Trending Now

പഞ്ചായത്ത് അംഗവുമായി വാക്കേറ്റം, അന്വേഷിക്കാനെത്തിയ പോലീസിനുനേരെ കയ്യേറ്റം, ആക്രമണം : രണ്ട് യുവാക്കൾ പിടിയിൽ

 

പത്തനംതിട്ട : സുഹൃത്തിന് വായ്പ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പോലീസിന് നേരേ കയ്യേറ്റവും ആക്രമണവും, രണ്ട് യുവാക്കൾ അറസ്റ്റിൽ.

കലഞ്ഞൂർ കുടുത്ത അമ്പലത്തിനു സമീപം ഞായർ വൈകിട്ട് 4 മണിക്കാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാം വാർഡ് അംഗം രമ സുരേഷിന് നേരേ തട്ടിക്കയറുകയും, പോലീസിനെ ആക്രമിക്കുകയും ചെയ്ത കലഞ്ഞൂർ സന്തോഷ്‌ ഭവൻ വീട്ടിൽ ദിലീപിന്റെ മകൻ അർജുൻ(19),
കലഞ്ഞൂർ മൂലശ്ശേരിൽ രാജന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന ആകാശ് (19) എന്നിവരെയാണ് കൂടൽ പോലീസ് പിടികൂടിയത്.

 

പഞ്ചായത്ത് അംഗം കുടുംബശ്രീ മീറ്റിങ്ങിനു എത്തിയപ്പോഴാണ് യുവാക്കൾ വാക്കുതർക്കത്തിൽ
ഏർപ്പെട്ടത്. സുഹൃത്ത് അർജുന് ലോൺ തരപ്പെടുത്തി കൊടുക്കാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ടാണ് ആകാശ് തട്ടിക്കയറിയത്. ഉടനെ വിവരം മെമ്പർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പാർട്ടിയുമായി യുവാക്കൾ തർക്കമുണ്ടാകുകയും, തുടർന്ന് കയ്യേറ്റത്തിനും ബലപ്രയോഗത്തിനും ആക്രമണത്തിനും മുതിരുകയുമായിരുന്നു. രണ്ടാം പ്രതി ആകാശ്, സി പി ഒ രതീഷ് കുമാറിന്റെ കുത്തിനു പിടിച്ച് ഭീഷണിപ്പെടുത്തുകയും, ഇടതുകൈത്തണ്ടയിൽ പിടിച്ചുതിരിക്കുകയും, നെഞ്ചിൽ പിടിച്ചുതള്ളി യൂണിഫോം ഷർട്ട് വലിച്ചുകീറുകയും ബട്ടൺ പൊട്ടിക്കുകയും ചെയ്തു.ഒന്നാം പ്രതി അർജുൻ ചീത്തവിളിച്ചുകൊണ്ട് രതീഷിനെയും കൂടെയുള്ള പോലീസുദ്യോഗസ്ഥനെയും ഉപദ്രവിക്കാൻ ശ്രമിച്ചു.

ആകാശ് രാജ് ബാംഗ്ലൂരിൽ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്. രതീഷിന്റെ മൊഴിപ്രകാരം
പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം
ഏൽപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ ദിജേഷിന്റെ നേതൃത്വത്തിൽ വളരെ പണിപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഘത്തിൽ എ എസ് ഐ ദേവകുമാർ, എസ് സി പി ഒ വിൻസെന്റ് സുനിൽ, സി പി ഒ
രതീഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.