ങള്‍ക്ക് സുരക്ഷിതാഹാരം ലഭ്യമാക്കുന്നതിലേക്കും അതുറപ്പ് വരുത്തുന്നതിലേക്കുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബ് നിര്‍മിക്കുന്നത്. ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന് സ്ഥിരമായ കെട്ടിടമാണിവിടെ നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജെറി അലക്സ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.